തിരുവനന്തപുരം: നവംബർ ഒന്നിന് സ്കൂൾ തുറക്കുമ്പോൾ കോവിഡ് പകർച്ച പ്രതിരോധിക്കുംവിധം കുട്ടികളെ ‘ബയോ ബബിൾ’ രീതിയിൽ സംരക്ഷിക്കും. ക്ലാസുകൾ ഉച്ചവരെയാക്കുന്നതും ഒരു കുട്ടിക്ക് ആഴ്ചയിൽ മൂന്നുദിവസം ക്ലാസ് ലഭിക്കുന്നരീതിയിൽ ക്രമീകരിക്കുന്നതും പരിഗണിക്കുന്നുണ്ട്.

ചുറ്റുപാടുകളിൽനിന്ന് രോഗം പകരാതിരിക്കാനുള്ള സുരക്ഷിതത്വം ഒരുക്കലാണ് ബയോ ബബിൾ സംവിധാനം. സമ്പർക്ക സാധ്യതകൾ പരമാവധി കുറയ്ക്കുകയാണു ലക്ഷ്യം. രക്ഷിതാക്കളും കുട്ടികളുമായി ഇടപഴകുന്ന ബന്ധുക്കളും അധ്യാപകർ അടക്കമുള്ള സ്കൂൾ ജീവനക്കാരും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചുവെന്ന് ഉറപ്പാക്കും.

ഇതുസംബന്ധിച്ച വിശദമായ റിപ്പോർട്ട് തയ്യാറാക്കാൻ സെക്രട്ടറിതല സമിതിയെ ചുമതലപ്പെടുത്താൻ മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖൊബ്രഗഡെ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു എന്നിവരാണ് സമിതിയിലുള്ളത്.

പൊതുവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾക്കു പുറമേ ഗതാഗതം, തദ്ദേശഭരണം, മരാമത്ത് വകുപ്പുകളുമായും ചർച്ച നടത്തിയാകും മാർഗരേഖയ്ക്ക് അന്തിമരൂപം നൽകുക.

എല്ലാ കുട്ടികളെയും ഒന്നിച്ച് സ്കൂളിലേക്ക് വിളിച്ചുവരുത്തുന്നതു ശരിയല്ല, സ്കൂളിലെത്തുന്ന കുട്ടികൾക്ക് നൽകുന്ന ക്ലാസുകൾ ഓൺലൈനായി വീട്ടിലിരിക്കുന്ന കുട്ടികൾക്കും ലഭ്യമാക്കണം, പിന്നീട് നേരിട്ട് സംശയനിവാരണത്തിന് സൗകര്യമൊരുക്കണം എന്നതാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസ് ക്രമീകരിക്കുമ്പോൾ ഒരേ ക്ലാസ്‌തന്നെ ആവർത്തിച്ച് പഠിപ്പിക്കേണ്ടിവരുമെന്ന് വിദ്യാഭ്യാസവകുപ്പും ചൂണ്ടിക്കാട്ടുന്നു. ഇതിനു പരിഹാരമായാണ് ഓൺലൈൻ ക്ലാസ് തുടരുന്ന കാര്യം പരിഗണിക്കുന്നത്.

സ്കൂൾ തുറക്കലിനു മുന്നോടിയായി അധ്യാപക, യുവജന, വിദ്യാർഥി സംഘടനകളുമായും ചർച്ച നടത്തും. ഷിഫ്റ്റ് സമ്പ്രദായത്തിലാണ് ക്ലാസ് എങ്കിൽ ഇത് എങ്ങനെ ക്രമീകരിക്കാമെന്ന കാര്യത്തിലും സെക്രട്ടറിതല സമിതി റിപ്പോർട്ട് സമർപ്പിക്കും.

സ്കൂൾവാഹനങ്ങളിൽ എത്ര കുട്ടികളെ പ്രവേശിപ്പിക്കണം, ഒരു െബഞ്ചിൽ എത്ര കുട്ടികൾക്ക് ഇരിക്കാം, സ്കൂൾ ഉച്ചഭക്ഷണ പരിപാടി, മാസ്‌ക്, സാനിറ്റൈസർ ഉപയോഗം, ശൗചാലയങ്ങൾ അടക്കം സ്കൂൾ സൗകര്യങ്ങളുടെ ഉപയോഗപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ചും മാർഗരേഖ തയ്യാറാക്കാൻ സമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങളുള്ള തദ്ദേശസ്ഥാപന വാർഡുകളിൽ എന്തു സമീപനം സ്വീകരിക്കാം എന്നതടക്കമുള്ള കാര്യങ്ങളും ആലോചിക്കും. സെക്രട്ടറിമാരുടെ റിപ്പോർട്ട് ലഭിച്ചശേഷം മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രിമാർ പറഞ്ഞു.

ഒന്നുമുതൽ എഴുവരെയുള്ള ക്ലാസുകളും 10, 12 ക്ലാസുകളുമാണ് നവംബർ ഒന്നിനു തുടങ്ങാൻ ആലോചിച്ചിട്ടുള്ളത്.