തിരുവനന്തപുരം: ജയിൽമോചിതനായ ബിനീഷ് കോടിയേരി തിരുവനന്തപുരം മരുതുംകുഴിയിലെ വീട്ടിലെത്തി. അച്ഛനും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ മകനെ കെട്ടിപ്പിടിച്ചാണ് സ്വീകരിച്ചത്. അമ്മ വിനോദിനിയും മകനെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഞായറാഴ്ച 11 മണിയോടെ വീട്ടിലെത്തിയ ബിനീഷിനെ സ്വീകരിക്കാനായി ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം കാത്തുനിന്നിരുന്നു. ഒരുവർഷംമുൻപ് ഇതേവീട്ടിൽ വെച്ചാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബിനീഷിന്റെ കുടുംബാംഗങ്ങളെ ചോദ്യംചെയ്തത്.

ബെംഗളൂരുവിലെ പരപ്പന അഗ്രഹാരജയിലിൽനിന്ന് ശനിയാഴ്ച രാത്രി എട്ടുമണിയോടെ മോചിതനായ ബിനീഷ് ഞായറാഴ്ച രാവിലെ 10.30-ഓടെയാണ് തലസ്ഥാനത്ത് എത്തിയത്. സഹോദരൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടായിരുന്നു. വിമാനത്താവളത്തിൽ സുഹൃത്തുക്കൾ ബിനീഷിനെ പൂമാലയണിയിച്ച് സ്വീകരിച്ചു. ഒട്ടേറെ പ്രമുഖ രാഷ്ട്രീയനേതാക്കളും ബിനീഷിനെ സന്ദർശിക്കാൻ വീട്ടിലെത്തി.

പറയാനുള്ളതെല്ലാം പറയും -ബിനീഷ്

ഭീഷണിക്ക്‌ വഴങ്ങിക്കൊടുക്കാത്തതിന്റെ പേരിലുണ്ടായ കേസാണിത്. സത്യത്തെ കള്ളമാക്കാൻ പറ്റും. പക്ഷേ, കാലം എന്നൊന്ന് ഉണ്ടല്ലോ. അത് സത്യത്തോടുചേർന്നുനിൽക്കും. ഇപ്പോൾ നന്ദി പറയാനുള്ളത് കോടതിയോടാണ്. തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പറയാനുള്ളതെല്ലാം കൃത്യമായി പറയും. -ബിനീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.