തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് അധികമുള്ള ജീവനക്കാരെ ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി. വഴിതേടുന്നു. അവസാനം നിയമനം നേടിയവർ ഉൾപ്പെടെ അയ്യായിരത്തോളം ജീവനക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കും. ഒഴിവാക്കാനോ, പുനർവിന്യസിക്കാനോ കഴിയുന്നില്ലെങ്കിൽ അധികമുള്ള ജീവനക്കാർക്ക് പകുതി ശമ്പളം കൊടുത്ത്‌ ഒരുവർഷം മുതൽ അഞ്ചുവർഷം വരെയുള്ള ദീർഘകാല അവധി നൽകുന്നതും പരിഗണനയിലുണ്ട്.

ശമ്പളം നൽകാൻ പണമില്ലാത്തതാണ് സ്ഥാപനത്തെ വലയ്ക്കുന്നത്. 100 കോടി രൂപ എല്ലാമാസവും സർക്കാരിൽനിന്ന്‌ കടം വാങ്ങേണ്ട അവസ്ഥയാണ്. കോവിഡിനെത്തുടർന്ന്, 4800 ബസുകൾ ഓടിയിരുന്നത് 3300-ൽ താഴെയായി കുറഞ്ഞു. ചെലവ് കുറയ്ക്കാതെ മുന്നോട്ടുപോകാനാകാത്ത സാഹചര്യമാണെന്ന് കെ.എസ്.ആർ.ടി.സി. സി.എം.ഡി. ബിജുപ്രഭാകർ തൊഴിലാളിസംഘടനകളെ അറിയിച്ചു.

ഓരോ യൂണിറ്റിലുമുള്ള ഡീസൽ ചെലവ് കിട്ടാത്ത ട്രിപ്പുകൾ കുറയ്ക്കാനുള്ള നിർദേശം യൂണിറ്റ് ഓഫീസർമാർക്ക് നൽകി.