കല്പറ്റ: മാതൃഭാവത്തിന് നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തേകിയ ഭവാനി (75) തന്നെ കണ്ണീര്‍ക്കടലിലാഴ്ത്തി കടന്നുപോയ കണ്ണന്റെ ലോകത്തേക്ക് യാത്രയായി. 62-ാം വയസ്സിലെ മാതൃത്വമായിരുന്നു ഭവാനിയെ ആദ്യം വാര്‍ത്തകളിലെത്തിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, ആ കുരുന്നിന്റെ ദാരുണമരണവും. ഒറ്റപ്പെടലിന്റെ ദുരന്തകാലവും പിന്നിട്ടാണ് ഭവാനി ഈ ലോകം വിട്ടുപോയത്.

വന്ധ്യതാചികിത്സയായ ഐ.വി.എഫിലൂടെ ഗര്‍ഭിണിയായ ഇവര്‍ 2004 ഏപ്രില്‍ 12-നാണ് കുഞ്ഞിന് ജന്മമേകിയത്. എന്നാല്‍ തീരാവേദന സമ്മാനിച്ച് മകന്‍ കണ്ണന്‍ (സായി സൂരജ്) രണ്ടുവയസ്സു തികയും മുമ്പേ 2006 ഫെബ്രുവരി 11-ന് ബക്കറ്റിലെ വെള്ളത്തില്‍വീണ് മരിച്ചു.

അന്ത്യകാലം ചിലവിട്ട വയനാട് പിണങ്ങോട് പീസ് വില്ലേജ് വൃദസദനത്തില്‍ തന്നെയായിരുന്നു ഭവാനിയുടെ മരണവും. കടുത്ത പ്രമേഹവും ഹൃദ്രോഗവും പക്ഷാഘാതത്തിന്റെ അസ്വസ്ഥതകളുമായി 18 ദിവസമായി ഇവര്‍ സ്വകാര്യാസ്​പത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. പീസ് വില്ലേജ് ഹോം അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സഹോദരിയുടെ പുത്രനെത്തി സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്തു.

മൂവാറ്റുപുഴ ആസാദ് റോഡ് കരുണാനിവാസില്‍ ഭവാനിയമ്മയുടെ (ബേബിടീച്ചര്‍) ജീവിതം എന്നും കയ്‌പേറിയതായിരുന്നു. രണ്ടു വിവാഹങ്ങളും 40 വര്‍ഷത്തിലേറെ നീണ്ട ദാമ്പത്യവുമുണ്ടായിരുന്നെങ്കിലും അമ്മയാകാനായില്ല.

ആദ്യവിവാഹം 18-ാം വയസ്സില്‍. 22 വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ ഭര്‍ത്താവ് മരിച്ചു. തുടര്‍ന്ന് രണ്ടാംവിവാഹം. അതിലും കുട്ടിയുണ്ടാകാതായതോടെ ഭര്‍ത്താവിനെക്കൊണ്ട് ഇവര്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിപ്പിച്ചു. രണ്ടാം ദാമ്പത്യത്തില്‍ കുഞ്ഞുണ്ടായതോടെ ഭര്‍ത്താവ് ഭവാനിയെ ഉപേക്ഷിച്ചു. ഇതോടെയാണ് സ്വന്തമായി കുഞ്ഞുവേണമെന്ന തീരുമാനം ഭവാനിയെടുക്കുന്നത്.

ആര്‍ത്തവവിരാമത്തിന് ശേഷമാണ് തിരുവനന്തപുരത്തെ സ്വകാര്യ ആസ്​പത്രിയില്‍ നിന്നും ഡോ. സതിപിള്ളയുടെ ചികിത്സയില്‍ ഐ.വി.എഫ്. വഴി കൃത്രിമ ഗര്‍ഭധാരണം നടന്നത്. കുഞ്ഞ് പിറന്നത് വൈദ്യശാസ്ത്രരംഗത്തെയും വലിയ മുന്നേറ്റങ്ങളിലൊന്നായിരുന്നു.

കണ്ണന്റെ മരണം ഇവരെ ആകെ തളര്‍ത്തി. 68-ാം വയസ്സിലും അവര്‍ ഐ.വി.എഫ്. മുഖേന ഗര്‍ഭിണിയാകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതേത്തുടര്‍ന്നാണ് നാടുപേക്ഷിച്ച് വയനാട്ടില്‍ സ്ഥിരതാമസമാക്കാനെത്തിയത്. അഞ്ചുവര്‍ഷമായി മാനന്തവാടി എരുമത്തെരുവിലെ വാടകക്കെട്ടിടത്തിലായിരുന്നു താമസം. സ്വകാര്യസ്ഥാപനങ്ങളില്‍ ട്യൂഷനെടുത്തായിരുന്നു ജീവിച്ചിരുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ സുഹൃത്തിന്റെ വീട്ടില്‍വെച്ച് പക്ഷാഘാതം വന്ന് തളര്‍ന്നുവീണു. മാനന്തവാടി ഗവ. ആസ്​പത്രിയിലെ ചികിത്സയ്ക്കുശേഷം ആര്‍.ഡി.ഒ. ഇടപെട്ട് പീസ് വില്ലേജില്‍ എത്തി. അടുത്ത ജന്മത്തിലെങ്കിലും അമ്മയാകണമെന്ന മോഹമാണ് പീസ് വില്ലേജിലെത്തുന്നവരോടും ഭവാനി പങ്കുവെച്ചിരുന്നത്.