ഷൊറണൂര്‍: മണലെടുപ്പുകാരണം പുഴയുടെ മേല്‍ത്തട്ട് കടലിനേക്കാള്‍ താഴ്ന്നതിനാല്‍, അറബിക്കടലിലെ വെള്ളം ഭാരതപ്പുഴയിലേക്ക് കയറുന്നു. ചില കടല്‍മത്സ്യങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ സാന്നിധ്യം ഒറ്റപ്പാലംവരെ കണ്ടെത്തിയതായി പഠനം.

കേരള സര്‍വകലാശാലയിലെ അക്വാറ്റിക് ബയോളജി ആന്‍ഡ് ഫിഷറീസ് വിഭാഗം മേധാവി ഡോ.എ. ബിജുകുമാറിന്റെ പഠനത്തിലാണ് കണ്ടെത്തല്‍. സ്രാവ്, പാര, ചെമ്പല്ലി തുടങ്ങിയ 20- ഓളം കടല്‍മത്സ്യങ്ങളെ പുഴയില്‍ കണ്ടെത്തി. പാരയും ചെമ്പല്ലിയും ഒറ്റപ്പാലം ഭാഗംവരെ എത്തി.

പൊന്നാനി അഴിമുഖം മുതല്‍ കുറ്റിപ്പുറംവരെ കടല്‍ കയറിയിട്ടുണ്ടെന്ന് ഉപ്പുവെള്ളത്തിന്റെ സാന്നിധ്യത്തില്‍നിന്ന് വ്യക്തമാകുന്നതെന്ന് 2000 മുതല്‍ 2010-വരെ രണ്ട് തവണയായി നടത്തിയ പഠനം പറയുന്നു. തൃത്താല, പട്ടാമ്പി, ഒറ്റപ്പാലം മേഖലകളില്‍ രണ്ട് മീറ്ററോളം പുഴ താഴ്ന്നു. പുഴയുടെ മണല്‍ത്തട്ട് താഴ്ന്നതോടെ പുഴയിലെ വെള്ളം വേഗത്തില്‍ കുത്തിയൊഴുകി കടലിലെത്തി വരള്‍ച്ചക്ക് കാരണമാകുന്നതായും റിപ്പോര്‍ട്ടിലുണ്ട്.

ഏറ്റവും വലിയ പുഴകളിലൊന്നായ ഭാരതപ്പുഴയില്‍നിന്ന് മണലെടുക്കാന്‍ അനുവദിക്കുന്നതിനേക്കാള്‍ പത്തിരട്ടിയിലധികമായിരുന്നു ഈ സമയങ്ങളിലെ മണല്‍ കടത്ത്. ഉപ്പുവെള്ളത്തിന്റെ സാന്നിധ്യം പാലക്കാട് ജില്ലയ്ക്ക് ഉണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ലെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ പറഞ്ഞു. ഭാരതപ്പുഴയുടെ മണലെടുപ്പ് ഉണ്ടാക്കിയ പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേകിച്ച് വഴികളില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.