തിരുവനന്തപുരം: ബിവറേജസ്, സപ്ലൈകോ മദ്യവിൽപ്പന കേന്ദ്രങ്ങളുടെ പ്രവർത്തനം രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെയാക്കി. രാവിലെ പത്തുമുതൽ രാത്രി ഒമ്പതുവരെയാണ് മുമ്പ് ഷോപ്പുകൾ പ്രവർത്തിച്ചിരുന്നത്.
മദ്യശാലകളുടെ പ്രവർത്തനത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ക്യൂവിൽ അനുവദനീയമായതിൽ കൂടുതൽ ആളുകളുണ്ടെങ്കിൽ പിരിച്ചുവിടാൻ പോലീസിന്റെ സഹായം തേടണം. കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയോഗിക്കണം. തിരക്ക് ഒഴിവാക്കാൻ കൂടുതൽ കൗണ്ടറുകൾ തുറക്കാനും ഇതിനാവശ്യമായ താത്കാലിക ജീവനക്കാരെ നിയോഗിക്കാനും അനുമതി നൽകി. വിരമിച്ച ജീവനക്കാരെ തിരിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
‘കിളി’വാതിൽ വിൽപ്പനയ്ക്ക് ബാറുടമകൾ
: ബാറുകളിൽ മദ്യം പാഴ്സലായി വിൽക്കാൻ അനുമതി തേടി ബാറുടമകളുടെ സംഘടനകൾ സർക്കാരിനെ സമീപിച്ചു. സർക്കാരും ഇതിന് അനുകൂലമാണ്. അടുത്തദിവസം തീരുമാനമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു.
വിദേശമദ്യവിൽപ്പന ചട്ടത്തിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. ഇതിന് മന്ത്രിസഭാ തീരുമാനം വേണം. ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ചട്ടം ഭേദഗതി പരിഗണിച്ചേക്കും.
കൗണ്ടറുകളിലൂടെ മദ്യം വിൽക്കാൻ ചില ബാറുകാർ ചൊവ്വാഴ്ച ശ്രമിച്ചെങ്കിലും എക്സൈസ് തടഞ്ഞു. പരിശോധന കർശനമാക്കാനും മദ്യം വിൽക്കുന്ന ബാറുകൾക്കെതിരേ കേസെടുക്കാനും എക്സൈസ് കമ്മിഷണർ എസ്. ആനന്തകൃഷ്ണൻ നിർദേശം നൽകി.