കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ തിരക്കുകുറയ്ക്കാൻ 175 പുതിയ ഷോപ്പുകൾ ആരംഭിക്കാൻ ബിവറേജസ്‌ കോർപ്പറേഷൻ അനുമതി തേടിയതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ബിവറേജസ്‌ കോർപ്പറേഷന്റെ ശുപാർശയിൽ സർക്കാർ എക്സൈസ് കമ്മിഷണറുടെ അഭിപ്രായം ആരാഞ്ഞിട്ടുണ്ട്. മദ്യശാലയ്ക്ക് മുന്നിലെ തിക്കുംതിരക്കും നിയന്ത്രിക്കാൻ സൗകര്യമൊരുക്കണമെന്ന ഹൈക്കോടതിയുടെ 2017-ലെ ഉത്തരവ് നടപ്പാക്കിയില്ലെന്ന കോടതിയലക്ഷ്യ ഹർജിയിലാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് വിഷയം പരിഗണിക്കുന്നത്.

ബെവ്‌കോയുടെയും കൺസ്യൂമർഫെഡിന്റെയും കീഴിലായി 306 ഇന്ത്യൻ നിർമിത വിദേശമദ്യഷോപ്പുകളാണ് കേരളത്തിലുള്ളത്. ഒരുഷോപ്പിൽ ദിവസം ശരാശരി 1,12,745 പേർ എത്തുന്ന സ്ഥിതിയാണ്. തമിഴ്‌നാട്ടിൽ 6320 മദ്യഷോപ്പുകളുണ്ട്. അവിടെ ഒരുഷോപ്പിലെത്തുന്ന ശരാശരി ആളുകളുടെ എണ്ണം 12,705 ആണെന്നും സർക്കാർ കോടതിയെ അറിയിച്ചു.

സംസ്ഥാനത്തെ 96 മദ്യഷോപ്പുകളിൽ വാക്ക് ഇൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സീനിയർ ഗവൺമെന്റ് പ്ലീഡർ എസ്. കണ്ണൻ അറിയിച്ചു. മുമ്പത്തെക്കാൾ മാറ്റമുണ്ടെങ്കിലും കൂടുതൽ നടപടി വേണമെന്ന് കോടതി അഭിപ്രായപ്പെട്ടു. മദ്യഷോപ്പുകൾക്ക് മുന്നിലെ നീണ്ടവരി സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി ഇപ്പോഴും കോടതിക്ക് ആളുകൾ കത്തയക്കുന്നുണ്ട്. പള്ളുരുത്തി സ്വദേശി അയച്ച ഇത്തരമൊരു കത്ത് കോടതി സർക്കാരിന് കൈമാറി. മദ്യശാലയ്ക്കുമുന്നിലെ വരി കുട്ടികൾക്ക് തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന ആശങ്ക രക്ഷിതാക്കൾക്കുണ്ട്. ഇത് ലളിതമായി കാണാനാകില്ലെന്ന് അഭിപ്രായപ്പെട്ട കോടതിവിഷയം നവംബർ 23-ന് പരിഗണിക്കാൻമാറ്റി. എന്തെല്ലാം നടപടികൾ സ്വീകരിച്ചെന്ന് അന്ന് അറിയിക്കണമെന്നും സർക്കാരിനോട് നിർദേശിച്ചു.