കോട്ടയം: അർബുദരോഗികളുടെ ചികിത്സയിലും പരിചരണത്തിലും ഏറെ കരുതലുണ്ടായിരുന്നു കാലംചെയ്ത മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയ്ക്ക്. സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവരോടുള്ള ആ കരുതലിന്റെ പ്രകടമായ ഉദാഹരണമാണ് പരുമലയിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സെന്റ് ഗ്രിഗോറിയോസ് ഇന്റർനാഷണൽ കാൻസർ ചികിത്സാകേന്ദ്രം. നൂറു കോടിയിലേറെ രൂപയാണ് ഇതിനായി ചെലവഴിച്ചത്. ബാവയുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു ഇതിന്റെ പ്രവർത്തനങ്ങൾ.

കാൻസർ രോഗികൾക്കായി സ്നേഹസ്പർശമെന്ന പേരിൽ പ്രത്യേക കാരുണ്യപദ്ധതിയും ബാവ മുൻകൈയെടുത്ത് നടപ്പാക്കിയതാണ്. ഈ പദ്ധതിയിലൂടെ വർഷംതോറും നൂറുകണക്കിന് നിർധന രോഗികൾക്ക് ചികിത്സാസഹായം ലഭിച്ചിരുന്നു. വൃക്കരോഗികൾക്കും കരൾരോഗികൾക്കുമായി സഹായഹസ്തമെന്ന മറ്റൊരു പദ്ധതിയും ബാവ തുടങ്ങി. നിരവധി രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനും കരൾ മാറ്റിവെയ്ക്കുന്നതിനും കരൾ ചികിത്സയ്ക്കും സഹായം നൽകി. സഭയിൽ സാമ്പത്തികദുരിതമനുഭവിക്കുന്ന, ഭർത്താവ്‌ മരിച്ച സ്ത്രീകൾക്ക്‌ പ്രതിമാസ പെൻഷൻ പദ്ധതി ബാവയുടെ ഇഷ്ടപ്രകാരമാണ് തുടങ്ങിയത്.

സമൂഹത്തിലെ വർദ്ധിച്ചുവരുന്ന ആത്മഹത്യാപ്രവണതയ്ക്കെതിരെ ബോധവത്കരണത്തിനും ഇത്തരക്കാരെ ജീവിതത്തിലേക്ക്‌ തിരിച്ചുകൊണ്ടുവരുന്നതിനുമായി വിപാസന വൈകാരിക സഹായകേന്ദ്രവും ബാവ മുൻകൈയെടുത്ത് ആരംഭിച്ചതാണ്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ ബോധവത്കരണത്തിനുള്ള കർമ്മപദ്ധതികളും നടപ്പാക്കി. സഭാംഗങ്ങളിൽ ഇന്റർനെറ്റിന്റെ അമിതഉപയോഗം തടയാൻ സൈബർ ഫാസ്റ്റ് നടപ്പാക്കി.

ചികിത്സയ്ക്കും വിവാഹത്തിനും വീടുവെയ്ക്കുന്നതിനും മറ്റും സഹായം തേടിയെത്തുന്നവരെ വെറുംകൈയോടെ മടക്കിയിരുന്നില്ല. കോവിഡ് ബാധിച്ച്‌ മരിച്ച സഭാംഗങ്ങളിൽ നിർധനരായവർക്ക് സാമ്പത്തികസഹായം നൽകി. 2019 ഡിസംബറിലാണ് ശ്വാസകോശ അർബുദം പിടിപെട്ടതായി അറിയുന്നത്. തുടർന്ന് ഒരുവർഷത്തിലേറെയായി ബാവ തന്നെ മുൻകൈയെടുത്ത്‌ തുടങ്ങിയ പരുമലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

വിദേശത്ത് വിദഗ്‌ധചികിത്സയ്ക്ക് സൗകര്യമൊരുക്കാനുള്ള സഭാ നേതൃത്വത്തിന്റെ നീക്കം അദ്ദേഹം സ്നേഹത്തോടെ വിലക്കി. ചികിത്സക്കിടെ ബാവയ്ക്ക് കോവിഡും പിടിപെട്ടു. കോവിഡ് ഭേദമായെങ്കിലും രോഗാവസ്ഥയും ആരോഗ്യസ്ഥിതിയും അനുദിനം വഷളായി. അവസാനദിവസങ്ങളിൽ വെൻറിലേറ്ററിന്റെ സഹായത്താലാണ് ജീവൻ നിലനിർത്തിയിരുന്നത്.