കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിക്കുന്നതിനിടെ തിങ്കളാഴ്ച പിടിച്ചത് ഐ.എസ്സും അൽഖ്വെയ്ദയും ഉപയോഗിക്കുന്ന നിരോധിച്ച മരുന്ന്. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ദേശീയ അന്വേഷണ ഏജൻസി വിവരങ്ങൾ തേടി. കോഴിക്കോട് വിമാനത്താവള അധികൃതരിൽനിന്നും കൊച്ചി മേഖലാ നാർക്കോട്ടിക് വിഭാഗത്തിൽനിന്നുമാണ് എൻ.ഐ.എ. വിവരങ്ങൾ ശേഖരിച്ചത്.

രണ്ടരക്കോടിയുടെ 530 ഗ്രാം മെത്താഫെറ്റമിനാണ് കടത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ കോടാലി കുഞ്ഞിപ്പള്ളി മുല്ലാളിവീട്ടിൽ ജാബിറി(26)നെ പിടികൂടി സംസ്ഥാന നാർക്കോട്ടിക് വിഭാഗത്തിന് കൈമാറിയിരുന്നു. ഇയാളെ എൻ.ഐ.എ. സംഘം ചോദ്യം ചെയ്തേക്കും.

തിങ്കളാഴ്ച പുലർച്ചെയുള്ള ഖത്തർ എയർവേയ്‌സിന്റെ ക്യു.ആർ 537 വിമാനത്തിൽ ദോഹയിലേക്ക് പോകാനാണ് ഇയാൾ കരിപ്പൂരെത്തിയത്. ഇയാളെ ചോദ്യംചെയ്തതിൽനിന്ന് സംഭവത്തിൽ മറ്റൊരാൾക്കുകൂടി പങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്.

ഒപ്പം യാത്രചെയ്യാനെത്തിയ കണ്ണൂർ സ്വദേശിയാണ് ബാഗേജ് കൈമാറിയതെന്നാണ് ജാബിർ മൊഴിനൽകിയത്. ഇയാൾ അധികൃതരുടെ കൈയിൽപ്പെടാതെ ഗൾഫിലേക്ക്കടന്നു. ഇയാളെ ഡീപോർട്ട്ചെയ്ത് തിരികെ എത്തിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.

ഐ.എസ്. അടക്കമുള്ള ഭീകരവാദസംഘങ്ങൾക്കുവേണ്ടിയാണോ മെത്താഫെറ്റമിൻ കടത്തിയതെന്നാണ് എൻ.ഐ.എ. പ്രധാനമായും അന്വേഷിക്കുന്നത്

സംസ്ഥാനത്തുനിന്ന് നേരത്തേതന്നെ ഇത്തരം സംഘങ്ങൾക്കായി വേദന സംഹാരികൾ കടത്തിയിരുന്നു. 2017-ൽ കൊച്ചിയിൽനിന്നയച്ച 1,00,000 ആംപ്യൂൾ ഇബ്രൂഫിൻ വേദനസംഹാരി വിയന്നയിൽ പിടിയിലായിരുന്നു. ഇറ്റലിവഴി സിറിയയിലേക്കും ഇറാഖിലേക്കും കടത്താനായിരുന്നു ഇത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം കണ്ണൂർ സ്വദേശിയിലേക്ക് നീണ്ടെങ്കിലും പിടിക്കപ്പെടുന്നതിനുമുൻപ് ഇയാൾ അഫ്ഗാനിസ്ഥാനിലേക്ക് കടന്നു.

ബാച്ച് നമ്പറുകളും കമ്പനിയുടെ പേരുമില്ലാതെയായിരുന്നു അന്ന് അവ കടത്താൻ ശ്രമിച്ചത്. കഴിഞ്ഞവർഷങ്ങളിൽ കോഴിക്കോട് തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി മനുഷ്യ ആൽബുമിൻ, കെറ്റാമിൻ മയക്കുമരുന്ന് എന്നിവ കടത്താൻ ശ്രമിച്ച സംഭവങ്ങളിലും ഇത്തരം ബന്ധങ്ങൾ ആരോപിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എൻ.ഐ.എ. പ്രാഥമിക അന്വേഷണം നടത്തിയത്.

വേദനയകറ്റും ക്ഷീണിതരെ പ്രവർത്തനനിരതരാക്കും

കുറഞ്ഞ അളവിൽ ഔഷധമായി ഉപയോഗിക്കുന്ന മെത്താഫെറ്റമിൻ ഉത്തേജന ഔഷധമായും വേദന സംഹാരിയായും ഉപയോഗിക്കുന്നുണ്ട്. വിശപ്പും ദാഹവുമറിയാതെ മണിക്കൂറുകളോളം പ്രവർത്തന നിരതരായിരിക്കാൻ ഇതിന്റെ ഉപയോഗംവഴി സാധിക്കും.

അഞ്ചുമണിക്കൂറാണ് ഇതിന്റെ പ്രവർത്തനസമയം. എങ്കിലും 10 മുതൽ 20 മണിക്കൂർവരെ ഉത്തേജനംനൽകുമെന്നാണ് കരുതുന്നത്. ക്ഷീണിതരായവരേയും മുറിവേറ്റവരെയും നിമിഷങ്ങൾക്കകം പ്രവർത്തന നിരതരാക്കാൻ ഇതിന് സാധിക്കും. ഇക്കാരണത്താൽ ഐ.എസ്., അൽെഖ്വയ്ദ തുടങ്ങിയ ഭീകരസംഘങ്ങൾ തങ്ങളുടെ പോരാളികൾക്കായി ഈ മരുന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

Content Highlights: banned drugs seized in karipur airport; nia inquiry about isis connection