കൊച്ചി: നിയമലംഘനത്തിന്റെ പേരിൽ മരടിൽ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചതോടെ ബാങ്കുകൾക്കും ഭവനവായ്പാസ്ഥാപനങ്ങൾക്കും കിട്ടാക്കട ഭീഷണി. ഏതാണ്ട് 200 കോടി രൂപയുടെ ബാധ്യത ബാങ്കുകൾക്കും ഭവനവായ്പാസ്ഥാപനങ്ങൾക്കും ഉണ്ടാകും.

നാലുസമുച്ചയങ്ങളിലുമായി 345 ഫ്ലാറ്റുകളായിരുന്നു ഉണ്ടായിരുന്നത്. ഇതിൽ ഏതാണ്ട് 310 എണ്ണത്തിനും ഭവനവായ്പയുണ്ട്. 40 ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെയാണ് മിക്കവായ്പകളും. വായ്പകൾക്ക് ഈടായിവെച്ച ഫ്ലാറ്റുകൾതന്നെ ഇല്ലാതെയായതോടെ ഇതെങ്ങനെ തിരിച്ചുപിടിക്കുമെന്നാണ് ബാങ്കുകളുടെ ആശങ്ക.

എന്നാൽ, ഫ്ലാറ്റുകൾ പൊളിച്ചുനീക്കിയെന്നുകരുതി വായ്പ എടുത്തവരുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. വായ്പ തിരിച്ചടച്ചുതീർക്കാൻ ഉടമകൾ ബാധ്യസ്ഥരാണെന്ന് ബാങ്കുകൾ പറയുന്നു. ഉടമകൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടിലേക്ക് എത്തുമ്പോൾ അതു പിടിച്ചുവെക്കാനാണ് ബാങ്കുകളുടെ ശ്രമം. കിട്ടാക്കടം വരുത്തിയാൽ അത് വായ്പയെടുത്തവരുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കും. സ്വാഭാവികമായും ഭാവിയിൽ വായ്പയെടുക്കുന്നതിന് അത് തടസ്സമാകും.

ബാങ്ക് വായ്പ കെണിയായി

മുൻനിരബാങ്കുകളും ഭവനവായ്പാസ്ഥാപനങ്ങളും നാലുസമുച്ചയങ്ങളിലുള്ളവർക്കും വായ്പ നൽകിയിട്ടുണ്ട്. ബാങ്കുകൾ വായ്പ നൽകുന്നത് നിയമപരമായാണെന്നതിനാലാണ് പലരും ധൈര്യത്തോടെ ഫ്ലാറ്റുകൾ വാങ്ങിയതുതന്നെ. വ്യക്തമായ നിയമലംഘനം നടന്ന ഈ സമുച്ചയങ്ങളിലെ ഫ്ളാറ്റുകൾക്ക് ബാങ്കുകൾ എങ്ങനെയാണ് വായ്പ നൽകിയത് എന്നുവ്യക്തമല്ല.

ഒറ്റത്തവണ തീർപ്പാക്കാം

വായ്പയെടുത്തവർക്ക് കടബാധ്യതയിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗം ബാങ്കുകളുമായുള്ള ഒറ്റത്തവണ തീർപ്പാക്കലാണ്. മറ്റ് ആസ്തികളൊന്നുമില്ലെങ്കിൽ അക്കാര്യം വ്യക്തമാക്കി ബാങ്കുകളെ സമീപിച്ച് ഒറ്റത്തവണ തീർപ്പാക്കലിലൂടെ വായ്പ തീർപ്പാക്കാവുന്നതാണ്. വായ്പാ ബാധ്യത മുഴുവൻ അടച്ചുതീർക്കേണ്ടതില്ലെന്നതാണ് ഇതിന്റെ നേട്ടം. ഈടായിനൽകിയ ഫ്ലാറ്റുകൾ ഇല്ലാതെയായതിനാൽ ബാങ്കുകളും അതിനുതയ്യാറാകും. പക്ഷേ, വായ്പയെടുത്തവരുടെ ക്രെഡിറ്റ് സ്കോറിനെ അത് ബാധിക്കും.

എന്നാൽ, കിടപ്പാടം നഷ്ടപ്പെട്ടതിനാൽ അതിന്റെ ബാധ്യത ഇനിയും അടച്ചുതീർക്കേണ്ടതുണ്ടോ എന്നചോദ്യവും ഉയരുന്നുണ്ട്.

Content Highlights: banks have 200 crore liability on Maradu Flat Demolition