തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണത്തെക്കുറിച്ച് ദുരൂഹതയേറിയതോടെ അപകടത്തിൽപ്പെട്ട വാഹനം ഓടിച്ചയാളെ കണ്ടെത്താൻ ക്രൈംബ്രാഞ്ച് ശാസ്ത്രീയപരിശോധനകൾ വേഗത്തിലാക്കി.

അപകടസമയത്ത് വാഹനമോടിച്ചത് ബാലഭാസ്കറാണെന്നായിരുന്നു ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുന്റെ മൊഴി. ഡ്രൈവറാണ് വാഹനം ഓടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും മൊഴിനൽകി. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിൽ ബാലഭാസ്‌കറിന്റെ മാനേജർമാരായിരുന്ന വിഷ്ണുവും പ്രകാശൻ തമ്പിയും പിടിയിലായതോടെയാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കിയത്.

അപകടത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛൻ കെ.സി. ഉണ്ണി പരാതിനൽകിയിരുന്നു. ഇതാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഡ്രൈവറെ കണ്ടെത്താൻ ഫൊറൻസിക് പരിശോധന നടത്തിയെങ്കിലും ഏറെനാൾ കഴിഞ്ഞതിനാൽ വാഹനത്തിലെ രക്തസാമ്പിളുകൾ കണ്ടെത്താനായില്ല. മുടിനാരുകൾ വഴി വാഹനം ഓടിച്ചയാളെ കണ്ടെത്താനുള്ള ഫൊറൻസിക് പരിശോധന ഉടൻ നടത്തും.

2018 സെപ്റ്റംബർ 25-ന് തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ച് കാർ മരത്തിലിടിച്ചാണ് ബാലഭാസ്കറും കുടുംബവും അപകടത്തിൽപ്പെട്ടത്. മകൾ തേജസ്വിനി ബാല സംഭവസ്ഥലത്തുതന്നെ മരിച്ചു. ബാലഭാസ്കർ ഒക്ടോബർ രണ്ടിന് ആശുപത്രിയിലും മരിച്ചു. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പാലക്കാട്ടെ നിക്ഷേപം: ഒരുകോടി എവിടെ?

പാലക്കാട്ട് ഒരാശുപത്രിയുടമയ്ക്ക് ഒരു കോടിയോളം രൂപ ബാലഭാസ്കർ നൽകിയിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അച്ഛൻ കെ.സി. ഉണ്ണി വീണ്ടും ആവശ്യപ്പെട്ടു. ഈ ആവശ്യം നേരത്തേ നൽകിയ പരാതിയിലും അദ്ദേഹം ഉന്നയിച്ചിരുന്നു.

ബാലഭാസ്കർ ആശുപത്രി നിർമാണത്തിന് പണം നിക്ഷേപിച്ചത്‌ തെളിയിക്കുന്ന ചില പരാതികൾ ഇപ്പോൾ പുറത്തുവന്നതോടെയാണ് വീണ്ടും ആവശ്യമുന്നയിച്ചത്. ആശുപത്രിക്കെട്ടിടം നിർമിച്ച കരാറുകാരൻ പാലക്കാട്‌ പോലീസിൽ നൽകിയ പരാതിയിലാണ് ബാലഭാസ്കർ ആശുപത്രിക്കുവേണ്ടി പണം നിക്ഷേപിക്കുകയും നിർമാണം നോക്കാനെത്തുകയും ചെയ്തുവെന്ന് പറഞ്ഞിട്ടുള്ളത്.

ബാലഭാസ്കറിന്റെ മരണശേഷം കരാറുകാരന് ആശുപത്രിയുടമ ബാക്കി തുക നൽകിയില്ല. തുടർന്നാണ് ഉടമയ്ക്കെതിരേ പരാതി നൽകിയത്. ബാലഭാസ്കറിന്റെ പണം ബന്ധുക്കൾക്ക് തിരികെ നൽകേണ്ടതിനാലാണ് ബാക്കി തുക വൈകുന്നതെന്നാണ് ആശുപത്രിയുടമ കരാറുകാരനോട് പറഞ്ഞത്. എന്നാൽ, പണം തിരികെ നൽകിയിട്ടില്ലെന്നാണ് മനസ്സിലാകുന്നതെന്നും പരാതിയിൽ പറയുന്നു.

ഈ സംഘവുമായി ബാലഭാസ്കറിന്റെ മാനേജർമാരായിരുന്ന വിഷ്ണുവിനും പ്രകാശൻ തമ്പിക്കും അടുത്തബന്ധമുണ്ടെന്ന്‌ കണ്ടെത്തിയിട്ടുണ്ട്. നേരത്തേ ഈ പരാതി ഉന്നയിച്ചതിന് ആശുപത്രിയുടമ ബാലഭാസ്കറിന്റെ അച്ഛനെതിരേ മാനനഷ്ടക്കേസ് നൽകിയിരുന്നു. എട്ടുലക്ഷം രൂപയാണ് വാങ്ങിയതെന്നും ഇത് തിരികെനൽകിയെന്നുമായിരുന്നു ഇവരുടെ വാദം.

Content Highlights: Balabhaskar Accident Death case, Police  again Scientific Investigation