തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട സമയത്ത് കാർ ഓടിച്ചിരുന്നത് ബാലഭാസ്കർ തന്നെയെന്ന് സാക്ഷിമൊഴികൾ. രക്ഷാപ്രവർത്തനത്തിനെത്തിയ അഞ്ചുപേരാണ് അന്വേഷണ ഉദ്യോഗസ്ഥന് മൊഴിനൽകിയത്.

അപകടം നടന്നതിന് സമീപമുള്ള വീട്ടുകാരും പിന്നിൽവന്ന വാഹനത്തിലുണ്ടായിരുന്ന കൊല്ലം സ്വദേശിയും നൽകിയ മൊഴിയാണ് പുറത്തുവന്നത്. ദേശീയപാതയിൽ പള്ളിപ്പുറത്ത് സെപ്റ്റംബർ 25-നു പുലർച്ചെയാണ് അപകടമുണ്ടായത്.

ബാലഭാസ്കറിന്റെ മൃതദേഹം പോസ്റ്റുമോർട്ടംചെയ്ത ഡോക്ടർമാരുടെ സംഘം കഴിഞ്ഞദിവസം വീണ്ടും അപകടസ്ഥലം സന്ദർശിച്ചു. ഫൊറൻസിക് സംഘം വാഹനം വീണ്ടും പരിശോധിച്ചു. രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറുടെ മൊഴി പോലീസ് അടുത്തദിവസം രേഖപ്പെടുത്തും.

അപകടസമയത്ത് വാഹനമോടിച്ചിരുന്നത് ബാലഭാസ്കറായിരുന്നില്ല ഡ്രൈവർ അർജുനാണെന്നായിരുന്നു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. എന്നാൽ, കാർ ഓടിച്ചത് ബാലഭാസ്കർ തന്നെയായിരുന്നുവെന്ന് അർജുൻ മൊഴിനൽകി.

കൊല്ലത്ത് വിശ്രമിച്ചശേഷം ബാലഭാസ്കറാണ് കാർ ഓടിച്ചതെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇതിനുപിന്നാലെ, അപകടത്തിൽ ദുരൂഹതയുണ്ടന്നാരോപിച്ച് ബാലഭാസ്കറിന്റെ അച്ഛൻ ഡി.ജി.പി.ക്ക് പരാതിനൽകി.

അപകടസമയം ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ആൾ സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ലെന്ന് പ്രാഥമിക പരിശോധനയിൽത്തന്നെ വ്യക്തമായിരുന്നു. സംഭവം വിവാദമായതിനെത്തുടർന്ന് ഏറെ വൈകിയാണ് ഫൊറൻസിക് പരിശോധന ഉൾപ്പെടെയുള്ളവ നടന്നത്. അപകടത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാൻ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ നിർദേശിച്ചിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി.ക്കാണ് ചുമതല.

content highlights: Balabhaskar was at the wheel