തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെയും മകൾ തേജസ്വിനി ബാലയുടെയും മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് പോലീസ് ശാസ്ത്രീയവിശകലനം നടത്താനൊരുങ്ങുന്നു. അപകടസമയത്ത് കാറോടിച്ചിരുന്നതാരെന്നു കണ്ടെത്തുന്നതിനായാണിത്.

അപകടസമയത്ത് കാറോടിച്ചിരുന്നത് ബാലഭാസ്കറാണെന്നാണ് ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അർജ്ജുൻ മൊഴിനല്കിയത്. എന്നാൽ, കഴിഞ്ഞദിവസം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി മൊഴിനൽകിയത് അർജ്ജുനാണ് കാറോടിച്ചിരുന്നതെന്നാണ്. അപകടത്തിൽനിന്നു രക്ഷപ്പെട്ട ഇരുവരുടെയും മൊഴികളിലെ വൈരുദ്ധ്യമാണ് പോലീസിനെ കുഴക്കുന്നത്. ഇതേത്തുടർന്നാണ് ശാസ്ത്രീയവഴികൾ തേടാൻ പോലീസ് തയ്യാറെടുക്കുന്നത്.

കാറോടിച്ചിരുന്നതാരെന്നു കണ്ടെത്താനായി െഫാറൻസിക് വിദഗ്ദ്ധരുടെയും മോട്ടോർവാഹന വകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്. ബാലഭാസ്കറിന്റെയും കുഞ്ഞിന്റെയും മൃതദേഹപരിശോധന നടത്തിയ ഡോക്ടറിൽനിന്നു കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. ഇതിലൂടെ അപകടസമയത്ത് ഓരോരുത്തരും കാറിനുള്ളിൽ ഏത് സീറ്റിലായിരുന്നുവെന്നതു സംബന്ധിച്ച് വിവരം ശേഖരിക്കാൻ കഴിയുമെന്നാണ് പോലീസ് കരുതുന്നത്.

സംഭവസമയത്ത് ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരുടെ മൊഴികളും പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. ഡ്രൈവർസീറ്റിലുണ്ടായിരുന്നത് ബാലഭാസ്കറായിരുന്നുവെന്ന് മറ്റൊരാളും മൊഴികൊടുത്തിട്ടുണ്ട്.

ആറ്റിങ്ങൽ ഡിവൈ.എസ്.പി. പി.അനിൽകുമാറിന്റെ നേതൃത്വത്തിലാണ് കഴിഞ്ഞദിവസം ലക്ഷ്മിയുടെ മൊഴിയെടുത്തത്. അപകടസമയം ബാലഭാസ്കർ കാറിന്റെ പിൻസീറ്റിൽ ഉറക്കത്തിലായിരുന്നുവെന്നാണ് ലക്ഷ്മി പോലീസിനോടു പറഞ്ഞത്. അപകടം നടക്കുമ്പോൾ 80 കിലോമീറ്ററിനു മുകളിൽ വേഗം കാറിനുണ്ടായിരുന്നുവെന്നാണ് നിഗമനം. ശാസ്ത്രീയതെളിവുകളുടെ വിശകലന റിപ്പോർട്ടുകൂടി വന്ന ശേഷമേ തുടർനടപടികളിലേക്കു കടക്കാനാകൂവെന്ന് പോലീസ് പറഞ്ഞു.