മാലൂര്‍: 'ബാഹുബലി'യുടെ സംവിധായകന്‍ രാജമൗലിയെ തേടി പദ്മശ്രീ ബഹുമതി എത്തുമ്പോള്‍ അദ്ദേഹം കണ്ണൂര്‍ കണ്ണവം കാട്ടില്‍ ഷൂട്ടിങ്ങിലായിരുന്നു.

തിങ്കളാഴ്ച ആറുമണിയോടെയാണ് പദ്മശ്രീ വിവരം രാജമൗലി അറിയുന്നത്. പിന്നെ പെരുവയിലുള്ള സെറ്റിലെ നടന്മാരും സഹപ്രവര്‍ത്തകരും ഒക്കെ സന്തോഷംകൊണ്ട് തുള്ളിച്ചാടി. മധുരം വിളമ്പലും മറ്റും അടുത്തദിവസത്തേക്ക് മാറ്റി രാജമൗലി സിനിമാതിരക്കിലേക്കുതന്നെ നീങ്ങി.

കണ്ണവം കാട്ടില്‍ ഇപ്പോള്‍ കാണികളുടെ തിരക്കാണ്. പ്രേക്ഷകരെ വിസ്മയത്തുമ്പത്തെത്തിച്ച ബാഹുബലിയുടെ രണ്ടാംഭാഗം സിനിമയുടെ ഷൂട്ടിങ് അതീവരഹസ്യമായിത്തന്നെയാണ് അവിടെവെച്ചെടുക്കുന്നത്. പക്ഷേ, ദൂരെനിന്നുപോലും അറിഞ്ഞ് ആള്‍ക്കാര്‍ എത്തുന്നു. ഷൂട്ടിങ് തകൃതിയായി പുരോഗിക്കുന്നതിനിടെ സംവിധായകന്‍ എസ്.എസ്.രാജമൗലിയെ ഒരുനോക്ക് കാണാനാണ് ആള്‍ക്കാരുടെ തിരക്ക്.
അദ്ദേഹമാണെങ്കില്‍ സാധാരണക്കാരനില്‍ സാധാരണക്കാരനായി നരവീണ താടിതടവി മുഖത്ത് ചിരിയൊളിപ്പിച്ച് നിദേശങ്ങള്‍ നല്‍കി തന്റെ സിനിമയുടെ ലഹരിയില്‍ നിറഞ്ഞിരിക്കുന്നു.

അതിരാവിലെ മൂന്നുമണിക്കുതന്നെ ഉണരും. പിന്നെ, കാട്ടിനുള്ളിലെ റോഡിലൂടെ നടത്തം. അഞ്ചുമണിയാകുമ്പോള്‍ സെറ്റ് റെഡി. നിര്‍മാതാവ് ശോഭുനാഥ്, നടന്മാരായ പ്രഭാസ്, സത്യരാജ്. രാജമൗലിയുടെ ഭാര്യ രമാരാജമൗലി, മക്കളായ കാര്‍ത്തികേയ, മയൂഖ എന്നിവരൊക്കെ ഒപ്പമുണ്ട്. നടി അനുഷ്‌ക കഴിഞ്ഞ ദിവസം ഷൂട്ടിങ് തീര്‍ന്നു മടങ്ങി.

ലൊക്കേഷന്‍ ടീമിന് ഏറെ ഇഷ്ടപ്പെട്ടിട്ടുണ്ട്. ബാഹുബലി രണ്ടാം ഭാഗവും ബോക്‌സ് ഓഫീസ് ഹിറ്റായി മാറും എന്നുതന്നെയാണ് സംവിധായകന്‍ ഉറപ്പിക്കുന്നത്. അതേസമയം തിങ്കളാഴ്ച രാജമൗലിയെ കാണാന്‍ സുഹൃത്തും നാട്ടുകാരനുമായ ഒരാള്‍ കുടുംബവുമായി എത്തി. കണ്ണൂര്‍ കളക്ടര്‍ പി.ബാലകിരണും ഭാര്യയും. രണ്ടുപേരും ഹൈദരാബാദുകാര്‍.

ഷൂട്ടിങ്ങിന്റെ സൗകര്യത്തെക്കുറിച്ച് അവര്‍ ഏറെ സംസാരിച്ചു. കണ്ണൂര്‍ മഹോത്സവത്തിന്റെ ലോഗോ പ്രകാശനത്തിന് രാജമൗലിയെ ക്ഷണിക്കുക കൂടിയായിരുന്നു കളക്ടറുടെ ഉദ്ദേശ്യം. രാജമൗലി അത് സമ്മതിച്ചു. രാജമൗലി സംവിധാനം ചെയ്ത ചിത്രങ്ങള്‍ എല്ലാം വന്‍ ഹിറ്റുകളായിരുന്നു. ബാഹുബലി ബ്രഹ്മാണ്ഡ ചിത്രമായിരുന്നു. യമദൊംഗെ, മഗധീര, മര്യാദരാമന്‍ തുടങ്ങിയ അദ്ദേഹത്തിന്റെ എല്ലാ ചിത്രങ്ങളും മെഗാ ഹിറ്റായിരുന്നു.