ആന്ധ്രയില്‍ അനുപമയുടേതെന്നു കരുതുന്ന കുഞ്ഞിനെകണ്ട മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ അനൂപ് ദാസിന്റെ അനുഭവക്കുറിപ്പ്

അമരാവതി(ആന്ധ്രാപ്രദേശ്): 'തരികെന്റെ കുഞ്ഞിനെ' എന്ന അനുപമയുടെ വിങ്ങല്‍ കേട്ടാണ് ചെന്നൈയില്‍നിന്ന് ആന്ധ്രാപ്രദേശിലേക്കുള്ള തീവണ്ടി കയറിയത്. നേരത്തേ പറഞ്ഞുറപ്പിച്ചപോലെ സ്റ്റേഷനില്‍ കാത്തുനിന്ന ലോകേഷിനൊപ്പം ആന്ധ്രയുടെ ഗ്രാമപാതകളിലൂടെ യാത്രയാരംഭിച്ചു. ദത്തെടുത്തവരുടെ വിവരങ്ങള്‍ പരസ്യമാക്കരുത് എന്ന നിയമമുള്ളതിനാല്‍ ദമ്പതിമാരെ തിരിച്ചറിയാന്‍ കഴിയുന്ന ഒരു സൂചനയും പറയാന്‍ ആഗ്രഹിക്കുന്നില്ല. അമരാവതിക്കടുത്ത ഒരു ജില്ലയിലെ ഗ്രാമപ്രദേശത്തുള്ള ഒരു വീട്ടിലാണ് കുട്ടിയുള്ളത്.

കേരളത്തില്‍നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകനെ ദമ്പതിമാര്‍ എങ്ങനെ സ്വീകരിക്കുമെന്ന ഭയമുണ്ടായിരുന്നു. അതിനാല്‍ ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്റെയും പൊതുപ്രവര്‍ത്തകന്റെയും സഹായം തേടി. അവര്‍ ദമ്പതിമാരെ വിളിച്ച് സംസാരിച്ചു, ആദ്യം വേണ്ടാ എന്നുപറഞ്ഞെങ്കിലും ഇത്രയധികം ദൂരം സഞ്ചരിച്ച് വന്നതല്ലേ കണ്ട് സംസാരിക്കാമെന്ന് ദമ്പതിമാരിലെ അധ്യാപകന്‍ അനുമതി നല്‍കി. പക്ഷേ, വീട്ടിലേക്കു വരേണ്ട, വീടിനു മുന്നിലെ പാതയില്‍ കാണാമെന്നു പറഞ്ഞു.

സ്ഥലത്തെത്തി കാത്തുനില്‍ക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകന്‍ എനിക്കാ വീട് ചൂണ്ടിക്കാണിച്ച് തന്നു. ഗേറ്റ് തുറന്ന് ഒരാള്‍ വന്നു, അദ്ദേഹം തൊഴുകൈയോടെ സ്വീകരിച്ചു. ''ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്'' എന്ന് അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു.

''അയ്യോ, നിങ്ങളുടെ സാഹചര്യം നന്നായി മനസ്സിലാക്കുന്നു. കുഞ്ഞെവിടെയുണ്ട്, സന്തോഷമായിരിക്കുന്നോ എന്ന് അറിയാന്‍വേണ്ടി മാത്രം വന്നതാണ്. നിങ്ങള്‍ക്ക് ഒരു കുഴപ്പവും ഉണ്ടാക്കില്ല''- ഞാന്‍ മറുപടി നല്‍കി. ''ഞാനും ഭാര്യയും അധ്യാപകരാണ്. എല്ലാ നിയമനടപടിയും പൂര്‍ത്തിയാക്കിയാണ് കുഞ്ഞിനെ ദത്തെടുത്തത്. കൂടുതല്‍ കാര്യങ്ങള്‍ മാധ്യമങ്ങളോടു പറയുന്നതില്‍ ബുദ്ധിമുട്ടുണ്ട്.''

ദത്തെടുക്കാനുള്ള ശ്രമം തുടങ്ങിയിട്ട് കുറച്ച് കാലമായോ?

''നാലു വര്‍ഷമായി. ഭാര്യ ആദ്യം പ്രസവിച്ച കുഞ്ഞ് മരിച്ചു. പിന്നീട് രണ്ടുതവണ ഗര്‍ഭം അലസി. ഇനിയും ഗര്‍ഭം ധരിച്ചാല്‍ ജീവന്‍ അപകടത്തിലാകുമെന്ന ഘട്ടം വന്നപ്പോഴാണ് ദത്തെടുക്കാന്‍ തീരുമാനിച്ചത്. കുഞ്ഞിനെ ഞങ്ങള്‍ നന്നായി നോക്കും. ധാരാളിത്തത്തോടെ വളര്‍ത്തുമെന്നല്ല, ആവശ്യമുള്ളതെല്ലാം നല്‍കി വളര്‍ത്തും. നല്ല വിദ്യാഭ്യാസം നല്‍കാനാണ് ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പറ്റുക. അത് ഉറപ്പായും ചെയ്യും. അവന് അഞ്ചു വയസ്സാകുമ്പോള്‍ ഞങ്ങള്‍ വിജയവാഡയിലേക്കു മാറും. പഠനമെല്ലാം അവിടെ നടത്തും. അവിടെ നല്ല സൗകര്യങ്ങളുണ്ട്''- ഇത്രയും പറഞ്ഞുതീരുമ്പോഴേക്ക് അദ്ദേഹം വിതുമ്പി.

കുഞ്ഞിന്റെ പേരെന്താണ് എന്ന ചോദ്യത്തില്‍നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ''അതിപ്പൊ പറയണോ'' എന്ന ദയനീയ മറുചോദ്യത്തിന് ഞാന്‍ മറുപടി നല്‍കിയില്ല. ഞാനവനെയൊന്ന് കണ്ടോട്ടെ എന്നുചോദിച്ചു. ആദ്യം അദ്ദേഹം നിരസിച്ചു. ക്യാമറയില്ല, റെക്കോഡ് ചെയ്യില്ല എന്നുകൂടി പറഞ്ഞുനോക്കി. വരൂ എന്നുപറഞ്ഞ് അദ്ദേഹം മുന്നില്‍ നടന്നു. ഗേറ്റ് തുറന്ന് മുറ്റത്തേക്കു കയറി. ഗ്രില്ലിട്ട വരാന്തയില്‍, തൊട്ടിലില്‍ ഉറങ്ങുന്ന കുഞ്ഞിനടുത്ത് ആ അധ്യാപിക നില്‍ക്കുന്നു. അല്പം പരിഭ്രമത്തോടെ അവര്‍ ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. അവന്‍ ഉറങ്ങുകയാണ്. അല്പംനീണ്ട വരാന്തയില്‍ പലയിടത്തായി കളിപ്പാട്ടങ്ങള്‍. ചുവരരികില്‍ നീട്ടിക്കെട്ടിയ അയലില്‍ നിറയെ കുഞ്ഞുടുപ്പുകള്‍. അവരിരുവരും കുഞ്ഞിനെക്കുറിച്ച് വാതോരാതെ സംസാരിച്ചു.

ഞാനവരോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. അതു കുടിച്ച് ആ അമ്മയോട് യാത്രപറഞ്ഞു. കാറിനടുത്തേക്കുള്ള നടത്തത്തില്‍ പാതി വഴിവരെ അധ്യാപകന്‍ ഞങ്ങളുടെ കൂടെ വന്നു. നിയമത്തിന്റെ വഴിയേ മാത്രം സഞ്ചരിച്ചതിനാല്‍ കുഞ്ഞിനെ നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം അദ്ദേഹം വീണ്ടും പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. കേരളത്തില്‍ വരുമ്പോള്‍ കാണാമെന്ന വാക്കോടെ അദ്ദേഹം യാത്രപറഞ്ഞു.

''കുഞ്ഞിന്റെ കാര്യം മാത്രം ഒന്ന് പറയുമോ ചേട്ടാ''

വാര്‍ത്ത, ചാനലില്‍വന്ന് അധികം കഴിഞ്ഞില്ല, ഫോണിലേക്ക് തിരുവനന്തപുരത്തുനിന്ന് ഒരു വിളിവന്നു. അമ്മയാണ്, അനുപമ.
''കുഞ്ഞിന്റെ കാര്യം മാത്രം ഒന്ന് പറയുമോ ചേട്ടാ?''
''കുഞ്ഞ് നന്നായിട്ടിരിക്കുന്നു'' എന്ന് മറുപടി നല്‍കി. അവര്‍ കുറച്ചുകൂടി നേരം സംസാരിച്ചു, ആ അധ്യാപക ദമ്പതിമാരെക്കുറിച്ചും സ്‌നേഹത്തോടെത്തന്നെ ചോദിച്ചു. എന്റെ വാക്കുകള്‍ മുറിഞ്ഞു.

Content Highlights: Baby of Anupama is in Andhra Pradesh: Adopted by following all legalities, says couple