കേരളത്തിന്റെ അഭിമാനപദ്ധതികളായ ഇടുക്കിയുടെയും വല്ലാർപാടത്തിന്റെയുമൊക്കെ ശില്പികളിൽ പ്രധാനിയായിരുന്ന ഡോ. ഡി. ബാബുപോളിന്റെ ഔദ്യോഗിക ജീവിതം സംഭവബഹുലമായിരുന്നു. ഇടുക്കിപദ്ധതി ഇഴഞ്ഞുനീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് 1971 സെപ്റ്റംബർ എട്ടിന് അദ്ദേഹം പ്രോജക്ട് കോ-ഓർഡിനേറ്ററായി സ്ഥാനമേറ്റത്. പദ്ധതിപ്രദേശത്തെ കുടിയേറ്റക്കാരെ ഒഴിപ്പിച്ച് പുനരധിവസിപ്പിക്കുന്ന പദ്ധതി സ്പെഷ്യൽ കളക്ടർ എന്ന ചുമതലയിലൂടെ അദ്ദേഹം പൂർത്തിയാക്കി. ഇടുക്കിപദ്ധതിയുടെ ഭാഗമായുള്ള കുളമാവ് ഡാംനിർമാണത്തിലെ തൊഴിലാളിപ്രശ്നങ്ങൾ തീർക്കുന്നതിനുപിന്നിലും ബാബുപോളിന്റെ ബുദ്ധിയായിരുന്നു. ഇടുക്കിയിൽ അദ്ദേഹം യാദൃച്ഛികമായാണ് ചെന്നുപെട്ടതെന്ന് പറയുമ്പോഴും അവിടന്ന് ലഭിച്ച സ്നേഹവാത്സല്യങ്ങളാണ് തന്റെ മനസ്സിനെ ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ റോമൻ യൂണിഫോമിൽനിന്ന് മുക്തനാക്കിയതെന്ന് അദ്ദേഹത്തിന്റെ ‘കഥ ഇതുവരെ’യിൽ പറയുന്നു. കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർമാനായിരിക്കെയാണ് വല്ലാർപാടം പദ്ധതി മെനഞ്ഞതും കേന്ദ്രത്തിൽ എത്തിച്ചതും. വല്ലാർപാടത്തെ നികത്തുഭൂമി ഉപയോഗിക്കാനായി പലരും പല ആശയങ്ങളും രൂപപ്പെടുത്തിയെങ്കിലും ഇന്റർനാഷണൽ ട്രാൻഷിപ്പ്‌മെന്റ് ടെർമിനൽ എന്ന ആശയം രൂപപ്പെടുത്തിയത് ബാബുപോളായിരുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധി ലക്ഷദ്വീപിൽനിന്ന് മടങ്ങുംവഴി വല്ലാർപാടത്തിന് മുകളിലെത്തിയപ്പോൾ പദ്ധതിയെക്കുറിച്ച് വിശദീകരിക്കാൻ സംവിധാനമൊരുക്കുകയായിരുന്നു അദ്ദേഹം. കൊച്ചി പോർട്ട് ട്രസ്റ്റിൽ കംപ്യൂട്ടർവത്കരണവും ജീവനക്കാർ പിരിഞ്ഞുപോകുന്ന ദിവസംതന്നെ പെൻഷനും ഗ്രാറ്റ്വിറ്റിയും കൊടുക്കുന്ന സമ്പ്രദായവും നടപ്പാക്കിയതും അദ്ദേഹത്തിന്റെ കാലത്താണ്.
താജ് ഉൾപ്പടെയുള്ള ഹോട്ടലുകളുടെ വരവ്, പ്രീ പെയ്ഡ് ടാക്സി, ഗജമേള, കാറ്ററിങ് കോളേജ്, ടൂറിസം പോലീസ്, ചാർട്ടേഡ് വിമാനങ്ങൾ എത്തിക്കൽ തുടങ്ങിയവ വിനോദസഞ്ചാരവകുപ്പിന്റെ ഭാഗമായപ്പോൾ അദ്ദേഹം നടപ്പാക്കി. ഇടുക്കി ജില്ലാ രൂപവത്കരണത്തിലും തേക്കടി ഡെവലപ്‌മെന്റ് അതോറിറ്റി രൂപവത്കരണത്തിലും വലിയ പങ്കുവഹിച്ചതും അദ്ദേഹമായിരുന്നു. കണ്ണൂരിലെ ഉദ്യോഗകാലത്തെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം കൈത്തറി കോർപ്പറേഷന് സ്ഥലംവാങ്ങിയതും നൂൽവ്യാപാരം ഏറ്റെടുത്തതും ഇന്നാണെങ്കിൽ ചെയ്യാൻ മടിക്കുന്ന നടപടിയെന്നാണ് ചൂണ്ടിക്കാട്ടിയിരുന്നത്. പാലക്കാട് കളക്ടറേറ്റ് കോട്ടയ്ക്കകത്തായിരുന്ന കാലത്തായിരുന്നു അദ്ദേഹം അവിടെ കളക്ടറായി എത്തിയത്. ഇന്നുകാണുന്ന സിവിൽസ്റ്റേഷനെക്കുറിച്ച് ഒരു ധാരണയുണ്ടായതും അക്കാലത്തായിരുന്നു.
കെ.എസ്.ആർ.ടി.സി.യുടെയും ടൈറ്റാനിയത്തിന്റെയും തലപ്പത്തുണ്ടായിരുന്നപ്പോഴും ധീരമായ പലനടപടികളും അദ്ദേഹമെടുത്തിരുന്നു. അദ്ദേഹംതന്നെ ‘മറ്റേപ്പണി’ എന്ന് പേരിട്ടുവിളിച്ചിരുന്ന കെ.എസ്.ആർ.ടി.സി.യിലെ അദർ ഡ്യൂട്ടിക്ക് ഒരുപരിധിവരെയെങ്കിലും തടയിടാനായി. യൂണിയനുകളുടെ സംഖ്യ നിജപ്പെടുത്താൻ ഹിതപരിശോധന പ്രഖ്യാപിച്ചതും ബാബുപോൾ തന്നെയായിരുന്നു. കടലിലെ മീൻപിടിത്തത്തിന് ആദ്യമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും പ്രധാനകാര്യമായിത്തന്നെ അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
തലസ്ഥാനത്തെ വൈലോപ്പിള്ളി സംസ്കൃതിഭവൻ, കൊച്ചി ലളിതകലാകേന്ദ്രം, എഴുത്തച്ഛൻ പുരസ്കാര രൂപവത്കരണം, സ്വാതി പുരസ്കാരം ഏർപ്പെടുത്തൽ തുടങ്ങി സാംസ്കാരികരംഗത്തും അദ്ദേഹത്തിന്റെ സംഭാവനകൾ വലുതാണ്. മൃഗശാലകളുടെ നവീകരണത്തിലും പുരാവസ്തുവകുപ്പിന്റെ വിവിധപദ്ധതികളിലും അദ്ദേഹത്തിന്റെ സംഭാവന വലുതായിരുന്നു. സാംസ്കാരികസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പെൻഷൻവേണമെന്ന ദീർഘകാലത്തെ ആവശ്യം യാഥാർഥ്യമാക്കിയതിനുപിന്നിലും ബാബുപോളിന്റെ കരങ്ങളുണ്ടായിരുന്നു.
content highlights: babu paul