വെമ്പായം: വീടിനടുത്തുള്ള റോഡിലെ കാടും പടലും മാലിന്യവും നീക്കി ഓട വൃത്തിയാക്കുമ്പോൾ ബാബുവിന് ഒരു നൊമ്പരമുണ്ട്. വർഷങ്ങൾക്കു മുമ്പ് സഹോദരി വസന്ത ഇതുപോലൊരു ഓടയിൽ വീണാണ് മരിച്ചത്. മറ്റാർക്കും ഇതുപോലൊരു ദുരന്തമുണ്ടാകാതിരിക്കാൻ മുൻകരുതലെടുക്കുകയാണ് ബാബു ഇപ്പോൾ. കന്യാകുളങ്ങര സിയോൻകുന്ന് സി.പി. ഹൗസിൽ പൊടിയൻ എന്നറിയപ്പെടുന്ന ബാബു(57) കൂലിപ്പണിക്കാരനാണ്. കൂലിപ്പണിയിലെ വരുമാനംകൊണ്ടാണ് മൂന്നു പെൺമക്കളിൽ രണ്ടുപേരെ ഡോക്ടർമാരാക്കിയത്. ഒരാൾ നഴ്സിങ്ങിലേക്കും തിരിഞ്ഞു. മക്കൾ ഡോക്ടർമാരും നഴ്സുമായതൊന്നും ബാബുവിന്റെ സേവനത്തിനു തടസ്സമാകുന്നില്ല.

മൺവെട്ടിയുമായി രാവിലെ കൊച്ചാലുംമൂട്-ചിറമുക്ക് റോഡിലെത്തും. മഴക്കാലത്ത് കുത്തിയൊലിക്കുന്ന വെള്ളം ഓടയിലേക്കു വഴിമാറ്റിവിടും. അല്ലാത്തപ്പോൾ റോഡിനിരുവശങ്ങളിലുമുള്ള പുല്ലും കുറ്റിക്കാടും വെട്ടി വൃത്തിയാക്കും. വഴിവക്കിലെ കാടുമറയ്ക്കുന്ന ഓടകൾ ആരുടെയും ജീവനെടുക്കരുത്- ബാബു പറയുന്നു.

25 വർഷം മുമ്പ് വെഞ്ഞാറമൂട്ടിൽ പിക്ക് അപ്പ് ഓട്ടോ ഓടയിലേക്കു വീണാണ് പച്ചക്കറി വ്യാപാരിയായിരുന്ന വസന്ത മരിച്ചത്.

ബാബുവിന്റെ മക്കളായ ജിൻസിയും റീബയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരാണ്. സ്വകാര്യ മെഡിക്കൽ കോളേജിലെ നഴ്സാണ് മറ്റൊരു മകൾ രാഖി.

കൂലിപ്പണി ചെയ്താണ് ഇവരെയെല്ലാം പഠിപ്പിച്ചത്. അതുകൊണ്ടുതന്നെ ഇപ്പോഴും ജോലിചെയ്യാൻ ഒരു മടിയുമില്ല. റബ്ബർ ടാപ്പിങ്, തെങ്ങുകയറ്റം, കിണർ കുഴിക്കൽ എന്നിവയൊക്കെ ബാബുവിനു വഴങ്ങും.

ബാബു റോഡ് വൃത്തിയാക്കുന്നതിന്റെ ചിത്രമെടുത്ത് ചിറമുക്ക് വാർഡ് മെമ്പർ രാഹുൽ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇത്‌ വൈറലാവുകയും ചെയ്തു. ഭാര്യ നിർമലയും മക്കളും ബാബുവിന്റെ സേവനത്തിൽ ഏറെ സന്തുഷ്ടരാണ്.

Content highlights: Babu cleaning the road in memory of his sister