കണ്ണൂർ: വിവാദ പരാമർശങ്ങൾ ഒഴിവാക്കാൻ അഡ്മിൻമാർ ശനിയാഴ്ച നിശ്ശബ്ദരാക്കിയത് ലക്ഷക്കണക്കിന് അംഗങ്ങളെ. വാട്സാപ്പിലെ അംഗങ്ങളുടെ സന്ദേശങ്ങൾ അഡ്മിൻമാർ ബ്ലോക്ക് ചെയ്തു. ഭൂരിഭാഗം ഗ്രൂപ്പുകളും പോസ്റ്റിടൽ അഡ്മിൻമാർക്കു മാത്രമാക്കി. വാട്സാപ്പ് ‘അഡ്മിൻ ഓൺലി’ എന്ന സംവിധാനം കൊണ്ടുവന്നശേഷം ഇത്രയധികം ഗ്രൂപ്പുകൾ അംഗങ്ങളെ നിശ്ശബ്ദമാക്കിയത് ആദ്യമായിട്ടായിരുന്നു.

അയോധ്യ വിഷയവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രിതന്നെ ഈ നിർദേശം അംഗങ്ങൾക്കു നൽകിയതായി കണ്ണൂരിലെ ഓപ്പൺപേജ് അഡ്മിൻ പറഞ്ഞു. പിന്നീട് സന്ദേശങ്ങൾ അഡ്മിൻമാർക്കു മാത്രമാക്കി മാറ്റി.

അടിയന്തര വിവരങ്ങൾ പോസ്റ്റുചെയ്യാം. ഇവ ആദ്യം അഡ്മിന് അയച്ചുകൊടുക്കണം. പരിശോധിച്ച ശേഷം ഗ്രൂപ്പിലിടും. ചിലർ രണ്ടു ദിവസത്തേക്കും ഒരാഴ്ചത്തേക്കുമാണ് വിലക്ക് ഏർപ്പെടുത്തിയത്.

ചില റെയിൽവേ യാത്രക്കാരുടെ ഗ്രൂപ്പുകൾ സംസ്ഥാന ഐ.ടി. സെല്ലിന്റെ മെസേജ് ഗ്രൂപ്പിലിട്ട് അംഗങ്ങളെ ബോധവത്കരിച്ചു. നിർദേശം ലംഘിക്കുന്നുണ്ടെങ്കിൽ ഗ്രൂപ്പ് ഉള്ളിടത്തോളം കാലം റിമൂവ് ചെയ്യുമെന്ന മുന്നറിയിപ്പും നൽകി. ചില ഗ്രൂപ്പുകൾ ഓരോ ആറു മണിക്കൂർ സ്ഥിതിഗതികൾ പരിശോധിച്ച് ഓൺലി അഡ്മിൻ തീരുമാനം മാറ്റി. ഇത് ഊമകളുടെ ഗ്രൂപ്പാക്കാൻ താത്പര്യമില്ലെന്നു പറഞ്ഞ അഡ്മിന് അഞ്ചുമിനിറ്റിൽത്തന്നെ പണി കിട്ടി. അതോടെ ഗ്രൂപ്പ്, ഓൺലി അഡ്മിനായി.

ചില ഗ്രൂപ്പുകൾ ശനിയാഴ്ച ഉച്ചയോടെ സാധാരണ നിലയിലാക്കി. അംഗങ്ങൾ ജാഗ്രതയോടെ ചർച്ച നടത്തണമെന്ന നിർദേശത്തോടെയായിരുന്നു ഇത്. ഈ ഗ്രൂപ്പിൽ ആദ്യം വന്ന മെസേജ് ‘ജയിലിൽ പോകാതെ നോക്കണേ’ എന്നായിരുന്നു.

കാസർകോട് ജില്ലയിലെ മദ്യശാലകളും പടക്കക്കടകളും രാവിലെ ഒമ്പതര മുതൽ ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്നുപ്രവർത്തിക്കരുതെന്ന കളക്ടറുടെ ഉത്തരവ് മുഴുവൻ ഗ്രൂപ്പുകളും അംഗങ്ങൾക്കായി രാവിലെമുതൽ പോസ്റ്റ് ചെയ്തു.