തിരുവനന്തപുരം: അയോധ്യകേസിലെ സുപ്രീംകോടതി വിധിയോടുള്ള പ്രതികരണങ്ങൾ നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ടുള്ളതാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുപ്രീംകോടതിവിധി അന്തിമമായതിനാൽ ഈ ഘട്ടത്തിൽ അത് ഉൾക്കൊള്ളാൻ ബാധ്യസ്ഥരാണ്. സമാധാനവും ശാന്തിയും മതനിരപേക്ഷതയുടെ സംരക്ഷണവുമാകണം ഈ സന്ദർഭത്തിൽ എല്ലാവരുടെയും പരിഗണന.

സമാധാനം കാത്തുസൂക്ഷിക്കാനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനസർക്കാർ ഒരുക്കിയിട്ടുണ്ട്. പ്രകോപനപരമായ പ്രതികരണങ്ങൾ അനുവദിക്കില്ല. പോലീസ് സംസ്ഥാനത്താകെ ജാഗ്രത പാലിക്കുന്നുണ്ട്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ആളുകളും അക്കാര്യത്തിൽ ജാഗരൂകരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ ഒരു പ്രശ്നത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമമായി തീർപ്പുകല്പിച്ചത്.

അയോധ്യയിൽ തർക്കസ്ഥലത്ത് രാമവിഗ്രഹം കൊണ്ടുവെച്ചതും ബാബറിമസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമാണെന്ന് കോടതി സ്ഥിരീകരിച്ചിരിക്കുകയാണ്. വിധി കാലാകാലമായി ഉയർത്തുന്ന അവകാശവാദങ്ങൾക്കും ആവശ്യങ്ങൾക്കും വിഘാതമായെന്ന് കരുതുന്നവരുണ്ടാകാം. തങ്ങളുടെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടത് എന്ന് ധരിക്കുന്ന വിഭാഗവുമുണ്ട്. ഇരുകൂട്ടരും സംയമനത്തോടെയും സമാധാനം നിലനിർത്താനുള്ള താത്‌പര്യത്തോടെയും വിധിയോട് പ്രതികരിക്കണം. ബാബറിമസ്ജിദ് തകർത്ത ഘട്ടത്തിൽ കേരളം വിവേകത്തോടെയും സമാധാനപരവുമായാണ് പ്രതികരിച്ചത്. അതേരീതി കൂടുതൽ പ്രതിബദ്ധതയോടെ നാംതുടരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: ayodhya verdict-cm pinarayi vijayan