പത്തനംതിട്ട: കുമ്പഴയിൽ അഞ്ചുവയസുകാരിയെ രണ്ടാനച്ഛൻ ആറു ദിവസം ക്രൂരമായി പീഡിപ്പിച്ചാണ് കൊന്നതെന്ന് പോലീസ്. ശരീരത്തിൽ അറുപതിലേറെ മുറിവുകളും മർദിച്ചതിന്റെ പാടുകളുമുണ്ടായിരുന്നു. കഴുത്ത്, നെഞ്ച്, അടിവയർ എന്നിവിടങ്ങളിൽ വലിയ ക്ഷതമേറ്റെന്നാണ് മെഡിക്കൽ റിപ്പോർട്ട്. ലൈംഗികപീഡനം നടന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടെങ്കിലും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിശദാംശങ്ങൾ തേടി അന്വേഷണസംഘം വീണ്ടും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫൊറൻസിക് സയൻസ് വിഭാഗത്തെ സമീപിക്കും.

പോസ്റ്റ്‌മോർട്ടത്തിനുശേഷം പത്തനംതിട്ടയിൽ കൊണ്ടുവന്ന കുഞ്ഞിന്റെ മൃതദേഹം നഗരസഭാ ശ്മശാനത്തിൽ സംസ്കരിച്ചു. കുഞ്ഞിന്റെ അച്ഛനായ തമിഴ്നാട് സ്വദേശി ശവസംസ്കാരത്തിന് എത്തിയിരുന്നു. ഇദ്ദേഹവും കുഞ്ഞിന്റെ അമ്മയും തമ്മിൽ നിയമപരമായി വിവാഹം വേർപിരിഞ്ഞതാണ്.

കൊല്ലപ്പെട്ട അഞ്ചുവയസുകാരിയെ കൂടാതെ ഇവർക്ക് മറ്റൊരു മകളുമുണ്ട്. ഈ കുട്ടി അച്ഛനൊപ്പമാണുള്ളത്. സംഭവത്തിൽ അമ്മയ്ക്കും പങ്കുണ്ടെന്നും രണ്ടാനച്ഛനും അമ്മയും കൂടി കുട്ടിയെ തമിഴ്നാട്ടിൽ നിന്ന്‌ കടത്തിക്കൊണ്ടുവന്നതാണെന്നും അച്ഛൻ ആരോപിച്ചു. രണ്ടാനച്ഛൻ നേരത്തേയും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇത് അമ്മയ്ക്ക് അറിയാമായിരുന്നെന്നും ഇദ്ദേഹം പറഞ്ഞു.

പോലീസ് പിടിയിലായ രണ്ടാനച്ഛനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വിശദമായ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി അടുത്തദിവസംതന്നെ അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നൽകും. അതേസമയം ഇയാൾ തിങ്കളാഴ്ച രാത്രി കസ്റ്റഡിയിൽനിന്ന്‌ ചാടിപ്പോയ സംഭവത്തിൽ ഒരു പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ റൈറ്റർ രവിചന്ദ്രനെതിരെയാണ് നടപടി.

Content Highlights:  Autopsy report of Pathanamthitta 5-year-old confirms sexual abuse, stepdad arrested