ശ്രീകാര്യം(തിരുവനന്തപുരം): ജോലി നഷ്ടപ്പെട്ട സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ ഓട്ടോറിക്ഷയ്ക്കുള്ളിൽ പെട്രോളൊഴിച്ചു തീകൊളുത്തി മരിച്ചു. വട്ടപ്പാറ മരുതൂർ പുളിമൂട്ടിൽ വീട്ടിൽ ശ്രീകുമാറി(56)നെയാണ് ശ്രീകാര്യത്തെ ലെക്കോൾ ചെമ്പക സ്കൂളിനു സമീപത്തെ ഇടറോഡിൽ ഓട്ടോയ്ക്കുള്ളിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടത്‌. തിങ്കളാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. ശ്രീകുമാർ സ്വന്തം ആവശ്യങ്ങൾക്കുപയോഗിക്കുന്ന ഓട്ടോയിൽ പഴയ ടയറുകളും ചാക്കുകളും നിറച്ചതിനു ശേഷം അതിനുള്ളിൽ കയറിയാണ് പെട്രോളൊഴിച്ചു തീകൊളുത്തിയത്. സഹപ്രവർത്തകരും സമീപവാസികളും ഓടിയെത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കഴക്കൂട്ടത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി തീ അണച്ചെങ്കിലും മൃതദേഹം കത്തിക്കരിഞ്ഞിരുന്നു. ഓട്ടോയും കത്തിനശിച്ചു.

പതിനാറു വർഷമായി ശ്രീകുമാർ ശ്രീകാര്യത്തെ സ്വകാര്യ സ്കൂളിലെ ഡ്രൈവറും ഭാര്യ ബിന്ദു അതേ ബസിലെ ആയയും ആണ്. ലോക്‌ഡൗൺ സമയത്ത് സ്കൂളിന് പുതിയ മാനേജ്‌മെന്റ് വരുകയും ഇവരെ പിരിച്ചുവിടുകയും ചെയ്തു. പിരിച്ചുവിട്ടവർ മാസങ്ങളായി സ്കൂളിനു സമീപം സമരം നടത്തുകയാണ്. മുഖ്യമന്ത്രി, തൊഴിൽ മന്ത്രി, ജില്ലാ കളക്ടർ, ലേബർ ഓഫീസർ എന്നിവർക്കു പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥർ ചർച്ച നടത്തി. ചർച്ചയിൽ, പിരിച്ചുവിട്ടവരെ പുറത്തുള്ള ഒരു ഏജൻസി മുഖേന പുനർനിയമിക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. തുടർന്ന്‌ ശ്രീകുമാറുൾപ്പെടെ 22 പേർ തിങ്കളാഴ്ച മുതൽ ജോലിെക്കത്താമെന്ന്‌ സമ്മതമറിയിച്ചിരുന്നു. ബാക്കിയുള്ളവർ സമരം തുടർന്നു.

ദർശന, ഗായത്രി എന്നിവരാണ് ശ്രീകുമാറിന്റെ മക്കൾ. മരുമകൻ: നന്ദു.