തിരുവനന്തപുരം: കേരളത്തിലെ ചെറുതും വലുതുമായ എല്ലാ നദികളുടെയും പരിപാലനത്തിന് വിപുലമായ അധികാരങ്ങളോടെ നദീതട പരിപാലന അതോറിറ്റി രൂപവത്കരിക്കും. ഇതിന് നിയമനിർമാണം നടത്തും. ബില്ലിന്റെ കരട് നിയമവകുപ്പിന്റെ പരിശോധനയിലാണ്. കേരള പുനർനിർമാണ പദ്ധതി രണ്ടാംഘട്ടത്തിന് വായ്പ നൽകാൻ ലോകബാങ്ക് മുന്നോട്ടുവെച്ച നിബന്ധനകളിൽ ഒന്നാണ് നദീതട പരിപാലന നിയമനിർമാണം. 2022-ഓടെ നദീതട പരിപാലന അതോറിറ്റി പ്രവർത്തനം തുടങ്ങണമെന്നാണ് കരാർ വ്യവസ്ഥ.

പമ്പാ നദീതടത്തിൽ വെള്ളപ്പൊക്കം തടയുന്നതുൾപ്പടെയുള്ള പ്രത്യേക പദ്ധതികൾ നടപ്പാക്കണമെന്നും കരാറിൽ നിബന്ധനയുണ്ട്. 930 കോടി രൂപയാണ് രണ്ടാംഘട്ടത്തിൽ ലോകബാങ്ക് നൽകുക.

നദീകൈയേറ്റം തടയുക, അവയുടെ വീതിയും ആഴവും നിലനിർത്തുക, മലിനീകരണം തടയുക, വെള്ളപ്പൊക്ക സാധ്യതാ മേഖലകളിൽ അവ തടയാൻ പദ്ധതി നടപ്പാക്കുക തുടങ്ങിയ അധികാരങ്ങളാണ് അതോറിറ്റിക്കുള്ളത്. സർക്കാർ പ്രതിനിധികളെക്കൂടാതെ ഈ രംഗത്തെ വിദഗ്ധരും അതോറിറ്റിയിലുണ്ടാവും. നദീമലിനീകരണം തടയാൻ പഞ്ചായത്തിരാജ് നിയമത്തിലും ജലസേചന-ജലസംരക്ഷണ നിയമങ്ങളിലും വ്യവസ്ഥയുണ്ടെങ്കിലും കാര്യക്ഷമമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല. ഇവയെല്ലാം ക്രോഡീകരിച്ചുള്ള ശിക്ഷാവ്യവസ്ഥകൾ പുതിയ നിയമത്തിൽ ഉണ്ടാവും.

പമ്പാനദീതട പരിപാലനഅതോറിറ്റി രൂപവത്കരിക്കാൻ 2009-ൽ കേരളം നിയമം പാസാക്കിയിരുന്നു. എന്നാൽ വിജ്ഞാപനം ചെയ്തില്ല. പൊതു അതോറിറ്റി രൂപവത്‌കരിക്കണമെന്ന ആലോചനയിലായിരുന്നു ഇത്. കേരള പുനർനിർമാണ പദ്ധതി വായ്പയുമായി ബന്ധപ്പെട്ട് നെതർലൻഡസ്‌ സർക്കാരും ലോകബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളുമായി നടന്ന ചർച്ചയിലാണ് ആശയത്തിന് വീണ്ടും ജീവൻവെച്ചത്.

എന്നാൽ അതോറിറ്റിയെ ആരു നയിക്കണമെന്നതിൽ തർക്കമുണ്ടായതിനാൽ ചർച്ചകൾ നീണ്ടു. അതോറിറ്റി മേധാവിയായി ചീഫ് സെക്രട്ടറിയെ നിയമിക്കണമെന്ന് ജലവിഭവവകുപ്പ് നിർദേശിച്ചപ്പോൾ വിരമിച്ച ചീഫ് സെക്രട്ടറി മതിയെന്ന് അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് നിലപാടെടുത്തു. ലോകബാങ്കുമായി കരാറായതിനാൽ ഇനി ഉടൻ അതോറിറ്റി രൂപവത്കരിക്കണം.

2024-ഓടെ 33,000 കർഷകരെ വിള ഇൻഷുറൻസ് പദ്ധതിയിൽ ഉൾക്കൊള്ളിക്കണം, 2026-ഓടെ പമ്പാ നദീതട ജില്ലകളിലെ നാല് നഗരസഭകൾ മാസ്റ്റർപ്ലാൻ അംഗീകരിക്കണം, അടുത്തവർഷത്തോടെ ഇവിടത്തെ 200 ഗ്രാമപ്പഞ്ചായത്തുകളിൽ സമഗ്ര കാലാവസ്ഥാ വിവരവിനിമയ സംവിധാനം, ഉൾപ്പെടെ പമ്പാ നദീതട ജില്ലകളിൽ നടപ്പാക്കണം എന്നിവയാണ് ലോകബാങ്കുമായുള്ള കരാറിലെ ചില വ്യവസ്ഥകൾ.