തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ആൾക്കൂട്ടം ഒഴിവാക്കി ചടങ്ങുകൾ നടത്തും. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊങ്കാല നടത്തുന്നതു സംബന്ധിച്ച മാർഗനിർദേശങ്ങൾ രൂപവത്കരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേർന്നത്.

ഇത്തവണ ക്ഷേത്രവളപ്പിനുള്ളിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്താൻ യോഗം തീരുമാനിച്ചു. ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്‌ട്രേഷനിലൂടെയായിരിക്കും ക്ഷേത്രവളപ്പിലേക്കുള്ള പ്രവേശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാമെന്നതു സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും.

പൊതുനിരത്തുകളിലോ മറ്റു പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുവദിക്കേണ്ടതില്ല എന്ന് യോഗം തീരുമാനിച്ചു. ഭക്തർക്ക് സ്വന്തം വീടുകളിൽ പൊങ്കാലയിടാം. ഗ്രീൻ പ്രോട്ടോക്കോളും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് അന്നദാനമുണ്ടാകും. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകൾ ഒഴിവാക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്ഷേത്രപരിസരത്തെ വാർഡുകൾ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖല.

വി.എസ്.ശിവകുമാർ എം.എൽ.എ., മേയർ ആര്യാ രാജേന്ദ്രൻ, കൗൺസിലർമാർ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, സിറ്റി പോലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

content highlights: attukal ponkala will be conducted