തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ പതിവിൽനിന്ന് വ്യത്യസ്തമായി ഭക്തർ സ്വയം നിർവഹിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി രണ്ടുനാൾ. ക്ഷേത്രത്തിലെ പണ്ടാരയടുപ്പിൽ മാത്രമാണ് ഇക്കുറി പൊങ്കാലസമർപ്പണവും നിവേദ്യവും.

27-ന് രാവിലെ 10.50-ന് ക്ഷേത്രതന്ത്രി ശ്രീകോവിലിൽ നിന്നു പകർന്നുനൽകുന്ന ദീപം മേൽശാന്തി അടുപ്പിൽ തെളിക്കും. ഉച്ചയ്ക്ക് 3.40-ന് ഉച്ചപൂജയും നിവേദ്യവും നടക്കും. ഭക്തർക്ക് വീടുകളിൽ പതിവുള്ള ആചാരപ്രകാരം പൊങ്കാലയർപ്പിക്കാം. ക്ഷേത്രത്തിനു സമീപത്തോ പൊതുവഴികളിലോ പൊങ്കാലയും നിവേദ്യവും ഉണ്ടായിരിക്കുകയില്ല. കോവിഡ് മാനദണ്ഡം പാലിച്ച് ദർശനം അനുവദിക്കും.

ശനിയാഴ്ച രാത്രിയുള്ള പുറത്തെഴുന്നള്ളത്തും ചടങ്ങുകൾ മാത്രമായി നടത്തും. രാത്രി 11.30-ന് തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും. പ്രദക്ഷിണവഴിയിൽ നിവേദ്യങ്ങളൊന്നും സ്വീകരിക്കുകയില്ല. 10-നും 12-നും മധ്യേ പ്രായമുള്ള ബാലികമാർക്ക് താലപ്പൊലി നേർച്ചയിൽ പങ്കെടുക്കാം. ക്ഷേത്രം വകയായി ഒരു കുത്തിയോട്ട ബാലൻ മാത്രം എഴുന്നള്ളത്തിന് അകമ്പടി പോകുമെന്നും ട്രസ്റ്റ് അധികൃതർ അറിയിച്ചു.

Content Highlights: Attukal pongala to be confined to ‘pandara aduppu’