തിരുവനന്തപുരം: ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ശനിയാഴ്ച. ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളിൽ മാത്രമായിരിക്കും. ഭക്തർക്ക് സ്വന്തം വീടുകളിൽ പൊങ്കാലയർപ്പിക്കാം. ക്ഷേത്രത്തിൽ പൊങ്കാല നടക്കുന്ന സമയത്ത്, പതിവുരീതിയിൽ പൊങ്കാല തുടങ്ങുകയും നിവേദിക്കുകയും ചെയ്യാം.

രാവിലെ 10.50-ന് ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാലയടുപ്പിൽ തീപകർന്ന ശേഷം പണ്ടാരയടുപ്പിൽ അഗ്നി തെളിക്കും. വൈകീട്ട് 3.40-ന് ഉച്ചപ്പൂജയ്ക്കു ശേഷം പൊങ്കാലനിവേദ്യം. രാത്രി 7.30-ന് പുറത്തെഴുന്നള്ളത്തും 11 മണിക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും. വഴിയിൽ വിഗ്രഹത്തിനു വരവേൽപ്പോ തട്ടം നിവേദ്യമോ ഉണ്ടായിരിക്കില്ല.

പൊതുസ്ഥലത്ത് പൊങ്കാലയർപ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ആറ്റുകാലിലും സമീപ വാർഡുകളിലുമുള്ള വീടുകളിൽ ബന്ധുക്കൾ കൂട്ടംകൂടുന്നതും കൂട്ടമായി ക്ഷേത്രത്തിലെത്തുന്നതും ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. വീടുകളിൽ നടത്തുന്ന പൊങ്കാലയ്ക്ക് ക്ഷേത്രത്തിൽനിന്നു പൂജാരിമാരെത്തി നിവേദിക്കുന്നതും ഒഴിവാക്കിയിട്ടുണ്ട്.

Content Highlights:  Attukal Pongala on Feb 27, ritual to start at 10.50 am