തിരുവനന്തപുരം (കഴക്കൂട്ടം): കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ വോട്ടിങ്‌ യന്ത്രങ്ങൾ സൂക്ഷിച്ച സേ്ട്രാങ്‌ റൂം തുറക്കാനുള്ള അധികൃതരുടെ നീക്കം ബി.ജെ.പി.യുടെയും കോൺഗ്രസിന്റെയും എതിർപ്പിനെത്തുടർന്ന്‌ ഉപേക്ഷിച്ചു.

ഉപയോഗിക്കാത്ത വോട്ടിങ് യന്ത്രങ്ങൾ സ്‌ട്രോങ് റൂം തുറന്ന് എടുത്തുമാറ്റാനായിരുന്നു വരണാധികാരിയുടെ ശ്രമം. സംഭവം വിവാദമായതോടെ സേ്ട്രാങ്‌ റൂം തുറക്കാനുള്ള നീക്കം ഉപേക്ഷിച്ച്‌ അധികൃതർ മടങ്ങി.

ശ്രീകാര്യത്തെ ലയോള സ്കൂളിലാണ്‌ കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ സേ്ട്രാങ്‌ റൂം. ഉപയോഗിക്കാത്തതും കേടുവന്നതുമായ യന്ത്രങ്ങളും ഇവിടെത്തന്നെയാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. ശനിയാഴ്ച ഉച്ചയ്ക്ക് മുറി തുറന്ന് അവ എടുത്തുമാറ്റുമ്പോൾ സ്ഥലത്തുണ്ടാകണമെന്ന് സ്ഥാനാർഥികളുടെ പ്രതിനിധികളെ വരണാധികാരി അറിയിച്ചു. തുറക്കുന്ന സമയത്തിന്‌ 15 മിനിറ്റുമുമ്പാണ് അറിയിപ്പ് കിട്ടിയതെന്ന് യു.ഡി.എഫ്‌. സ്ഥാനാർഥി ഡോ. എസ്‌.എസ്‌. ലാലും എൻ.ഡി.എ. സ്ഥാനാർഥിയുടെ പ്രതിനിധി ബാലു ഗോപാലകൃഷ്ണനും പറഞ്ഞു.

എൽ.ഡി.എഫ്. സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രനുവേണ്ടി പാങ്ങപ്പാറ മധുവും സ്ഥലത്തെത്തിയിരുന്നു. എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റും ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറിയുമായ ബാലു ഗോപാലകൃഷ്ണനാണ് ആദ്യം പ്രതിഷേധം അറിയിച്ചത്.

വോട്ടെണ്ണുന്നദിവസം രാവിലെമാത്രം സ്ഥാനാർഥികളുടെ ഏജന്റുമാരെ സാക്ഷികളാക്കി തുറക്കേണ്ടതാണ് സ്‌ട്രോങ് റൂമെന്നും രാഷ്ട്രീയതാത്പര്യങ്ങൾക്കു വഴങ്ങുന്ന ഉദ്യോഗസ്ഥർ ഉള്ളതുകൊണ്ട് മറിച്ചുള്ള നടപടികൾ ഒഴിവാക്കണമെന്നും സ്ഥലത്തെത്തിയ ഡോ. എസ്.എസ്. ലാൽ പറഞ്ഞു.

ഉപയോഗിക്കാത്ത യന്ത്രങ്ങൾ മാറ്റുന്നതിന്റെ മറവിൽ കൃത്രിമങ്ങൾക്കു സാധ്യത സംശയിച്ചതുകൊണ്ടാണ് എതിർത്തതെന്നു ബാലു പറഞ്ഞു. ഉപയോഗിക്കാത്ത യന്ത്രങ്ങൾ എടുക്കാൻ കളക്ടർ നിർദേശിച്ചെന്നു പറഞ്ഞതല്ലാതെ, തിരഞ്ഞെടുപ്പുകമ്മിഷന്റെ ഉത്തരവ് വരണാധികാരി കാണിച്ചില്ല.

സ്ഥലത്തെത്തിയ എൽ.ഡി.എഫ്. പ്രതിനിധി സംഭവത്തെ എതിർത്തില്ലെന്നും ഇവർ പറയുന്നു. തപാൽ ബാലറ്റുകൾ വരുമ്പോൾ അതിനുള്ള സ്‌ട്രോങ് റൂം തുറക്കുന്നത് സ്ഥാനാർഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിൽത്തന്നെ ആകണമെന്ന് വരണാധികാരിയോട് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഉപയോഗിക്കാത്ത യന്ത്രങ്ങളായാലും മറ്റുള്ളവരുടെ എതിർപ്പുള്ള സാഹചര്യത്തിൽ എടുത്തുമാറ്റേണ്ട എന്നാണ് എൽ.ഡി.എഫും അഭിപ്രായപ്പെട്ടതെന്ന്‌ മുന്നണിയുടെ മണ്ഡലം മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് പദ്‌മകുമാർ പറഞ്ഞു.

വിവാദം വെറുതേയെന്നു വരണാധികാരി

: ചിലർ വെറുതേ വിവാദമുണ്ടാക്കുകയാണെന്ന് കഴക്കൂട്ടത്തെ വരണാധികാരിയും ഡെപ്യൂട്ടി കളക്ടറുമായ റോയ് കുമാർ ‘മാതൃഭൂമി’യോടു പറഞ്ഞു. വോട്ടുകൾ രേഖപ്പെടുത്തിയ യന്ത്രങ്ങളും ഉപയോഗിക്കാത്ത യന്ത്രങ്ങളും വെവ്വേറെ സ്‌ട്രോങ് മുറികളിലാണ് സൂക്ഷിച്ചിട്ടുള്ളത്.

ഉപയോഗിക്കാത്തവ തിരിച്ചേൽപ്പിക്കാൻ തിരഞ്ഞെടുപ്പുകമ്മിഷന്റെ നിർദേശമുണ്ടായി. മറ്റു മണ്ഡലങ്ങളിലും അതുണ്ടായി.

പദ്ധതിയിട്ടത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ -ഡോ. എസ്.എസ്. ലാൽ

: മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂം തുറക്കാൻ പദ്ധതിയിട്ടത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് യു.ഡി.എഫ്. സ്ഥാനാർഥി ഡോ. എസ്.എസ്. ലാൽ ആരോപിച്ചു.

ശോഭാ സുരേന്ദ്രൻ പരാതി നൽകി

: സ്‌ട്രോങ് മുറിയിൽ റിട്ടേണിങ് ഓഫീസർ അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണയ്ക്ക് എൻ.ഡി.എ. സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ പരാതി നൽകി.

മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന മുറി എന്തടിസ്ഥാനത്തിലാണ് തുറക്കാൻ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കണമെന്ന് ബി.ജെ.പി. കഴക്കൂട്ടം മണ്ഡലം പ്രസിഡന്റും എൻ.ഡി.എ. പ്രചാരണത്തിന്റെ മുഖ്യസംഘാടകനുമായ ആർ.എസ്. രാജീവ് ആവശ്യപ്പെട്ടു.