പാലക്കാട്: കോവിഡ് പ്രതിരോധത്തിൽ മാതൃകതീർത്ത് അട്ടപ്പാടി മേഖല. സംസ്ഥാനത്ത് ആദ്യ കോവിഡ് ബാധ തിരിച്ചറിഞ്ഞ് ആറുമാസം പിന്നിടുമ്പോൾ പുറമേനിന്നുവന്ന 12 പേരൊഴിച്ച് ഒരാൾക്കുപോലും വൈറസ് ബാധയേൽക്കാതെ സംരക്ഷണവലയം തീർത്തു അട്ടപ്പാടി. ഓഗസ്റ്റ് ഒന്നിലെ കണക്കനുസരിച്ചാണിത്.
പ്രതിരോധവലയം
മൂന്നു പഞ്ചായത്തുകളേ ഉള്ളൂവെങ്കിലും 745 ചതുരശ്ര കിലോമീറ്ററോളം ഭൂവിസ്തൃതിയുണ്ട് അട്ടപ്പാടിക്ക്. തമിഴ്‌നാടിനോടു ചേർന്നുകിടക്കുന്ന ഈ മേഖലയിൽ കോവിഡ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്ന് മുൻകൂട്ടി തിരിച്ചറിഞ്ഞ് നിയന്ത്രണങ്ങൾ കൃത്യമായി നടപ്പാക്കി. പോലീസ്, എക്സൈസ്, വനം, ആരോഗ്യം എന്നിവർക്കൊപ്പം സന്നദ്ധ പ്രവർത്തകരും ചേരുന്നതാണ് പ്രതിരോധവലയം. പുറത്തുനിന്ന് ആരെങ്കിലും എത്തിയാൽ വിവരം അധികൃതരെ ഊരുവാസികൾത്തന്നെ അറിയിക്കും.
വീടുകളിൽപ്പോയി തിരികെയെത്തുന്ന അട്ടപ്പാടി മേഖലയിലെ ജോലിക്കാരെ തിരിച്ചെത്തുന്ന ദിവസം താമസസ്ഥലങ്ങളിൽ കഴിയാൻ നിർദേശിക്കും. പിറ്റേന്ന് ആന്റിജൻ പരിശോധന നടത്തിയേ ജോലിയിൽ പ്രവേശിപ്പിക്കൂ. പുറത്ത് ചികിത്സയ്ക്ക് പോയിവരുന്നവരെയും കൂട്ടിരിപ്പുകാരെയും ആന്റിജൻ പരിശോധനയ്ക്കുശേഷമേ ഊരുകളിലേക്കും വീടുകളിലേക്കും പ്രവേശിപ്പിക്കൂ. ചരക്കുവണ്ടികളിൽ പോയിവരുന്ന ഡ്രൈവർമാരടക്കമുള്ളവർക്ക് കൃത്യമായ ഇടവേളകളിൽ ആന്റിജൻ പരിശോധന നടത്തുന്നുണ്ട്.
ചെക് പോസ്റ്റുകൾ വെട്ടിച്ചെത്താൻ ആളുകൾ ഉപയോഗിക്കാറുള്ള മൂന്ന് ഊടുവഴികളുടെ പരിസരത്തെ താമസക്കാരുൾപ്പെടെ 140-ലേറെ പേർക്കും ആന്റിജൻ പരിശോധന നടത്തിക്കഴിഞ്ഞു. മറ്റിടങ്ങളിൽനിന്ന് അട്ടപ്പാടിയിലേക്കെത്തുന്നവർ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുന്നില്ലെന്നും ഉറപ്പുവരുത്തിയിട്ടുണ്ട്.
ചെക്ക് പോസ്റ്റുകൾ അടച്ചിടും
ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ അട്ടപ്പാടിയിലേക്കും അട്ടപ്പാടി ചുരത്തിലേക്കും കൂടുതൽ സഞ്ചാരികളെത്തിയിരുന്നു. ഇത് രോഗവ്യാപന ഭീഷണി ഉയർത്തുന്നതിനാൽ ഞായറാഴ്ച മുതൽ അവധി ദിവസങ്ങളിൽ ആനമൂളിയിലെയും മുക്കാലിയിലെയും ചെക്ക് പോസ്റ്റുകൾ അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. അത്യാവശ്യ യാത്രകൾ മാത്രമേ അനുവദിക്കൂ.
ഒരുമിച്ചുള്ള പ്രവർത്തനം
സാമൂഹിക അകലം പാലിക്കലും മുഖാവരണം ധരിക്കലുമുൾപ്പെടെയുള്ള നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ട്. വിവിധ വകുപ്പുകൾക്കൊപ്പം പതിനഞ്ചിലേറെ സന്നദ്ധ പ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങൾക്കുണ്ട്. -ഡോ. പ്രഭുദാസ്, നോഡൽ ഓഫീസർ, അട്ടപ്പാടി
നിയന്ത്രണം കർശനമാക്കി
അട്ടപ്പാടി മേഖലയിലേക്കുള്ള പൊതുവഴികളിലും ഊടുവഴികളിലുമെല്ലാം നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്. പകർച്ചവ്യാധി പ്രതിരോധ നിയമമനുസരിച്ച് 400-ലേറെ കേസുകൾ രജിസ്റ്റർ ചെയ്തു. കൂടുതലും പുറത്തുനിന്നെത്തിയവരാണ് നിയമലംഘനം നടത്തുന്നത്. -സി. സുന്ദരൻ, ഡിവൈ.എസ്.പി., അഗളി
കോവിഡ് കണക്കുകൾ(ഓഗസ്റ്റ് ഒന്നുവരെ)
- അട്ടപ്പാടിയിൽ താമസിക്കുന്ന കോവിഡ് പോസിറ്റീവായവർ-0
- പുറമേനിന്നെത്തി കോവിഡ് പോസിറ്റീവായവർ-12
- രോഗമുക്തി നേടിയവർ-12
- ക്വാറന്റീനിലുള്ളവർ-85
- വിദേശത്തുനിന്നെത്തിയവർ-09
- മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ-73
- ക്വാറന്റീനിൽ കഴിയുന്നവരുള്ള വീടുകൾ- 25
- ഇതുവരെ ക്വാറന്റീൻ പൂർത്തിയാക്കിയവർ -2983
- പരിശോധനയ്ക്കയച്ച സാംപിളുകൾ -1102
Content Highlights: Attappadi fights back against Covid-19 pandemic