കോഴിക്കോട്: ശബരിമല യുവതീപ്രവേശത്തെ അനുകൂലിച്ച് ‘വില്ലുവണ്ടി കോഴിക്കോടി’ന്റെ നേതൃത്വത്തിൽ പ്രകടനം നടത്തിയവർക്കുനേരെ അക്രമം. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ ഏഴു പേർക്ക് പരിക്കേറ്റു. നിസ പ്രസിഡന്റ് വി.പി. സുഹറ ഉൾപ്പെടെയുള്ളവർക്കുനേരെയായിരുന്നു അതിക്രമം. അക്രമികൾ ബഹളംവെച്ചു പിന്തുടർന്നപ്പോൾ സുഹറയും രണ്ട് സഹപ്രവർത്തകരും സമീപമുള്ള കടയിൽക്കയറി ഷട്ടർ താഴ്ത്തി രക്ഷപ്പെടുകയായിരുന്നു. ഒരുമണിക്കൂറോളം റോഡിൽ സംഘർഷാവസ്ഥ തുടർന്നു. സമരക്കാർ പിരിഞ്ഞുപോവുംവരെ സുഹറയും കൂട്ടരും കടയ്ക്കുള്ളിൽ തങ്ങിയതുകൊണ്ട് രക്ഷപ്പെട്ടു. ബി.ജെ.പി-ശബരിമല കർമസമിതി പ്രവർത്തകരാണ് അക്രമിച്ചത്. ബുധനാഴ്ച വൈകീട്ട് ആറെകാലോടെയായിരുന്നു സംഭവം.

ബിന്ദുവിനും കനകദുർഗയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആർട്ട്‌ ഗാലറി പരിസരത്തുനിന്ന് കിഡ്‌സൺ കോർണറിലേക്കാണ് വില്ലുവണ്ടി സംഘം പ്രകടനംനടത്തിയത്. കിഡ്‌സൺ കോർണറിന്റെ ഒരുഭാഗത്ത് ഒത്തുചേർന്ന് ഇവർ സമ്മേളനവും നടത്തി. പരിപാടി അവസാനിക്കാറയപ്പോഴാണ് പ്രതിഷേധക്കാർ എത്തിയത്.

ആദിത്യൻ ഷാജി, ബാബുരാജ്, അനിൽ കുമാർ തിരുവോത്ത്, ബർസ, റഹ്മ, സി. യമുന, ഒ.പി. രവീന്ദ്രൻ എന്നിവർക്കാണ് പരിക്കേറ്റത്. വി.പി. സുഹറയ്ക്ക് നേരെ അസഭ്യവർഷവും ഉണ്ടായി. ഇവർക്കൊപ്പമുണ്ടായിരുന്ന അംബികയ്ക്കുനേരെ കൈയേറ്റമുണ്ടായി. ഇവർ സമീപത്തുള്ള കെട്ടിടത്തിലേക്ക് കയറിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പോലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ സമരക്കാരിൽനിന്ന് രക്ഷപ്പെടുത്തി ആർട്ട് ഗാലറി കെട്ടിടത്തിൽ എത്തിച്ചത്. ഇവിടെവെച്ച് പോലീസിനുനേരെ ചീമുട്ടയേറും ഉണ്ടായി.

പരിക്കേറ്റവരെ പോലീസ് ആശുപത്രിയിലാക്കി.

ചരിത്രപരമായ മാറ്റം -വി.പി. സുഹറ

ശബരിമലയിലെ യുവതീപ്രവേശം ചരിത്രപരമായ മാറ്റമാണെന്ന് വി.പി. സുഹറ. വില്ലുവണ്ടി നടത്തിയ ഐക്യദാർഢ്യസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. ശുദ്ധിയും അശുദ്ധിയും സൃഷ്ടിക്കുന്നവർക്കുള്ള മറുപടിയാണത്. യുവതികൾ കയറിയതിന്റെ പേരിൽ ശുദ്ധിക്രിയ നടത്തിയ തന്ത്രിയെ അറസ്റ്റുചെയ്യണം.

ഡോ. ബിന്ദു നെരവത്ത്, സപ്‌ന പരമേശ്വരൻ, അനിൽ കുമാർ തിരുവോത്ത്, പി.കെ. നിർമല, ഷജിൽ താമരശ്ശേരി, വി. ബിനോയ്, സി. യമുന തുടങ്ങിയവർ സംസാരിച്ചു.

content highlights: Attack against Sabarimala women entry supporters march held at kozhikode