തിരുവനന്തപുരം: എ.ടി.എം. തട്ടിപ്പ് കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള റുമേനിയക്കാരനായ മുഖ്യപ്രതി ഗബ്രിയേല്‍ മരിയനെ കൂടുതല്‍ തെളിവെടുപ്പിനായി തിങ്കളാഴ്ച മുംബൈയിലേക്ക് കൊണ്ടുപോകും. മ്യൂസിയം എസ്.ഐ. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പോലീസ് സംഘമാണ് മുംബൈയിലേക്ക് കൊണ്ടുപോകുക.
ഞായറാഴ്ച അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ഇ. ബൈജുവിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം ഗബ്രിയേല്‍ മരിയനെ, ഇയാളും കൂട്ടാളികളും താമസിച്ചിരുന്ന തലസ്ഥാനത്തെ നാലു ഹോട്ടലുകളിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. മുംബൈയില്‍ നിരവധിസ്ഥലത്ത് ഇയാള്‍ തങ്ങിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 22 വരെയാണ് ഇയാളെ കസ്റ്റഡിയില്‍ ലഭിച്ചിട്ടുള്ളത്.
എ.ടി.എം. തട്ടിപ്പ് സംഘത്തിലെ അഞ്ചാമനായ കോസ്‌മെ രാജ്യംവിട്ടു. ഇയാളെ കൂടാതെ ഇനിയും ആരെങ്കിലും എ.ടി.എം. തട്ടിപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
മുഖ്യപ്രതി ഗബ്രിയേല്‍ മരിയന്‍ അറസ്റ്റിലായതിനുശേഷവും കോസ്‌മെ മുംബൈയിലെ എ.ടി.എമ്മില്‍നിന്ന് പണം പിന്‍വലിച്ചുവെന്ന് പോലീസ് കണ്ടെത്തി. എന്നാല്‍ ഇയാള്‍ തലസ്ഥാനത്ത് എത്തിയതായി പോലീസിന് സൂചന ഒന്നും ലഭിച്ചിട്ടില്ല. തലസ്ഥാനത്ത് എ.ടി.എം. തട്ടിപ്പിനെത്തിയ നാലംഗ സംഘത്തെ നേരത്തെ തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു.
ഗബ്രിയേല്‍ മരിയന്‍, ക്രിസ്റ്റ്യന്‍ വിക്ടര്‍, ഫ്‌ലോറിയന്‍, ഇയോന്‍ സ്ലോറിന്‍ എന്നിവരായിരുന്നു തട്ടിപ്പിന് തലസ്ഥാനത്ത് എത്തിയത്.
ഇതില്‍ ഗബ്രിയേല്‍ ആഗസ്റ്റ് 9ന് മുംബൈയില്‍ നിന്ന് പിടിയിലാകുകയായിരുന്നു. ഇതിനുശേഷവും വ്യാജ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചതോടെയാണ് അഞ്ചാമനെക്കുറിച്ച് സംശയമുണ്ടായത്. മുംബൈയിലെ എ.ടി.എം. കൗണ്ടറില്‍ നിന്ന് ലഭിച്ച സി.സി.സി.ടി. ദൃശ്യങ്ങളില്‍ നിന്നുമാണ് അഞ്ചാമന്‍ കോസ്‌മെയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ഇയാളെ തിരിച്ചറിഞ്ഞപ്പോഴേക്കും പണവുമായി ഇയാളും രാജ്യംവിട്ടിരുന്നു. 11ന് മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ രാജ്യം വിട്ടത്. സംഘത്തിലുണ്ടെന്ന് പോലീസിന് കൃത്യമായി വിവരം ലഭിച്ച നാലുപേരും രാജ്യംവിട്ടുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
കോസ്‌മെ മുംബൈയില്‍ മാത്രമായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇതുവരെ എട്ടുലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയാണ് പോലീസിന് ലഭിച്ചത്. രാജ്യംവിട്ടവരെ കണ്ടെത്താനും സമാനമായ കുറ്റകൃത്യങ്ങള്‍ക്കുള്ള വിവരങ്ങള്‍ ശേഖരിക്കാനും റെഡ് കോര്‍ണര്‍ നോട്ടീസും പര്‍പ്പിള്‍ നോട്ടീസും ഇന്റര്‍പോള്‍ പുറത്തിറക്കും. ഇതിനായി ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ ഇന്‍ര്‍പോളിന് കത്തയച്ചിട്ടുണ്ട്.