കൊച്ചി: ഷൂട്ടിങ്ങിനിടെ ലോക്‌ഡൗൺമൂലം ജോർദാനിൽ കുടുങ്ങിയ നടൻ പൃഥ്വിരാജും സംഘവും കൊച്ചിയിൽ തിരിച്ചെത്തി. സംവിധായകൻ ബ്ലെസി ഉൾപ്പെടെ 58 പേരടങ്ങിയ സംഘം വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തിയത്.

വൈദ്യപരിശോധന പൂർത്തിയാക്കിയ എല്ലാവരെയും ക്വാറന്റീനിലേക്കുമാറ്റി. പൃഥ്വി സ്വന്തം ചെലവിൽ സർക്കാർ നിർദേശിച്ച കൊച്ചിയിലെ ഹോട്ടലിൽ ക്വാറൻറീനിലാണ്. തിരുവല്ലയിലാണ് ബ്ലെസി നിരീക്ഷണത്തിൽ കഴിയുന്നത്.

‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോർദനിലേക്ക് പോയത്. ലോക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങി. സ്ഥിതി മെച്ചപ്പെട്ടതോടെ ജോർദാൻ സർക്കാരിന്റെ പ്രത്യേകാനുമതിയോടെ ഷൂട്ടിങ് ഷെഡ്യൂൾ പൂർത്തിയാക്കി. തുടർന്നാണ് ഡൽഹിവഴി കൊച്ചിയിലേക്ക് പറന്നത്.

സ്വയം വാഹനമോടിച്ച് ക്വാറന്റീനിലേക്ക്

പൃഥ്വിരാജ് കൊച്ചിയിലെത്തുമ്പോൾ മാനേജർ ഹാരിസ് ദേശം കാറുമായെത്തിയിരുന്നു. ‘‘പ്രിയപ്പെട്ട ബി.എം.ഡബ്ല്യു. കാറുമായി വരണമെന്ന് പറഞ്ഞിരുന്നു. ക്വാറന്റീനിൽ കഴിയുന്ന ഫോർട്ടുകൊച്ചിയിലെ ഹോട്ടലിലേക്ക് രാജു സ്വയം വാഹനമോടിച്ചാണ്‌ പോയത്. പോലീസിന്റെ അനുമതിയും വാങ്ങി. ഡ്രൈവറെക്കൂട്ടിയാൽ അയാളും നിരീക്ഷണത്തിലാവും. മറ്റൊരാളെ ബുദ്ധിമുട്ടിക്കാതെ തനിച്ച് ഡ്രൈവ് ചെയ്യാമെന്ന് പൃഥ്വിതന്നെയാണ് നിർദേശിച്ചത്’’ -ഹാരിസ് പറഞ്ഞു.

Content Highlight: At the end of Aadujeevitham, Prithviraj and his team returned