തിരുവനന്തപുരം: നിയമസഭയിൽനടന്ന അതിക്രമക്കേസിൽ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള ആറുപ്രതികളെയും വിചാരണയില്ലാതെ വിട്ടയക്കാനാവില്ലെന്ന് കോടതി. അതിക്രമത്തിന്റെ ദൃശ്യങ്ങളിൽ പൊതുമുതൽ നശിപ്പിക്കുന്നത് വ്യക്തമാണ്. ഈ ദൃശ്യംതന്നെ ആവശ്യത്തിലേറെ തെളിവുനൽകുന്നുണ്ട്. ദൃശ്യങ്ങൾ കൃത്രിമമാണെന്ന പ്രതികളുടെ വാദം അംഗീകരിക്കാനാവില്ല. അതിനാൽ, എല്ലാ പ്രതികളും വിചാരണ നേരിടാൻ നവംബർ 22 -ന് കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.

മന്ത്രി ശിവൻകുട്ടിക്ക് പുറമേ, മുൻമന്ത്രിമാരായ കെ.ടി. ജലീൽ, ഇ.പി. ജയരാജൻ, മുൻ എം.എൽ.എ.മാരായ കെ. അജിത്ത്, സി.കെ. സദാശിവൻ, കെ. കുഞ്ഞമ്മദ് എന്നിവരാണ് കേസിലെ പ്രതികൾ. 2013 മാർച്ച് 13-ന് കെ.എം. മാണിയുടെ ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ശ്രമിച്ചതാണ് അതിക്രമത്തിലേക്കും പൊതുമുതൽ നശിപ്പിക്കുന്നതിലേക്കും എത്തിയത്. പ്രതിഷേധം മാത്രമായിരുന്നു സഭയിൽ നടന്നതെന്നും, മറ്റുകുറ്റകൃത്യങ്ങൾ നടത്തിയിട്ടില്ലെന്നുമുള്ള വാദമാണ് മന്ത്രിയടക്കം വിടുതൽഹർജി നൽകി കോടതിയെ അറിയിച്ചത്.

ബജറ്റ് തടയുക മാത്രമായിരുന്നു പ്രതികളുടെ ലക്ഷ്യം എന്ന വാദം ഈ ഘട്ടത്തിൽ തീരുമാനിക്കേണ്ട കാര്യമല്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് ഹാജരാക്കിയ സി.സി.ടി.വി. ദൃശ്യങ്ങളുടെ ഡി.വി.ഡി.യിൽനിന്നും സാക്ഷിമൊഴികളിൽനിന്നും കുറ്റകൃത്യത്തിൽ പ്രതികളുടെ പങ്ക് വളരെ വ്യക്തവും ആവശ്യത്തിലേറെ തെളിവുനൽകുന്നതുമാണ്. പ്രതികളെല്ലാം ബജറ്റ് അവതരണത്തിന്റെ തലേദിവസം സഭയിൽ തങ്ങിയതിൽനിന്ന്, സഭ തല്ലിത്തകർക്കാൻ ഉദ്ദേശ്യമില്ലായിരുന്നു എന്ന പ്രതികളുടെ വാദം സാധൂകരിക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.