മലപ്പുറം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ രണ്ടാമത്തെ വലിയ കക്ഷിയായ മുസ്‌ലിംലീഗ് ലക്ഷ്യമിടുന്നത് 30 വരെ സീറ്റുകൾ. കഴിഞ്ഞതവണ 24 സീറ്റുകളിലാണ് പാർട്ടി മത്സരിച്ചത്. അതിൽ 19 എണ്ണത്തിലും ജയിക്കാനായി. ഇത്തവണ ആറ് സീറ്റുകളെങ്കിലും കൂടുതൽ കിട്ടണമെന്നാണ് ലീഗിന്റെ ആവശ്യം.

ലോക് താന്ത്രിക് ജനതാദളിന് (എൽ.ജെ.ഡി.) ശേഷം കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗംകൂടി യു.ഡി.എഫ്. വിട്ടതോടെയാണ് കൂടുതൽ സീറ്റെന്ന അവകാശവാദത്തിന് ബലം കൂടിയത്. ഈയിനത്തിൽ 14 സീറ്റുകളെങ്കിലും ഒഴിവുവരും. അതിൽ മിക്കതും കോൺഗ്രസും ലീഗും പങ്കിട്ടെടുക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ പുരോഗമിക്കുകയാണ്.

2016-ൽ കേരളാ കോൺഗ്രസ് (എം.) 15 സീറ്റുകളിലും എൽ.ജെ.ഡി. ഏഴിടത്തുമാണ് മത്സരിച്ചത്. ഈ 22 സീറ്റുകളിൽ എട്ടെണ്ണംവരെ ഇക്കുറി പി.ജെ. ജോസഫ് വിഭാഗത്തിന് കൊടുക്കേണ്ടിവരും. ബാക്കിവരുന്ന 14 സീറ്റുകളിലാണ് കോൺഗ്രസിനൊപ്പം ലീഗും നോട്ടമിട്ടിരിക്കുന്നത്. ആർ.എസ്.പി., കേരള കോൺഗ്രസ് ജേക്കബ് വിഭാഗം, ഫോർവേഡ് ബ്ലോക്ക് തുടങ്ങിയ ഘടകകക്ഷികളും താത്‌പര്യമറിയിച്ചതായാണ് വിവരം.

യു.ഡി.എഫിന് പൊതുവിൽ പ്രതികൂല രാഷ്ട്രീയ സാഹചര്യമുള്ളപ്പോഴടക്കം പാർട്ടി മത്സരിക്കുന്ന മിക്ക മണ്ഡലങ്ങളിലും ജയം തുടരാനാകുന്നതാണ് ലീഗിന് ആത്മവിശ്വാസം പകരുന്നത്. അധികമായി കിട്ടുന്ന സീറ്റുകളിലും ജയിച്ചുകയറാനാകുമെന്ന് അവർ അവകാശപ്പെടുന്നു. ലീഗിന് കൂടുതൽ സീറ്റുകൾക്ക് അർഹതയുണ്ടെന്ന കാര്യത്തിൽ കോൺഗ്രസടക്കമുള്ള കക്ഷികൾക്കും എതിരഭിപ്രായമില്ല.

മലബാറിൽ ഒതുങ്ങരുതെന്ന വികാരം

മലബാറിൽ ഒഴിവുവരുന്ന സീറ്റുകൾക്കാണ് ലീഗ് മുൻഗണന നൽകുന്നത്. എന്നാൽ, മലബാറിൽ ഒതുങ്ങിക്കൂടാതെ തെക്കൻകേരളത്തിലും മധ്യകേരളത്തിലും കൂടുതൽ സാന്നിധ്യം വേണമെന്ന വികാരം പാർട്ടിയിലുണ്ട്. ആ നിലയ്ക്ക് തിരുവനന്തപുരത്തെ കഴക്കൂട്ടം, കോട്ടയത്തെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ മണ്ഡലങ്ങളിലും ലീഗിന് താത്‌പര്യമുണ്ട്. കഴക്കൂട്ടം, കാഞ്ഞിരപ്പള്ളി സീറ്റുകളിൽ പാർട്ടി നേരത്തേ മത്സരിച്ചതുമാണ്.

യൂത്ത്‌ലീഗ് സമ്മർദ്ദവും

കൂടുതൽ സീറ്റുകൾ വാങ്ങണമെന്ന യൂത്ത് ലീഗിന്റെ സമ്മർദ്ദവും ലീഗിലുണ്ട്. 28 മുതൽ 30 വരെ സീറ്റുകൾക്ക് അർഹതയുണ്ടെന്ന് ജോസ് കെ.മാണി വിഭാഗം യു.ഡി.എഫ്. വിടുന്നതിന് മുമ്പുതന്നെ യൂത്ത് ലീഗ് ബോധ്യപ്പെടുത്തിയതാണ്. യുവാക്കൾക്ക് 25 ശതമാനം സീറ്റുകൾ ആവശ്യപ്പെടുന്ന ഫോർമുല അവർ അവതരിപ്പിച്ചിട്ടുണ്ട്.

Content Highlights: Assembly elections: Muslim League is targeting up to 30 seats