തിരുവനന്തപുരം : ഇടതുമുന്നണിക്ക് എത്രകുറഞ്ഞാലും 80 സീറ്റ് ലഭിക്കുമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. തുടർഭരണം ലഭിക്കും. കടുത്തമത്സരം നടന്ന ചില മണ്ഡലങ്ങളെ ചേർക്കാതെയുള്ള കണക്കാണിത്. ഇക്കൂട്ടത്തിൽനിന്ന് ചില സീറ്റുകൾ ലഭിക്കാം. അങ്ങനെ വന്നാൽ 85-90 സീറ്റോടെ തുടർഭരണം ഉറപ്പാകുമെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ വിലയിരുത്തൽ.

തിരഞ്ഞെടുപ്പിനുശേഷം ബൂത്ത് തലത്തിൽനിന്ന് ശേഖരിച്ച്, മണ്ഡലം കമ്മിറ്റികൾ തിട്ടപ്പെടുത്തിയ കണക്കാണ് യോഗംപരിഗണിച്ചത്. കടുത്തമത്സരം നടന്ന നേമം, തൃത്താല പോലെയുള്ള മണ്ഡലങ്ങളിൽ വിജയപ്രതീക്ഷയുണ്ടെങ്കിലും ഉറപ്പുള്ള സീറ്റുകളുടെ കൂട്ടത്തിൽപ്പെടുത്തിയിട്ടില്ല.

തെക്കൻ ജില്ലകളിലാകും യു.ഡി.എഫിന് അല്പം നേട്ടമുണ്ടാകുക. പ്രത്യേകിച്ചും കൊല്ലം, ആലപ്പുഴ ജില്ലകളിൽ. ആലപ്പുഴയിൽ സംഘടനാപരമായി പരിഹാരം കാണേണ്ട ചില ഉൾപാർട്ടി പ്രശ്നങ്ങളും ഉയർന്നിട്ടുണ്ട്. സർക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന ആരോപണങ്ങൾ വിശദീകരണത്തിലൂടെ ചെറുക്കാൻ പാർട്ടിക്കായി. ചില സമുദായസംഘടനകളും നേതൃത്വങ്ങളും അവരുടെ പരിധിക്ക് പുറത്തുവന്ന് കക്ഷിരാഷ്ട്രീയത്തിൽ ഇടപെടുന്ന സ്ഥിതിയുണ്ടായെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.

പ്രചാരണത്തിന്റെ അവസാനഭാഗത്ത് രാഹുൽഗാന്ധിയും പ്രിയങ്കയും ഉൾപ്രദേശങ്ങളിലേക്കുപോലും കടന്നുവന്നത് യു.ഡി.എഫിന്‌ ഗുണമായി. പിന്നാക്കം നിന്ന ചില മണ്ഡലങ്ങളിൽ ഒപ്പത്തിനൊപ്പമെത്താൻ ഇത് യു.ഡി.എഫിനെ സഹായിച്ചു. രണ്ട് ടേം മാനദണ്ഡത്തിന്റെ പേരിൽ സിറ്റിങ് എം.എൽ.എ.മാരിൽ പലരെയും വീണ്ടും മത്സരിപ്പിക്കാഞ്ഞത് ആദ്യഘട്ടത്തിൽ ചില ബുദ്ധിമുട്ടുകൾക്ക് കാരണമായി. പാർട്ടിസംഘടനാസംവിധാനത്തിലൂടെ ഈ പോരായ്മകൾ മറികടക്കാനും എല്ലാവരെയും പ്രചാരണത്തിൽ സജീവമാക്കാനും സാധിച്ചെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ.

‘ബി.ജെ.പി.ക്ക് സീറ്റ് കിട്ടില്ല’

ബി.ജെ.പി.ക്ക് സീറ്റൊന്നും കിട്ടില്ലെന്ന് സി.പി.എം. കരുതുന്നു. ത്രികോണമത്സരംനടന്ന ചില മണ്ഡലങ്ങളിൽപോലും ബി.ജെ.പി. വോട്ടുകൾ പോൾ ചെയ്യപ്പെടാതിരിക്കുകയോ നിശ്ശബ്ദമാകുകയോ ചെയ്തു. അത് അവരുടെ ആഭ്യന്തരപ്രശ്നങ്ങൾമൂലമാകാമെന്നും യോഗം വിലയിരുത്തി.