തിരുവനന്തപുരം: ‘ആകാശത്തിന് എന്തുനിറം കൊടുക്കും?’ പച്ചയെന്ന് അസ്‌ന. സൂര്യന് കടുംനീല. അവയ്ക്കിടയിലെ മേഘങ്ങൾക്ക് മെറൂൺ നിറം. കാഴ്ചയില്ലാകണ്ണുകൾ ചിമ്മി ഭാവനാലോകത്തിരുന്ന് അവളിങ്ങനെ നിറംകൊടുക്കുന്ന രംഗം ക്ലാസ്‌മുറിയിൽ മലയാളം ടീച്ചർ പഠിപ്പിക്കുമ്പോൾ, മുൻ െബഞ്ചിൽ അസ്‌നയുണ്ടാകും.

പാഠപുസ്തകത്തിലെ ആ അധ്യായത്തിൽ ചിത്രംസഹിതം താനുണ്ടെന്ന് അവൾ കേട്ടറിയും. ഒരേസമയം, അമ്പരപ്പും നൊമ്പരവും നിറയും പട്ടം സർക്കാർ ഗേൾസ് സ്കൂളിലെ ഈവർഷത്തെ പ്ലസ്‌വൺ ക്ലാസ്മുറിയിൽ. താൻഅഭിനയിച്ച് ദേശീയഅവാർഡ് നേടിയ സിനിമ തനിക്ക് പഠിക്കാനായി മുന്നിൽ; ഇതാണ് സിനിമാക്കഥപോലുള്ള അസ്‌നയുടെ ‘സിലബസ് കഥ’.

2009-ൽ ഗീതുമോഹൻദാസ് സംവിധാനം ചെയ്ത ‘കേൾക്കുന്നുണ്ടോ’ എന്ന കഥാചിത്രത്തിലെ അന്ധയായ പെൺകുട്ടിയായി അഭിനയിച്ച് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് നേടിയതാണ് അസ്‌ന. പൂർണമായും കാഴ്ചയില്ലാത്ത അസ്‌നയുടെ കഥാപാത്രവും അങ്ങനെയായിരുന്നു. ഈ സിനിമയും തിരക്കഥാഭാഗവുമാണ് ഇക്കുറി പ്ലസ്‌വൺ മലയാളം രണ്ടാംവിഷയത്തിൽ പഠിക്കാനുള്ളത്. സിനിമയിൽനിന്നുള്ള അസ്‌നയുടെ ചിത്രവും പുസ്തകത്തിലുണ്ട്. കേൾവിയിലൂടെ ലോകത്തെ അറിയുന്ന അന്ധയായ പെൺകുട്ടിയുടെ കഥപറയുന്ന ‘കേൾക്കുന്നുണ്ടോ’ ഗോവൻമേളയിൽ ഗോൾഡൻ ട്രീ ലാംപ് പുരസ്കാരവും നേടിയിട്ടുണ്ട്.

ആലുവ അന്ധവിദ്യാലയത്തിൽ പഠിക്കുമ്പോൾ അഞ്ചരവയസ്സിലാണ് അസ്‌ന ഈ സിനിമയിൽ അഭിനയിക്കുന്നത്. ചിത്രം സ്ക്രീനിലെത്തിയപ്പോൾ അഭിനയമല്ലിത്, കാഴ്ചയില്ലാ ലോകത്തുനിന്നുള്ള സ്വാഭാവിക പ്രതികരണങ്ങളായിരുന്നുവെന്നുകണ്ട് ആസ്വാദകർ അമ്പരന്നു. രാഷ്ട്രപതിയായിരുന്ന പ്രതിഭാപാട്ടീലിൽനിന്ന് കൊച്ച് അസ്‌ന ദേശീയ പുരസ്കാരം ഏറ്റുവാങ്ങുന്ന ചിത്രവും വാർത്തയുമൊക്കെ ഏറെ ആഘോഷിക്കപ്പെട്ടു.

പക്ഷേ, പിന്നാലെ സിനിമയുടെ വെള്ളിവെട്ടത്തിൽനിന്നിറങ്ങി അസ്‌ന വീണ്ടും കഷ്ടതകളുടെ പഴയ ഇരുട്ടിലൂടെ നടന്നു. ചാലയിലെ പച്ചക്കറിക്കടയിൽ സഹായിയായി നിൽക്കുന്ന അച്ഛൻ അസ്‌ലത്തിന് മകളുടെ ചികിത്സച്ചെലവുകൾക്കുപോലും വഴികണ്ടെത്താനാകാഞ്ഞതോടെ ഇവരുടെ വാടകവീട്ടിൽ സങ്കടങ്ങൾ നിറഞ്ഞു. ഞരമ്പുകളുടെ കുഴപ്പമായതിനാൽ ഏറെ ചികിത്സകൾ നടത്തിയിട്ടും നിറങ്ങളുടെ ലോകം അസ്‌നയ്ക്കുമുന്നിൽ തുറന്നില്ല. അമ്മ അസീനയാണ് അസ്‌നയ്ക്ക് കാഴ്ചയിലേക്കുള്ള ഊന്നുവടി. വീടിനായി ഏറെ വാതിലുകൾ മുട്ടി. ഒടുവിൽ തിരുവനന്തപുരം നഗരസഭയുടെ കൊഞ്ചിറവിള കല്ലടിമുഖത്തെ സമുച്ചയത്തിൽ ഒരു ഒറ്റമുറി ഫ്ളാറ്റ് അനുവദിച്ചു.

ഇതിനിടെ അന്ധവിദ്യാലയത്തിൽനിന്നുമാറി അസ്‌ന കുട്ടമശേരി ജി.എച്ച്.എസിൽനിന്ന് പത്താംതരം ഉയർന്ന മാർക്കോടെ പാസായി. രസതന്ത്രം അധ്യാപികയാകണമെന്ന മോഹത്തിന് മുന്നിലും കൺപോളകൾ തടസ്സംപറഞ്ഞ് ചിമ്മുകയാണ്. രസതന്ത്രലാബ് തനിക്ക് അപ്രാപ്യമായേക്കുമോ എന്നതാണ് പേടി.

പട്ടം ഗേൾസ് സ്കൂളിൽ കംപ്യൂട്ടർസയൻസിലാണ് ചേർന്നത്. ആദ്യദിനംതന്നെ അധ്യാപകർ പറഞ്ഞറിഞ്ഞ് ഈ ദേശീയ അവാർഡ് താരത്തെ പരിചയപ്പെടാൻ സഹപാഠികൾ ചുറ്റുംകൂടി. ‘കേൾക്കാതിരിക്കാനാകാത്ത ശബ്ദങ്ങളിലൂടെ, കാണാതിരിക്കാനാകാത്ത കാഴ്ചകളെ തേടുന്ന ഒരു അഞ്ചര വയസ്സുകാരി’ പാഠപുസ്തകത്തിലെ ഈ വരികൾ അവർ അവളെ വായിച്ചുകേൾപ്പിച്ചു.

Content Highlights: asna, blind student and national film award winner