കോട്ടയം: ‘ചേച്ചീ ഇത് എന്നുതീരും... എന്നുവരെ ഇങ്ങനെ ഇരിക്കേണ്ടിവരും’- നിരീക്ഷണത്തിൽ കഴിയുന്ന ഒരാൾ സി.കെ. രജനിയെന്ന ആരോഗ്യപ്രവർത്തകയോട് ചോദിച്ചു. സമൂഹത്തിന് വേണ്ടിയാണ് താങ്കൾ ഇങ്ങനെ ഇരിക്കുന്നതെന്നായിരുന്നു രജനിയുടെ മറുപടി.

“ഇന്നൊരു ദിവസം ഞാൻ ബിരിയാണി കഴിച്ചോട്ടെ?” നിരീക്ഷണത്തിലുള്ള യുവാവ് ആരോഗ്യപ്രവർത്തകരോട് ചോദിച്ചു. “ഞാനത് ഓൺലൈനിൽ ബുക്കുചെയ്തു. അവർ ഗേറ്റിൽ ഭക്ഷണപ്പൊതി വെച്ചുപോകും. നാളെമുതൽ ചേച്ചിമാർ പഴയതുപോലെ ആഹാരം തരണം”. തിങ്കളാഴ്ച പ്രഭാതഭക്ഷണം നൽകി മടങ്ങിയപ്പോൾ നിരീക്ഷണത്തിലുള്ള യുവാവ് ഫോണിൽ അറിയിച്ചതാണിത്. യുവാവിന്റെ ആഗ്രഹത്തിന് സമ്മതംപറഞ്ഞ് അവർ അടുത്ത വീട്ടിലേക്ക് നടന്നു.

ഓൺലൈൻ ഭക്ഷണവിതരണക്കാർപോലും മടികൂടാതെ നിരീക്ഷണത്തിലുള്ളവരുടെ വീടിന്റെ സമീപംവരെ എത്താനുള്ള മനഃസ്ഥിതി കാട്ടിത്തുടങ്ങിയത് ഈ പ്രവർത്തകരുടെ നിരന്തര പ്രവർത്തനത്തിലൂടെയാണ്. കൊറോണ വായുവിലൂടെ പകരില്ല. ഒരു മീറ്റർ അകലെനിന്ന് സംസാരിക്കാം. സ്രവങ്ങൾ മറ്റുള്ളവരിലേക്ക് എത്താതെ നോക്കണം. ഇടയ്ക്കിടെ കൈകഴുകണം... ഞങ്ങളിതു പറഞ്ഞുകൊണ്ടേയിരിക്കുന്നു.

കൊറോണയ്ക്കെതിരായ പോരാട്ടത്തിൽ ഏറ്റവും താഴേത്തട്ടിൽ പ്രവർത്തിക്കുന്ന ആശാ പ്രവർത്തകർ കേരളത്തിന്റെ പ്രത്യാശയാകുന്നത് ഇത്തരം ഇടപെടലുകളിലൂടെയാണ്. അവർ എല്ലാദിവസവും നിരീക്ഷണത്തിലുള്ളവരുടെ വീടുകളിലെത്തുന്നു. അവർക്കുവേണ്ട സഹായങ്ങൾ ഉറപ്പാക്കുന്നു.

രണ്ടുപേർക്ക് കൊറോണ സ്ഥിരീകരിച്ച മാർച്ച് എട്ടിന് ചെങ്ങളം ഗ്രാമത്തിൽ ഹർത്താൽ ദിനം പോലെയായിരുന്നു. പേടിയുടെ കരിമ്പടംപുതച്ച് ഇൗ ഗ്രാമം പുറത്തിറങ്ങാതെയിരുന്നു. അപ്പോഴാണ് ജാഗ്രതയാണ് വേണ്ടതെന്നും ആശങ്കയല്ലന്നും പറഞ്ഞ് ആരോഗ്യപ്രവർത്തകരുടെ സംഘങ്ങൾ ഗ്രാമത്തിലേക്കിറങ്ങിയത്. അന്നുമുതൽ ഇന്നുവരെ ഇവർ വിശ്രമിക്കുന്നില്ല.

ചെങ്ങളം കളത്തിൽ വീട്ടിൽ അമിതാഭായിയുടെ വീട്ടിലാണ് ആശാപ്രവർത്തകരും ഡോക്ടർമാരും നഴ്സുമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും ഒത്തുചേരുക. ഇവിടെയാണ് ആഹാരവും തയ്യാറാക്കുക. 310 വീടുകളിൽ എല്ലാ ദിവസവും ഇവർ എത്തുന്നുണ്ട്. ഇവരാണ് വീട്ടിലുള്ളവരുടെ ആരോഗ്യകാര്യങ്ങൾ രേഖപ്പെടുത്തുക.

ഡോക്ടർമാരായ പ്രീമാ കാതറിൻ, സ്മിത, രാജേഷ് എന്നിവരാണ് നേതൃത്വം നൽകുന്നത്. പഞ്ചായത്തംഗം സി.ടി. രാജേഷ്, ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ടി. രാജേഷ്, അജിത്ത് കുമാർ, അജുമോൻ, മിനിമോൾ, കവിത, ലൈജു തുടങ്ങിയവരും സംഘത്തിലുണ്ട്.

Content Highlights: Asha volunteers, food and relief for those under observation