womens commission
വനിതാദിനാഘോഷത്തിന്റെ ഭാഗമായി ആദരിക്കുന്നതിനായി ഗൗരിയമ്മയെ
സന്ദർശിച്ച വനിതാ കമ്മിഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ | ഫോട്ടോ: സി. ബിജു

ആലപ്പുഴ: സമയം ഉച്ചയ്ക്ക് 12.30. സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈനും കമ്മിഷനംഗങ്ങളുംചേർന്ന് ആലപ്പുഴയിലെ കെ.ആർ.ഗൗരിയമ്മയുടെ വസതിയിലെത്തി.

വീടിന്റെ മുൻവാതിൽ പതിവുപോലെ പൂട്ടിക്കിടക്കുന്നു. പിന്നീട്, പിൻവാതിലിലൂടെ എത്തിയപ്പോഴേക്കും സുരക്ഷാ പോലീസ് അകത്തുനിന്ന് വാതിൽ തുറന്നു. വനിതാ കമ്മിഷനംഗങ്ങളെന്ന് പറഞ്ഞപ്പോൾ ഓരോരുത്തരായി പ്രവേശിക്കാമെന്ന് പറഞ്ഞു. അകത്തുകയറിയപ്പോൾ കാണുന്നത് കിടപ്പുമുറിക്ക് മുന്നിൽ ചൂരൽ കസേരയിലിരിക്കുന്ന ഗൗരിയമ്മ. ആൾക്കൂട്ടവും ബഹളവും കണ്ടപ്പോൾ പോലീസേ.. പോലീസേ.. എന്നൊരുവിളി.

അംഗങ്ങൾ ചേർന്ന് വനിതാ കമ്മിഷനംഗങ്ങളാണെന്നുപറഞ്ഞ് പരിചയപ്പെടുത്തിയതോടെ ഗൗരിയമ്മ ശാന്തയായി.

സ്വയം പരിചയപ്പെടുത്തി ജോസഫൈനും- ‘ഗൗരിയമ്മേ... എന്നെ മറന്നോ? ഇത് ഞാനാ ജോസഫൈൻ. വനിതാ കമ്മിഷൻ അധ്യക്ഷ. ഞാൻ മുമ്പൊരിക്കൽ വന്നിട്ടുണ്ട്. ഓർക്കുന്നുണ്ടോ?.’ ചോദ്യം കേട്ടപ്പോൾ നിങ്ങൾ എന്തിനാ വന്നേ എന്നായി ഗൗരിയമ്മ.

ഗൗരിയമ്മയെ ഒന്ന് ആദരിക്കാനാണ്. ആദരിച്ചോട്ടെ എന്ന് ചോദിച്ച് കൈയിൽ കരുതിയിരുന്ന പൊന്നാടയും മെമന്റോയും ഗൗരിയമ്മയ്ക്ക് നൽകി. ഗൗരിയമ്മയ്ക്കൊപ്പമുള്ള ചിത്രമെടുക്കാൻ അംഗങ്ങൾ ശ്രമിച്ചെങ്കിലും ‘മതി’യെന്ന പറച്ചിലിലൊതുക്കി പരിപാടി അവസാനിപ്പിച്ചു.

സംസ്ഥാന വനിതാ കമ്മിഷന്റെ അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോടനുബന്ധിച്ച് അമ്മമാരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് കെ.ആർ.ഗൗരിയമ്മയുടെ വീട് സന്ദർശിച്ചത്.

ഗൗരിയമ്മയ്ക്ക് തുല്യമായി ഗൗരിയമ്മ മാത്രമാണുള്ളതെന്നും ഇനിയൊരു ഗൗരിയമ്മ കേരളത്തിനുണ്ടാവുകയില്ലെന്നും സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞു. കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക വളർച്ചയിൽ ഗൗരിയമ്മ വഹിച്ചപങ്ക് നിസ്തുലമാണ്. ചരിത്രം എന്നും ഓർമിക്കുന്ന പങ്കാളിത്തമാണുള്ളത്. ഏറ്റവുമധികം ഗൗരിയമ്മയിലേക്ക് ആകർഷിച്ചത് തലയെടുപ്പാണ്. സ്ത്രീ പുരുഷ സമത്വം ആഗ്രഹിക്കുന്ന കാലത്ത് അന്തസ്സും അഭിമാനവുമെല്ലാം ഉറച്ചഭാഷയിൽ സമൂഹത്തിനുമുന്നിൽ പറയാൻ അവർക്ക് കഴിഞ്ഞു. എക്കാലത്തെയും ഗൗരിയമ്മയുടെ ധീരതയെ വണങ്ങുന്നു.- ജോസഫൈൻ പറഞ്ഞു.

കമ്മിഷനംഗങ്ങളായ എം.എസ്.താര, ഷാഹിദാകമാൽ, ഷിജി ശിവജി, ഇ.എം.രാധ, മെമ്പർ സെക്രട്ടറി ഉഷാറാണി, പി.ആർ.ഒ. കെ.ദീപ എന്നിവരും സന്ദർശന പരിപാടിയിൽ പങ്കുചേർന്നു.

content highlights; As part of Womens Day, Womens Commission honored Gowri Amma