തിരുവനന്തപുരം: മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് 40 ലക്ഷം രൂപ കൈപ്പറ്റിയെന്ന സരിത എസ്. നായരുടെ പരാതിയിൽ വിജിലൻസ് അന്വേഷണം നടത്താൻ മന്ത്രിസഭ തീരുമാനിച്ചു. മുൻ മന്ത്രിയായതിനാൽ ഗവർണറുടെ മുൻകൂർ അനുമതി തേടും.

സൗരോർജ പ്ലാന്റുകൾ സ്ഥാപിക്കാനുതകുന്ന തരത്തിൽ സൗരോർജ നയം രൂപവത്കരിക്കുന്നതിന് രണ്ടുതവണയായി കൈക്കൂലി വാങ്ങിയെന്നാണ് പരാതി. ഔദ്യാഗികപദവി ദുരുപയോഗം ചെയ്തുവെന്നായിരുന്നു ആരോപണം.

25 ലക്ഷം രൂപ വൈദ്യുതി മന്ത്രിയുടെ ഔദ്യോഗിക വസതിയിലും 15 ലക്ഷം രൂപ കോട്ടയത്ത്‌ നടന്ന ഒരു ചടങ്ങിലും കൈമാറിയെന്ന് സോളാർ കേസ് അന്വേഷിച്ച ജുഡീഷ്യൽ കമ്മിഷന് സരിത മൊഴി നൽകിയിരുന്നു. ചടങ്ങിൽ സരിതയുടെ കമ്പനിയെ ആര്യാടൻ പുകഴ്ത്തുന്ന സി.ഡി.യും സരിത കൈമാറിയിരുന്നു.

ഒരു സൗകര്യവും ചെയ്തുകൊടുത്തില്ല -ആര്യാടൻ

നിലമ്പൂർ: വൈദ്യുതി മന്ത്രിയായിരിക്കേ സരിതാ നായർക്ക് ഒരു സൗകര്യവും ചെയ്തുകൊടുത്തിട്ടില്ലെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. ചില സൗകര്യങ്ങൾ ചെയ്തുതരണമെന്ന് പറഞ്ഞ് സരിത തന്നെ സമീപിച്ചപ്പോൾ തള്ളിക്കളയുകയാണുണ്ടായത്. തനിക്ക് 40 ലക്ഷവും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് രണ്ടു കോടി രൂപയും നൽകിയെന്ന് നേരത്തേ ഒരാൾ തൃശ്ശൂർ വിജിലൻസ് കോടതിയിൽ കേസ് നൽകിയിരുന്നു. ഇത് ഹൈക്കോടതി തള്ളിയതാണ്. പിന്നീട് നാലുവർഷത്തിന് ശേഷമാണ് ഒരു ഡിവൈ.എസ്.പി. കേസന്വേഷണവുമായി തന്നെ സമീപിച്ചിരുന്നത്. എന്തുതന്നെയായാലും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.