തിരുവനന്തപുരം: ‘‘അഞ്ചാം ക്ലാസുമുതൽ ഞാൻ പാർട്ടിയുടെ ഭാഗമാണ്. ഞങ്ങളുടേത് ഒരു പാർട്ടികുടുംബവും. പാർട്ടി ഏൽപ്പിക്കുന്ന ഉത്തരവാദിത്വങ്ങൾ എന്തായാലും ഏറ്റെടുക്കും’’ - രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകുന്നിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് 21 വയസ്സുകാരി ആര്യാ രാജേന്ദ്രൻ പ്രതികരിച്ചതിങ്ങനെ. നഗരസഭയിലെ ‘ബേബി’ കൗൺസിലറെത്തന്നെ തലസ്ഥാനത്തെ നയിക്കാൻ പാർട്ടി ചുമതലപ്പെടുത്തിയെന്ന വാർത്തകൾ വരുമ്പോൾ ആര്യയ്ക്കും കുടുംബത്തിനും ആദ്യം വിശ്വസിക്കാനായില്ല.

പൂജപ്പുര മുടവൻമുഗളിലെ ചെറുവഴിയരികിലെ വാടകവീട്ടിലേക്ക്‌ മാധ്യമങ്ങളുടെ ഘോഷയാത്ര എത്തിയപ്പോഴാണ് വലിയ ഉത്തരവാദിത്വങ്ങളുടെ ചരിത്ര യാഥാർഥ്യത്തിലേക്ക്‌ ആര്യയും എത്തുന്നത്. മുടവൻമുഗൾ കൗൺസിലറായ ആര്യ തിരുവനന്തപുരം ഓൾസെയിന്റ്‌സ് കോളേജിലെ രണ്ടാം വർഷ ബി.എസ്‌സി. മാത്തമാറ്റിക്‌സ് വിദ്യാർഥിനിയാണ്. ബാലസംഘം സംസ്ഥാന പ്രസിഡന്റും എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റും സംസ്ഥാന കമ്മിറ്റിയംഗവുമാണ്.

ആര്യയുടെ അച്ഛൻ രാജേന്ദ്രൻ ഇലക്‌ട്രീഷ്യനാണ്. അമ്മ ശ്രീകല എൽ.ഐ.സി. ഏജന്റും. സഹോദരൻ അരവിന്ദ് എൻജിനിയറിങ് പഠനത്തിനുശേഷം വിദേശത്ത് ജോലിചെയ്യുകയാണ്. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുൾപ്പെടെ പങ്കെടുത്ത സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് മേയർ സ്ഥാനത്തേക്ക്‌ ആര്യയെ പരിഗണിക്കാൻ തീരുമാനിച്ചത്. തിരുവനന്തപുരം നഗരത്തിന്റെ 46-ാമത്തെ മേയറും മൂന്നാമത്തെ വനിതാ മേയറുമാണ് ആര്യ.

content highlights: Arya rajendranto become thiruvananthapuram corporation mayor