കൊച്ചി: ഇനി പൊതുനിരത്തിലും മീഡിയനിലുമെല്ലാം തോന്നിയപടി പരസ്യം പതിക്കുന്നത് ശിക്ഷാര്‍ഹമാകും. റോഡിന്റെയും നടപ്പാതയുടെയും 50 മീറ്ററിനുള്ളില്‍ പരസ്യം പതിക്കുന്നത് നിരോധിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പരസ്യ നയം പുറത്തിറക്കി.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ഔട്ട്‌ഡോര്‍ അഡ്വര്‍ടൈസിങ് നയമാണ് പൊതുനിരത്തുകളിലെ പരസ്യം നിരോധിച്ചിരിക്കുന്നത്. ഇതനുസരിച്ച് റോഡിലും നടപ്പാതയിലും മീഡിയനിലുമൊന്നും പരസ്യം അനുവദിക്കില്ല. ബസ് സ്റ്റോപ്പിലും ബസ് ഷെല്‍ട്ടറുകളിലും കെ.എസ്.ഇ.ബി.യുടെ തൂണുകളിലും പരസ്യം പതിക്കാനാകില്ല. കെ.എസ്.ആര്‍.ടി.സി.യുടെ കീഴിലുള്ള നിര്‍മിതികളില്‍ പരസ്യം പതിക്കുന്നതിനും നയമനുസരിച്ച് വിലക്ക് വരും.
അംഗീകൃത ഏജന്‍സികളുടെ എതിര്‍പ്പില്ലാ രേഖ കിട്ടിയ ശേഷമാകണം പരസ്യം പതിക്കുന്നത്. മൂന്നുമാസത്തേക്ക് മാത്രമാണ് അനുമതി നല്‍കുക. എന്നാല്‍ നിശ്ചിത കാലയളവിലേക്ക് കൂടി നീട്ടാനാകും. ജില്ലാ റോഡ് സുരക്ഷാ കൗണ്‍സില്‍, റോഡിന്റെ ഉടമകളായ ഏജന്‍സി, റോഡ് അറ്റകുറ്റ വിഭാഗം എന്നിവരെല്ലാമാണ് മുന്‍കൂര്‍ അനുമതി നല്‍കേണ്ടതെന്നും നയത്തില്‍ വ്യക്തമാക്കുന്നു.
റോഡ് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പരസ്യ ബോര്‍ഡുകള്‍ മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയുടെ ഭാഗമായി നയത്തിന്റെ പകര്‍പ്പ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഡിജോ കാപ്പനാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
കഴിഞ്ഞ !ജൂണ്‍ 29-ലെ സര്‍ക്കാര്‍ ഉത്തരവനുസരിച്ച് സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഹോര്‍ഡിങ്ങും പരസ്യ ബോര്‍ഡുമെല്ലാം മാറ്റാന്‍ നിര്‍ദേശമുണ്ടായിരുന്നു. നയ രൂപവത്കരണത്തിനായി അത് പിന്നീട് മരവിപ്പിച്ചു.

നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് പ്ലാനിങ് ആന്‍ഡ് റിസര്‍ച്ച് സെന്ററിനെയാണ് കരട് നയ രൂപവത്കരണത്തിന് ചുമതലപ്പെടുത്തിയത്. 2015 ഒക്ടോബര്‍ 28 ന് കേരള റോഡ് സുരക്ഷാ അതോറിട്ടി യോഗം ചേര്‍ന്ന് നയം സര്‍ക്കാറിന് ശുപാര്‍ശ ചെയ്തു. അത് അംഗീകരിച്ച് 2016 ഫിബ്രവരി രണ്ടിന് ഉത്തരവിറക്കിയതായും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

നയത്തില്‍ ഇങ്ങനെ
* ട്രാഫിക് അടയാള സൂചകങ്ങള്‍, സിഗ്നല്‍ എന്നിവയുമായി ബന്ധപ്പെടുത്തി പരസ്യം പാടില്ല.
* വഴിയോര വിശ്രമ ബെഞ്ചുകളിലും പരസ്യത്തിന് വിലക്ക്.
* കടകള്‍ക്ക് മുന്നില്‍ നിയതമായ വലിപ്പത്തിലുള്ള ഡിസ്‌പ്ലേ ബോര്‍ഡുകള്‍ വയ്ക്കാം.
* ഷോപ്പിങ് മാളുകള്‍ക്ക് മുന്നില്‍ മാളിനുള്ളിലെ അതത് സ്ഥാപനങ്ങളെക്കുറിച്ച് വിവരം നല്‍കുന്ന സംയുക്ത ബോര്‍ഡാകാം.
* മൊബൈല്‍ പ്ലാറ്റ്‌ഫോമിലുള്ള പരസ്യങ്ങള്‍ (പരസ്യപ്രചാരണ വാഹനങ്ങള്‍) റോഡില്‍ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം അനുവദിക്കും. രാവിലെ 11.30 മുതല്‍ വൈകീട്ട് 3.30 വരെയും രാത്രി 8.30 മുതല്‍ പിറ്റേന്ന് രാവിലെ 7.30 വരെയും ഇത്തരം പരസ്യങ്ങളാകാം. എന്നാല്‍ പരസ്യങ്ങള്‍ വാഹനത്തിനു പുറത്തേക്ക് തള്ളിനില്‍ക്കരുത്. കാഴ്ചയ്ക്കുള്ള വെളിച്ചമേ ആകാവൂ. അലോസരമുണ്ടാക്കുന്ന തരത്തില്‍ തിളക്കമേറിയതാകരുത്. റെക്കോഡ് ചെയ്ത ശബ്ദവും അനൗണ്‍സ്‌മെന്റും അനുവദിക്കില്ല.
ഇത്തരം വാഹനങ്ങള്‍ നിര്‍ത്തിയിടുമ്പോള്‍ റോഡില്‍ നിന്ന് 10 മീറ്ററെങ്കിലും ദൂരെ മാറ്റി ഇടണം.
* കയര്‍ തുടങ്ങിയ താത്കാലിക സംവിധാനങ്ങളിലാകരുത് പരസ്യ ബോര്‍ഡുകള്‍ ഉറപ്പിക്കുന്നത്. ക്ലാമ്പ് വച്ച് ഉറപ്പിക്കണം.
* നടപ്പാത മുതലുള്ള റോഡ് ഭാഗങ്ങളെ പരസ്യങ്ങളില്‍ നിന്നുള്ള ശബ്ദവും വെളിച്ചവും ബാധിക്കരുത്.
* പൊതു ടോയ്‌ലെറ്റ്, മാലിന്യ ശേഖരണ കേന്ദ്രം എന്നിവിടങ്ങളില്‍ പരസ്യമാകാം.
* പാലങ്ങളിലും മേല്പാലത്തിന്റെ പാനലുകളിലും പരസ്യമാകാമെങ്കിലും കാറ്റടിച്ച് താഴേക്ക് വീഴാത്ത തരത്തിലാകണം.