കൊല്ലം: ഫയര്‍ ഫോഴ്‌സിന്റെ ആധുനികീകരണത്തിന് 170 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫയര്‍ ഫോഴ്‌സ് ജീവനക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നത് പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കൊല്ലത്ത് കേരള ഫയര്‍ സര്‍വീസസ് അസോസിയേഷന്റെ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മൂന്ന് ഘട്ടമായാണ് ആധുനികീകരണം. മുഖ്യമന്ത്രിയുമായി ആലോചിച്ചാണ് പാക്കേജ് തീരുമാനിച്ചതും നടപ്പാക്കുന്നതും. പോലീസുകാര്‍ക്ക് അടുത്ത മാര്‍ച്ച് മുതല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും. എന്നാല്‍ ഏറ്റവും അപകടംപിടിച്ച ജോലി ചെയ്യുന്ന ഫയര്‍ ഫോഴ്‌സുകാര്‍ക്ക് ഈ പരിരക്ഷ ഇപ്പോള്‍ ഇല്ല. ഇത് എങ്ങനെ നടപ്പാക്കുമെന്ന് ആലോചിക്കുകയാണ്. ജീവനക്കാരുടെ ശമ്പളപരിഷ്‌കരണത്തിലെ അപാകങ്ങള്‍ പരിഹരിക്കും.
 
നേരത്തേ 17 കോടി രൂപയായിരുന്നു ഫയര്‍ ഫോഴ്‌സിന് ബജറ്റിലെ വാര്‍ഷിക വിഹിതം. ഒന്നിനും തികയാത്ത ഈ തുക കണ്ട് ഞെട്ടിപ്പോയി. താന്‍ ഇടപെട്ടാണ് 34 കോടി രൂപയാക്കിയത്. ലോകത്ത് എല്ലാ രാജ്യങ്ങളിലും പോലീസിനേക്കാള്‍ പ്രാധാന്യം ഫയര്‍ ഫോഴ്‌സിനാണ്. ഇവിടാകട്ടെ കടുത്ത അവഗണനയും. ഇത് മാറണം. പോലീസിനേക്കാള്‍ അപകടകരമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന വിഭാഗമാണ് ഫയര്‍ ഫോഴ്‌സ്.

കാന്റീന്‍ സൗകര്യം, പി.എസ്.സി.യിലെ സീനീയോറിറ്റി പാലിക്കല്‍, സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങല്‍ തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കി. ആശ്രിതനിയമനങ്ങള്‍ ഇനി വൈകില്ല. പുതിയ സ്റ്റേഷനുകള്‍ തുടങ്ങിയതടക്കം ഒരുകാര്യവും രാഷ്ട്രീയം നോക്കിയല്ല നടപ്പാക്കിയത്. ഏതാനും സാറ്റലൈറ്റ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നടക്കാനുണ്ട്-മന്ത്രി പറഞ്ഞു.

പ്രതിനിധിസമ്മേളനം ഡി.സി.സി. വൈസ് പ്രസിഡന്റ് സൂരജ് രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എന്‍.കുര്യക്കോസ്, സെക്രട്ടറി ആര്‍.കെ.മുകുന്ദന്‍, സിബി വര്‍ഗീസ്, എ.ഷാജഹാന്‍, ബി.രാജേഷ്‌കുമാര്‍, മാര്‍ക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.