പിന്നീട് ഈ സ്വാമിനാഥന് ആനക്കര വടക്കത്ത് വീട്ടിലെ അമ്മുവിനെ എതിര്‍പ്പുകളുടെ വില്ലൊടിച്ച് വേട്ടു. സ്വാതന്ത്ര്യത്തിന്റെ ഉപ്പുകുറുക്കാന്‍ അടിയന്തരത്തിന്റെ കടലുകടഞ്ഞ് ഗാന്ധിജി നടത്തിയ യാത്രയില്‍ പിന്നീട് ഈ അമ്മയും സ്വാമിനാഥനും അണിചേര്‍ന്ന് മുന്‍നിരക്കാരായി. ഇവര്‍ക്ക് ജീവിതയാത്രയില്‍ ലക്ഷ്മിയെന്നും മൃണാളിനിയെന്നും പേരുള്ള രണ്ട് മക്കളുണ്ടായി. മദ്രാസിലെ കൊച്ചുബംഗ്ലാവിലും വടക്കത്തെ നാലുകെട്ടിലും ഉയര്‍ന്ന ഉറക്കുപാട്ടിനുപോലും അന്ന് 'രഘുപതിരാഘവ രാജാറാം' എന്ന വരികളുടെ ഈണമായിരുന്നു. എന്നിട്ടും ഈ കുട്ടിയുടെ ഹൃദയമിടിപ്പിനുപോലും ചിലങ്കയുടെ താളമായി.
മദ്രാസിലായിരുന്നു മൃണാളിനിയുടെ ബാല്യകാലപഠനമെങ്കിലും അവധികളിലെല്ലാം അവള് വടക്കത്ത് വീട്ടിലേക്ക് ഓടിയെത്തി.
താന്‍ നട്ട ചെമ്പകത്തിന് നീര് കൊടുക്കാതെ കുടിനീരിറക്കാത്ത മൃണാളിനിയെക്കുറിച്ച് ഓര്‍മകള്‍ മുറിഞ്ഞുപോകുംമുമ്പ് ജി. സുശീല എന്നും ഓര്‍ത്തുപറയുമായിരുന്നു. ഏതാണ്ട് സമപ്രായക്കാരായ ഇവര്‍ നെല്ലിന്‍തണ്ട് മണക്കുന്ന പാടവരമ്പുകളിലൂടെ നടന്നുകളിച്ചിരുന്നതിന്റെ ഓര്‍മകള്‍ അടുത്തിടെ മരിച്ച ചന്ദ്രേട്ടന് എല്ലാവരോടും പങ്കുവെക്കുമായിരുന്നു.
മകരമാസങ്ങളിലായിരുന്നു മിക്കപ്പോഴും മൃണാളിനിയുടെ നാട്ടിലേക്കുള്ള വരവ്.
'മഞ്ഞുകൊണ്ട് സൂക്കേട് വരുത്തേണ്ട' എന്ന സുശീലേടത്തിയുടെ ശാസന കേള്‍ക്കുംവരെ കുളത്തിലെ ജലചന്ദ്രനോട് വര്‍ത്തമാനം പറഞ്ഞിരിക്കുന്ന മൃണാളിനിയെക്കുറിച്ച് വീട്ടുകാര്‍ക്ക് ഓര്‍മയുണ്ട്.
മേടത്തില് കണ്ണുമിഴിക്കുന്ന ഉണ്ണിമാങ്ങകള്‍ തന്റെ ബലഹീനതയായിരുന്നെന്ന് ആത്മകഥയില്‍ മൃണാളിനി കുറിച്ചിട്ടുണ്ട്. അരനൂറ്റാണ്ട് മുമ്പ് വടക്കത്തെ വീട്ടുമുറ്റം മൃണാളിനിയുടെ നൃത്തസംഘമായ ദര്‍പ്പണയുടെ നൃത്ത അരങ്ങായി മാറിയിട്ടുണ്ട്.
ലക്ഷ്മിയേടത്തിക്ക് 'കലയുടെ കലികയറിയ പെണ്ണായിരുന്നു' മൃണാളിനി.
മകള്‍ മല്ലികെയ്ക്കാപ്പംനിന്ന് ഗുജറാത്തില്‍ മോദി ഭരണത്തിനെതിരെ അവര്‍ നടത്തിയ ഒറ്റപ്പെട്ട സമരങ്ങള്‍ സമീപകാല ചരിത്രം.
കഥകളികലാകാരന് ചാത്തുണ്ണിപ്പണിക്കരുടെ ശിഷ്യയായിരുന്ന മൃണാളിനി ടാഗോറിന്റെ വിശ്വഭാരതിയില്‍ നൃത്തംപഠിച്ചു.
വിക്രംസാരാഭായിയും അബ്ദുല്‍കലാമും ഉള്‍പ്പെടെയുള്ളവര്‍ വടക്കത്ത് വീട്ടിലെത്തുമ്പോള്‍ പൂമുഖത്ത് ചെറിയ നൃത്ത അരങ്ങുകള്‍ നടന്നിരുന്നു. സക്കീര്‍ഹുസൈന്റെ തബലയ്ക്കൊത്ത് മൃണാളിനി നൃത്തംചെയ്തതിന്റെ ഓര്‍മകള്‍ ഇന്നും വടക്കത്ത് വീടിന്റെ മനസ്സില്‍ മായാതെയുണ്ട്.
കാലത്തിരശ്ശീലയ്ക്ക് പിറകിലെ അരങ്ങിലേക്ക് അവര്‍ പടിയിറങ്ങുമ്പോള്‍ ആനക്കരയുടെ ഹൃദയത്തിലും ഒരു ചിലമ്പുടയുന്നപോലെ...