ആദ്യഘട്ടം 10 കിലോവാട്ട് വൈദ്യുതി
പിന്നില്‍ വയനാട്ടുകാരായ യുവ എന്‍ജിനീയര്‍മാര്‍

പടിഞ്ഞാറത്തറ (വയനാട്): ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോര്‍ജപ്പാടം വയനാട്ടിലെ ബാണാസുരസാഗറില്‍ തയ്യാറായി. വൈദ്യുതി ഉത്പാദന മേഖലയിലെ ബദല്‍ മാര്‍ഗങ്ങളില്‍ കുതിച്ചു ചാട്ടമുണ്ടാക്കാനാവുന്ന ആദ്യ കാല്‍വെപ്പാണ് ഇത്. ജനവരി 21-ന് ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നടക്കും. 10 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന ആദ്യ ഘട്ടം വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് സ്വിച്ച് ഓണ്‍ ചെയ്യും.
500 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സൗരോര്‍ജ ജ്വലന സംവിധാനമാണ് ഇവിടെ യാഥാര്‍ഥ്യമാവുക. പത്തുകോടിരൂപയാണ് ചെലവ്. തിരുവനന്തപുരം ആസ്ഥാനമായ അഡ്‌ടെക് സിസ്റ്റംസ് വറ്റ്‌സാ എനര്‍ജിയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക .
53800 ചതുരശ്രയടിയുള്ള കോണ്‍ക്രീറ്റ് പ്രതലത്തിലാണ് സോളാര്‍ പാനലുകള്‍ വിരിക്കുക. 260 വാട്ട്‌സുള്ള 1950 സോളാര്‍ പാനലുകള്‍ ഇതിനായി വേണ്ടിവരും.
മാസങ്ങള്‍ക്കുമുമ്പ് 10 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സൗരോര്‍ജ പാനലുകള്‍ പരീക്ഷണടിസ്ഥാനത്തില്‍ ഇവിടെ വിരിച്ചിരുന്നു. ദൗത്യം വിജയകരമായതോടെ പ്രോജക്ടുമായി മുന്നോട്ടുപോകാന്‍ കെ.എസ്.ഇ.ബി. തീരുമാനിച്ചു. വയനാട്ടുകാരായ അജയ് തോമസ്, വി.എം. സുധിന്‍ എന്ന യുവ എന്‍ജിനീയര്‍മാരാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചത്.
 

പിറന്നത് ഒഴുകുന്ന സൗരോര്‍ജപ്പാടം

പ്രചോദനം മാതൃഭൂമിയിലെ ലേഖനം

ഒഴുകുന്ന സൗരോര്‍ജപ്പാടം ഒരുങ്ങി
ഫ്‌ലോട്ടിങ് സോളാര്‍ എനര്‍ജി പ്രോജക്ടിന്റെ
അണിയറക്കാരായ അജയ് തോമസും (വലത്) വി.എം. സുധിനും

 

കല്പറ്റ: 2007ല്‍ മാതൃഭൂമി എഡിറ്റോറിയല്‍ പേജില്‍ പ്രൊഫ. ആര്‍.വി.ജി. മേനോന്‍ എഴുതിയ ഊര്‍ജസംരക്ഷണത്തെക്കുറിച്ചുള്ള ഒരു ലേഖനം. അതായിരുന്നു വയനാട്ടിലെ കമ്മന വാഴന്തോപ്പില്‍ അജയ് തോമസ് എന്ന സയന്‍സ് വിദ്യാര്‍ഥിയുടെ ജീവിതത്തില്‍  വഴിത്തിരിവായത്.
  ജലാശയത്തിനു മുകളില്‍ ഒഴുകിനടക്കുന്ന സൗരോര്‍ജപാനലുകളുടെ നിര്‍മിതിയിലേക്കാണ് ഈ ലേഖനം വഴികാട്ടിയായത്. പനമരം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ഈ ലേഖനം അജയ് വായിക്കുന്നത്. 
 പാരിസ്ഥിതികാഘാതമുണ്ടാക്കാത്ത വൈദ്യുതി ഉത്പാദന മാര്‍ഗങ്ങളാണ് വരുംകാലത്തിനു വേണ്ടതെന്ന, ലേഖനം മുന്നോട്ടുവെച്ച ആശയത്തെ അന്നുമുതല്‍ മനസ്സിലിട്ട് തലോലിച്ചു. പിന്നീട് വയനാട് എന്‍ജിനീയറിങ് കോളേജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങിനു ചേര്‍ന്നതോടെ സൗരോര്‍ജവൈദ്യുതി ഉത്പാദനത്തിന്റെ പുതുവഴികളിലേക്കു ഗവേഷണം നീണ്ടു. ഇവിടെനിന്നാണ് വെള്ളത്തിനു മുകളില്‍ ചലിപ്പിക്കാന്‍ കഴിയുന്ന വിധത്തിലുള്ള സൗരോര്‍ജപാനലുകള്‍ രൂപമെടുക്കുന്നത്.
വൈദ്യുതിക്ഷാമത്താല്‍ നട്ടംതിരിയുന്ന കേരളത്തില്‍ എന്തുകൊണ്ട് സര്‍ക്കാറിന് ഈ സോളാര്‍ ഫ്‌ലോട്ടിങ് സംവിധാനം ഉപയോഗിച്ചുകൂടാ എന്ന വിഷയവുമായാണ് വൈദ്യുതി ബോര്‍ഡിനു മുന്നില്‍ പ്രോജക്ടുമായി അജയ് എത്തിയത്. 2014ല്‍ ബി.ടെക്. പഠനം പൂര്‍ത്തിയാക്കിയശേഷം അതേ കോളേജില്‍ത്തന്നെ കുറച്ചുകാലം അജയിന്റെ  അധ്യാപകനായിരുന്ന, അയല്‍വാസികൂടിയായ വി.എം. സുധിനെക്കൂടി ഈ സംരംഭത്തിലേക്കു കൂട്ടി. ഒരു എനര്‍ജി കമ്പനി തുടങ്ങുകയെന്നതായിരുന്നു ലക്ഷ്യം. കഠിനപരിശ്രമത്താല്‍ വാറ്റ്‌സാ എന്ന എനര്‍ജി കമ്പനി അങ്ങനെ പിറന്നു.
 പ്രോജക്ടിന് ഒടുവില്‍ അനുമതിയായി. നാട്ടിന്‍പുറത്തെ സര്‍ക്കാര്‍വിദ്യാലയത്തില്‍ പഠിച്ച ഇവരുടെ മിടുക്കിനുള്ള അംഗീകാരമായി ആദ്യപ്രോജക്ട് വയനാട്ടില്‍ത്തന്നെയുള്ള ബാണാസുരസാഗറില്‍ പത്തു കിലോവാട്ട് ശേഷിയുള്ള ആദ്യപ്രോജക്ട് മൂന്നരവര്‍ഷത്തെ പ്രവര്‍ത്തനഫലമായി യാഥാര്‍ഥ്യമായി.    
20 ലക്ഷം രൂപ മുതല്‍മുടക്കിയ പദ്ധതിക്ക് 15 ലക്ഷം കെ.എസ്.ഇ.ബി. നല്‍കി. 80 സെ.മീ. കനത്തിലുള്ള, വായുനിറച്ച കോണ്‍ക്രീറ്റ് പാളികളുടെ മുകളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് ജലാശയത്തിനു മുകളില്‍ സ്വതന്ത്രമായി കിടക്കും. വെള്ളത്തിന്റെ ഏറ്റക്കുറച്ചിലുകളോ ഗതിമാറ്റങ്ങളോ ഒന്നും ഈ പാനല്‍ പ്രതലത്തെ ബാധിക്കില്ല. പാരിസ്ഥികാഘാതങ്ങളുണ്ടാക്കാത്ത തരത്തിലാണ് ഇവയുടെ നിര്‍മിതി.
 രാജ്യത്തെ ആദ്യത്തെ ഫ്‌ലോട്ടിങ് സോളാര്‍ എനര്‍ജി പ്രോജക്ട് ജനവരി 21ന് വൈദ്യുതിവകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ് സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ വലിയ മാറ്റങ്ങള്‍ക്കത് തുടക്കമിടും. 
 അഡ്‌ടെക്കിലെ എം.ആര്‍. നാരായണനുംകൂടി ചേര്‍ന്നതോടെ പദ്ധതി വിപുലമായി. 
 കമ്മനയിലെ റിട്ട. അധ്യാപകന്‍ തോമസിന്റെയും ഷീല തോമസിന്റെയും മകനാണ് അജയ്. ഇവിടെത്തന്നെയുള്ള  ചന്ദ്രാലയത്തില്‍ റിട്ട. തഹസില്‍ദാര്‍ പ്രഭാകരന്‍ നായരുടെയും ചന്ദ്രികയുടെയും മകനാണ് സുധിന്‍.