തിരുവനന്തപുരം : കേരളത്തിലെ തൊഴില്‍മേഖലയില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ശ്രമം വേണമെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. കേരളത്തില്‍ വനിതകളുടെ തൊഴില്‍ പങ്കാളിത്തം കുറവാണ്. ഈ സ്ഥിതി മാറണം. വികസനപ്രക്രിയയില്‍ സ്ത്രീകളുടെ പങ്കാളിത്തവും ലിംഗനീതിയും ഉറപ്പാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
 
നാലാം അന്താരാഷ്ട്ര പഠനകോണ്‍ഗ്രസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കാരാട്ട്.
സാമ്പത്തികവളര്‍ച്ചയ്‌ക്കൊപ്പം സാമൂഹിക അസമത്വങ്ങളും വളരുന്ന കേരളീയ സാഹചര്യത്തില്‍ സാധാരണക്കാരന് സംരക്ഷണം നല്‍കാന്‍ ഇടതുസര്‍ക്കാരിനു മാത്രമേ സാധിയ്ക്കൂ. നവ-ഉദാരീകരണ നയങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ വലതുപക്ഷ രാഷ്ട്രീയനയങ്ങള്‍ പിന്തുടരുന്ന ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ മാത്രമല്ല പലസംസ്ഥാനങ്ങളിലെയും പ്രമുഖ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലും അഭിപ്രായ സമന്വയമുണ്ട്.
 
ഇത് തുറന്നുകാട്ടപ്പെടണം. ജനാധിപത്യ ഭരണസംവിധാനത്തിന് കൂടുതല്‍ ആഴവും വ്യാപ്തിയും നല്‍കാന്‍ കേരളത്തില്‍ പഠനകോണ്‍ഗ്രസുകള്‍ പോലെ അര്‍ത്ഥപൂര്‍ണമായ ശ്രമങ്ങള്‍ നടക്കുമ്പോള്‍ മറ്റു പല സംസ്ഥാനങ്ങളിലും എതിര്‍ദിശയിലുള്ള നീക്കങ്ങള്‍ സജീവമാണ്. ജനാധിപത്യപ്രക്രിയയില്‍ നിന്നും പരമാവധി ജനങ്ങളെ അകറ്റാനാണ് ശ്രമം നടക്കുന്നത്. ജില്ലാപരിഷത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത നിശ്ചയിച്ച ഹരിയാന സര്‍ക്കാരിന്റെ നടപടി ഉദാഹരണമാണ്.
 
വിദ്യാഭ്യാസയോഗ്യതയ്ക്ക് പുറമേ ബാങ്കു വായ്പയുടേയും വൈദ്യതിചാര്‍ജ്ജിന്റേയും കുടിശികയുള്ള കര്‍ഷകര്‍ കൂടിയായപ്പോള്‍ മൊത്തം വോട്ടര്‍മാരില്‍ 50 ശതമാനത്തിലധികം പേരും തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയില്ലാത്തവരായി മാറി. ഹരിയാന സര്‍ക്കാരിന്റെ ഈ നീക്കം കോടതിയും ശരിവച്ചു. രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലും സമാനമായ നിയമങ്ങള്‍ നിലവിലുണ്ടെന്നും കാരാട്ട് പറഞ്ഞു.

പ്രകടനപത്രിക പഠനകോണ്‍ഗ്രസ് ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍-കോടിയേരി

അന്താരാഷ്ട്ര കേരള പഠനകോണ്‍ഗ്രസിലെ ചര്‍ച്ചകളിലുയര്‍ന്ന നിര്‍ദ്ദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പ്രകടനപത്രികയ്ക്ക് രൂപം നല്‍കുകയെന്ന് സമാപനച്ചടങ്ങില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിനായി 140 നിയമസഭാ മണ്ഡലങ്ങളിലെ ജനങ്ങളില്‍ നിന്നും അഭിപ്രായം തേടാന്‍ സെമിനാറുകള്‍ സംഘടിപ്പിക്കും.

പിണറായി വിജയന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന നവകേരളയാത്രയിലും ഇതു സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കും. വികസിതകേരളം യാഥാര്‍ത്ഥ്യമാകാന്‍ ഇച്ഛാശക്തിയുള്ള സര്‍ക്കാര്‍ വരണം.എല്‍.ഡി.എഫിന് ഭരണത്തുടര്‍ച്ച ലഭിച്ചിരുന്നുവെങ്കില്‍ കണ്ണൂര്‍ വിമാനത്താവളവും വിഴിഞ്ഞം തുറമുഖപദ്ധതിയും കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമെല്ലാം നേരത്തേ യാഥാര്‍ത്ഥ്യമാകുമായിരുന്നുവെന്നും കോടിയേരി പറഞ്ഞു.
 
അഴിമതി ഇന്ന് ഭരണരംഗത്ത് സര്‍വവ്യാപിയാണ്. ആറുമന്ത്രിമാര്‍ വിജിലന്‍സ് കേസുകളില്‍ പ്രതികളാണെന്നത് കേരളത്തില്‍ ആദ്യസംഭവമാണെന്നും കോടിയേരി പറഞ്ഞു. പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ. ബി. ഇക്ബാല്‍, ഉഴവൂര്‍ വിജയന്‍, ഡോ. ടി.എന്‍.സീമ എം.പി., ആര്‍. പാര്‍വതിദേവി എന്നിവരും സംസാരിച്ചു.