തിരുവനന്തപുരം : പാര്‍ട്ടിക്ക് ലഭിക്കുന്ന വിവിധ സര്‍ക്കാര്‍ ബോര്‍ഡുകളുടെയും കോര്‍പ്പറേഷനുകളുടെയും ഭാരവാഹികളെ നിശ്ചയിക്കാന്‍ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച തുടങ്ങി.
ജില്ലാക്കമ്മിറ്റികള്‍ നല്‍കിയ നേതാക്കളുടെ പട്ടികയും സി.പി.എമ്മിനു ലഭിക്കുന്ന ബോര്‍ഡുകളുടെ പട്ടികയും അടിസ്ഥാനമാക്കിയാണ് ബോര്‍ഡ്-കോര്‍പ്പറേഷനുകളുടെ ഭാരവാഹികളെ സെക്രട്ടേറിയറ്റ് നിശ്ചയിക്കുന്നത്.

കേരള ടൂറിസം വികസന കോര്‍പ്പറേഷന്‍ (കെ.ടി.ഡി.സി) ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍മന്ത്രി എം.വിജയകുമാറിനെയും കേരള സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അധ്യക്ഷനായി മുന്‍ എം.എല്‍.എ. കോലിയക്കോട് കൃഷ്ണന്‍ നായരെയും സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേരള കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.ജയമോഹനനെയും (കൊല്ലം) കാപ്പക്‌സ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് എസ്.സുദേവനെയും (കൊല്ലം) നിയമിച്ചേക്കും.

കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് (കെ.എസ്.ഐ.ഇ.) ചെയര്‍മാന്‍ സ്ഥാനം കേരള കോണ്‍ഗ്രസ് (സ്‌കറിയാ തോമസ് വിഭാഗം) നേതാവ് സ്‌കറിയാ തോമസിന് നല്‍കും.
കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായി സി.പി.എം. മുന്‍ ആലപ്പുഴ ജില്ലാസെക്രട്ടറി സി.ബി. ചന്ദ്രബാബുവിനെ നിയമിക്കുന്ന കാര്യത്തിലും ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായി ഡോ.രാജന്‍ ഗുരുക്കളെ നിയമിക്കുന്ന കാര്യത്തിലും ധാരണയായിട്ടുണ്ട്.

ഇതിനുപുറമേ എം.സി. ജോസഫൈന്‍, സി.എം.ദിനേശ് മണി, സി.എന്‍. മോഹനന്‍ (എറണാകുളം), അനന്ത ഗോപന്‍, ഫിലിപ്പോസ് തോമസ് (പത്തനംതിട്ട), കെ.വരദരാജന്‍, കെ.രാജഗോപാല്‍ (കൊല്ലം), മുന്‍ തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക, പി.എ.മുഹമ്മദ് റിയാസ് (കോഴിക്കോട്) എന്നിവരും വിവിധ ബോര്‍ഡുകളുടെ അധ്യക്ഷരാകുമെന്നാണ് സൂചന. സി.എം.പി. (അരവിന്ദാക്ഷന്‍ വിഭാഗം) ക്കും ആര്‍.എസ്.പി. (ലെനിനിസ്റ്റ്) ക്കും ഓരോ ബോര്‍ഡുകള്‍ നല്‍കാനും സി.പി.എമ്മില്‍ ധാരണയായിട്ടുണ്ട്.