ഹരിപ്പാട്: യു.ഡി.എഫ്. വിടാനുള്ള കേരള കോണ്‍ഗ്രസ് തീരുമാനം ജനാധിപത്യവിശ്വാസികളോടുള്ള വഞ്ചനയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു. ബാര്‍കോഴക്കേസില്‍ തന്റെ പേരില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം തിങ്കളാഴ്ച തിരുവനന്തപുരത്ത് മറുപടി പറയാമെന്നും ചെന്നിത്തല വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അധികാരം ലഭിച്ചിരുന്നെങ്കില്‍ കെ.എം. മാണി മുന്നണി വിടുമായിരുന്നോ? തദ്ദേശസ്വയംഭരണസ്ഥാപനങ്ങളില്‍ ബന്ധം തുടരുമെന്നാണ് കേരള കോണ്‍ഗ്രസ് നിലപാട്. അതിനര്‍ഥം അധികാരമുണ്ടെങ്കില്‍ മുന്നണിയില്‍ തുടരുമെന്നല്ലേ-ചെന്നിത്തല ചോദിച്ചു.

കേരള കോണ്‍ഗ്രസ് യു.ഡി.എഫില്‍ ഉണ്ടാകണമെന്നുതന്നെയായിരുന്നു കോണ്‍ഗ്രസ് താത്പര്യം. കേരള കോണ്‍ഗ്രസ്സിന് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന് ഇതുവരെയും മുന്നണിയില്‍ പറഞ്ഞിട്ടില്ല. ഏതെങ്കിലും ഫോറത്തില്‍ പ്രശ്‌നം ഉന്നയിക്കാതെയും ചര്‍ച്ചചെയ്യാതെയും മുന്നണി വിടാനുള്ള ഘടകകക്ഷിയുടെ തീരുമാനം കേട്ടുകേള്‍വി പോലുമില്ലാത്തതാണ്.
 
രണ്ടുമാസംമുമ്പ് യു.ഡി.എഫ്. സംവിധാനത്തില്‍നിന്ന് തിരഞ്ഞെടുപ്പ് നേരിട്ട പാര്‍ട്ടിയാണ് മുന്നണി വിടുന്നത്. ഇത്ര പെട്ടെന്ന് മുന്നണി വിടാനുള്ള കാരണം എന്താണെന്ന് പാര്‍ട്ടിയെയോ മുന്നണിയെയോ അറിയിച്ചിട്ടില്ല.
കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ ഭിന്നതയില്ലെന്ന് ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.
 
കോണ്‍ഗ്രസ് ഒറ്റക്കെട്ടാണ്. താന്‍ പ്രതിപക്ഷനേതാവായശേഷം കേരളാ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുമായി ആലോചിച്ചാണ് കാര്യങ്ങള്‍ ചെയ്തിരുന്നതെന്നും ചെന്നിത്തല പറഞ്ഞു.