തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് തൊട്ടടുത്ത സര്‍ക്കാര്‍ പ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തിയപ്പോള്‍ കണ്ടത് പതിറ്റാണ്ടുകളായി കെട്ടിക്കിടക്കുന്ന ആക്രിസാധനങ്ങളുടെ മഹാശേഖരം. അതും മാരക രോഗകാരണമായ കാരീയത്തിന്റെ കൂമ്പാരം.

പാമ്പുകള്‍ക്ക് മാളമൊരുക്കാന്‍ പോന്നവിധം കടലാസുകളുടെയും പാഴ്വസ്തുക്കളുടെയും കുന്നുകള്‍.ഇതെല്ലാംകണ്ട് തിരിച്ചിറങ്ങിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ''നിങ്ങള്‍ക്ക് ഗംഭീരമായ കുറെ ദൃശ്യങ്ങള്‍ നഷ്ടമായി. ഇവിടെയെല്ലാം പുരാവസ്തുക്കളാണ്. പുരാവസ്തുക്കളുടെ ശേഖരം സാധാരണ നല്ലകാര്യമാണ്. പക്ഷെ ഇവിടെയുള്ളത് അപകടകരമാണ്.''

രഹസ്യസ്വഭാവമുള്ള രേഖകള്‍ അച്ചടിക്കുന്ന സ്ഥലമായതിനാല്‍ മാധ്യമപ്രവര്‍ത്തകരെ പ്രവേശിപ്പിക്കാതെയാണ് മുഖ്യമന്ത്രി ശനിയാഴ്ച രാവിലെ സര്‍ക്കാര്‍ പ്രസ് സന്ദര്‍ശിച്ചത്. അദ്ദേഹത്തിന്റെ കീഴിലാണ് ഇപ്പോള്‍ അച്ചടിവകുപ്പ്.
 
സന്ദര്‍ശനം മുന്‍കൂട്ടി അറിയിക്കാതിരുന്നതുകാരണം ജീവനക്കാര്‍ അമ്പരന്നു. അരമണിക്കൂറോളം അദ്ദേഹം പ്രസിന്റെ വിവിധ ഭാഗങ്ങള്‍ നടന്നുകണ്ടു. ഈ പാഴ്വസ്തുക്കള്‍ എത്രയും പെട്ടെന്ന് നീക്കംചെയ്യാന്‍ അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

പ്രധാന കെട്ടിടത്തിന്റെ ആദ്യനിലയില്‍ മുഴുവന്‍ കാരീയം (ലെഡ്) കൊണ്ടുള്ള പഴയ ടൈപ്പുകളുടെ കൂമ്പാരമാണ്. ഇതുകാരണം ഈ കെട്ടിടം ഉപയോഗിക്കാനാവുന്നില്ല. ഏതാണ്ട് അരലക്ഷം കിലോഗ്രാമെങ്കിലും വരും ഇത്. പ്രസുകളില്‍ അച്ചുകള്‍ വേണ്ടാതായിട്ട് പതിറ്റാണ്ടുകളായി. എന്നിട്ടും സാങ്കേതിക നൂലാമാലകള്‍ കാരണം ഇതൊന്നും നീക്കംചെയ്തിട്ടില്ല. കോടികള്‍ വിലവരുന്നതാണ് ഇവ.
സര്‍ക്കാര്‍ വകുപ്പുകള്‍ വിവിധ രേഖകളുടെ ലക്ഷക്കണക്കിന് പ്രതികള്‍ അച്ചടിക്കാന്‍ ആവശ്യപ്പെടും.
 
എന്നാല്‍ ഇതില്‍ കുറെ പ്രതികള്‍ ഏറ്റെടുത്തശേഷം ബാക്കിയുള്ളവ പ്രസില്‍ത്തന്നെ ഉപേക്ഷിക്കും. ഇതെല്ലാം പ്രസ്സിലെ ഒരുകെട്ടിടത്തില്‍ കുന്നുകൂടി കിടക്കുന്നു. വിഷപ്പാമ്പുകള്‍ക്ക് പാര്‍ക്കാന്‍ പറ്റിയ അന്തരീക്ഷമാണിവിടെ. ഇതെല്ലാം നീക്കംചെയ്യുന്നത് അതത് വകുപ്പുകളുടെ ഉത്തരവാദിത്വമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ അച്ചടിമഷി ഉള്‍പ്പെടെ തുറസ്സായ സ്ഥലത്ത് കത്തിക്കുന്നതും അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ സാഹചര്യങ്ങളെപ്പറ്റി നീണ്ടകാലമായി പരാതി ഉന്നയിക്കുന്നുണ്ടെങ്കിലും ഇപ്പോഴാണ് വകുപ്പ് ഭരിക്കുന്ന മന്ത്രി പ്രസ് സന്ദര്‍ശിക്കുന്നത്. അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ, അച്ചടിയും സ്റ്റേഷനറിയും വകുപ്പ് സെക്രട്ടറി സുമന എന്‍.മേനോന്‍ എന്നിവര്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു.