എന്നാല്‍, ജിഷയുടെ ഫോണില്‍ ആകെയുണ്ടായിരുന്നത് 93 കോണ്ടാക്ട് നമ്പരുകള്‍ മാത്രം. 90 സെക്കന്ഡുകള്ക്കപ്പുറത്തേക്ക് പോകാത്ത ഫോണ്‍വിളികള്‍. വിളിച്ചതില്‍ മിക്കതും തൊഴിലാളികളെ.
കൊല്ലപ്പെട്ടവള്‍ക്ക് സ്വഭാവദൂഷ്യമുണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളാണോ മാധ്യമങ്ങളിലൂടെ നടക്കുന്നതെന്ന സംശയം ചില പോലീസുകാരെങ്കിലും ഉയര്‍ത്തി. ആണ്‍സുഹൃത്തെന്ന വാര്‍ത്ത കെട്ടുകഥയാണെന്നായിരുന്നു അന്വേഷണസംഘത്തിന് ലഭിച്ച തെളിവുകള്‍.
ജിഷയ്ക്ക് എടുത്തുപറയത്തക്ക ആണ്സൗഹൃദബന്ധങ്ങളില്ലായിരുന്നു. തന്നെത്തന്നെ ശ്രദ്ധാപൂര്‍വം കൊണ്ടുനടക്കുന്ന പെണ്‍കുട്ടി. പിടിയിലായ അമീറുള്‍ ഇസ്ലാമിന്റെ പക്കലും ജിഷയുടെ ഫോണ്നമ്പറില്ലായിരുന്നു. ജിഷയുടെ കൈവശം അമീറിന്റേതും. ആകെയുള്ളത് 'വര്‍ക്കര്‍ ഭായി' എന്നപേരില്‍ സേവുചെയ്ത ചില നമ്പറുകള്‍ മാത്രം. ഇത് മൂന്നുതൊഴിലാളികളുടേതായിരുന്നു. പ്രത്യേകിച്ച് ഏതെങ്കിലുമൊരാളുടേതായിരുന്നില്ല. അമീര്‍ ജിഷയുടെ വീട്ടില്‍ ജോലിക്കുവന്നിരുന്നുമില്ല.
ലോ കോളേജിലെ ജിഷയുടെ സുഹൃത്തുക്കളില്‍നിന്ന് പോലീസിനുലഭിച്ച അറിവുകള്‍ ആ പെണ്‍കുട്ടിയുടെ നിഷ്കളങ്കതയും ആത്മാഭിമാനവും വെളിവാക്കുന്നതായിരുന്നു. ഉച്ചഭക്ഷണസമയത്ത് ടിഫിന്‍ പാത്രവുമായി മറ്റൊരുമുറിയിലേക്ക് പോകുന്ന ജിഷ. കൂടെയിരുന്നു ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ചാലും അവള് ഒഴിഞ്ഞുമാറും.
ഒടുവിലൊരു കൂട്ടുകാരി അവള് കഴിക്കുന്നിടത്തേക്ക് അവളറിയാതെ ചെന്നു. വെറും പാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. കഴിക്കാന്‍ അതിലൊന്നുംതന്നെ ഉണ്ടായിരുന്നില്ല. ഇല്ലായ്മകള്‍ പങ്കുവെക്കാന്‍പോലും മടിച്ചിരുന്ന പെണ്‍കുട്ടി.
പെന്‍ക്യാമറ എന്തിനുവേണ്ടി
ആരുടെയോ ഭീഷണിയുള്ളതിനാലാണ് നിഗൂഢമായി പെന്‍ക്യാമറ ജിഷ വസ്ത്രത്തിലൊളിപ്പിച്ചതെന്നായിരുന്നു നിഗമനം. വാസ്തവം അതല്ലായിരുന്നു. പുറമ്പോക്കില്‍ താമസിക്കുന്ന ഒരമ്മയോടും മകളോടുമുള്ള ചിലരുടെ ചേഷ്ടകള്‍ വെളിച്ചത്തുകൊണ്ടുവരാനായിരുന്നു അത്.
പുറമ്പോക്കിനടുത്തും കനാല്‍ക്കരയിലും മൂത്രമൊഴിക്കാന്‍ ചിലര്‍ വരും. അതുംകഴിഞ്ഞ് അവര്‍ ജിഷയുടെ വീടിനുനേരേ അവയവപ്രദര്ശനം നടത്തുന്നത് അസഹനീയമായപ്പോള്‍ അതുപകര്ത്താന് അവളാലോചിച്ച വഴികളിലൊന്നായിരുന്നു അതെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
ഒരില അനങ്ങിയാല്‍ ചാടിയെഴുന്നേല്‍ക്കുന്ന അമ്മ
അമ്മയില്‍നിന്നും സഹോദരിയില്‍നിന്നും തീര്‍ത്തും വ്യത്യസ്തയായിരുന്നു ജിഷ. ലക്ഷ്യബോധമുണ്ടായിരുന്നു. പഠിച്ച് ഉയരങ്ങളിലെത്താന്‍ കൊതിച്ചു. ആ ലക്ഷ്യം മനസ്സിലാക്കിയ അമ്മ മകള്‍ക്ക് സുരക്ഷിതവലയം തീര്‍ക്കാന്‍ ശ്രമിച്ചു. മകള്ക്കുനേരേയുള്ള ആരുടെയെങ്കിലും അനാവശ്യമായുള്ള നോട്ടം പോലും വഴക്കുകളില്‍ കലാശിച്ചു. ചിലപ്പോള്‍ അമ്മയും മകളും തമ്മില്‍ കലഹിച്ചു. അത് കരുതലിന്റെയും സ്നേഹത്തിന്റെയും പുറത്തായിരുന്നു. അരക്ഷിതാവസ്ഥ അമ്മ രാജേശ്വരിയില്‍ മാനസികപിരിമുറുക്കം സൃഷ്ടിച്ചിരുന്നുവെന്ന് അന്വേഷകസംഘം കരുതുന്നു.