കൊച്ചി: ജിഷ വധക്കേസില്‍ പ്രതി പിടിയിലായെങ്കിലും തെളിവുകള്‍ കൂട്ടിയിണക്കുന്നതില്‍ പോലീസിന്റെ തലവേദന തുടരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കൃത്യമായി കണ്ടെത്താനാവാത്തതാണ് പ്രധാന വെല്ലുവിളി.
അമീറുള്‍ നാട്ടിലെത്തിയതിനെപ്പറ്റി അസമിലുള്ള ബന്ധുക്കള്‍ നല്‍കിയ മൊഴികളും പ്രതിയുടെ മൊഴികളും തമ്മിലുള്ള വൈരുധ്യവും പോലീസിനെ കുഴക്കുന്നുണ്ട്.

കൊലപാതകത്തിന് ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ പോലീസ് വ്യാപകമായ തിരച്ചിലാണ് നടത്തുന്നത്. ജിഷയുടെ വീടിന്റെ പരിസരവും സമീപ പ്രദേശങ്ങളും പോലീസിന്റെ പ്രത്യേക ടീം തിങ്കളാഴ്ച അരിച്ചുപെറുക്കിയിരുന്നു. ആയുധം കണ്ടെത്താനായില്ലെങ്കില്‍ പ്രോസിക്യൂഷന്‍ ദുര്‍ബലമാകുമെന്നത് പോലീസിനു മുന്നിലെ വലിയ വെല്ലുവിളിയാണ്.

ആയുധം കണ്ടെത്തുന്നതിലാണ് ഇപ്പോള്‍ അന്വേഷണ സംഘത്തിലെ പകുതിയിലേറെപ്പേരും ശ്രമിക്കുന്നതെന്നാണ് സൂചനകള്‍. കേസിലെ പ്രധാന തെളിവായിരുന്ന രക്തം പുരണ്ട കത്തിയും മഞ്ഞ ടീഷര്‍ട്ടും അമീറുള്‍ താമസിച്ച മുറിയില്‍ നിന്ന് കടത്തിയതായാണ് പോലീസിന് വിവരം ലഭിച്ചിരിക്കുന്നത്. അമീറുള്‍ അറസ്റ്റിലായതിന് ശേഷം അന്വേഷണ സംഘം കണ്ടെത്തിയ കത്തി ഉപയോഗിച്ചല്ല കൊലപാതകം നടത്തിയതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.

കത്തിയുടെ നീളവും ആകൃതിയും ജിഷയുടെ ശരീരത്തിലെ മുറിവുകളുമായി യോജിക്കുന്നതല്ല. ജിഷയെ കൊല്ലാന്‍ അമീറുള്‍ കത്തിയെടുത്തത് സുഹൃത്ത് അനാറുളിന്റെ കൈയില്‍ നിന്നാണെന്ന സൂചനയും പോലീസ് തള്ളിക്കളയുന്നില്ല. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷം അമീറുള്‍ അനാറുളിന്റെ മുറിയില്‍ നിന്ന് കത്തിയെടുത്ത് പുറത്തിറങ്ങിയെന്നാണ് സൂചനകള്‍. ജിഷയുടെ കാര്യം പറഞ്ഞ് അനാറുള്‍ കളിയാക്കിയതും അമീറുളിനെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നും പോലീസ് കരുതുന്നുണ്ട്.

അമീറുള്‍ താമസിച്ചിരുന്ന മുറിയില്‍ നിന്ന് വസ്ത്രങ്ങളടങ്ങിയ ബാഗ് കൊണ്ടുപോയത് അമീറുളിന്റെ രണ്ടാം ഭാര്യയുടെ ആദ്യ വിവാഹത്തിലെ മകനായിരുന്നു എന്ന് മൊഴിയുണ്ടായിരുന്നു. എന്നാല്‍ ബാഗില്‍ കത്തിയുണ്ടായിരുന്നില്ലെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

മുഷിഞ്ഞ വസ്ത്രങ്ങള്‍ ചവറുകൂനയില്‍ ഉപേക്ഷിച്ചതായും മൊഴിയുണ്ടായിരുന്നു. എന്നാല്‍ ഇവിടെ പരിശോധന നടത്തിയ പോലീസിന് മഞ്ഞ ടീഷര്‍ട്ട് കണ്ടെത്താന്‍ കഴിഞ്ഞിട്ടുമില്ല. കത്തി ഉപേക്ഷിച്ചത് കനാലിലാണെന്ന് ആദ്യം പറഞ്ഞ അമീറുള്‍ പിന്നീട് ഇരിങ്ങോള്‍ കാവിലാണ് കത്തി ഉപേക്ഷിച്ചതെന്ന് മൊഴി മാറ്റിയതും പോലീസിനെ കുഴക്കുന്നുണ്ട്.

അമീറുളിന്റെ വിവരങ്ങള്‍ തിരക്കി അസമിലെത്തിയ അന്വേഷണ സംഘത്തിനും ചില മൊഴികളുടെ വൈരുധ്യം പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കൊലപാതകത്തിനു ശേഷം അസമിലേക്ക് പോയെന്നാണ് അമീറുളിന്റെ മൊഴി. എന്നാല്‍ തിരഞ്ഞെടുപ്പിനു മുമ്പ് അമീറുള്‍ വീട്ടിലെത്തിയെന്നാണ് പിതാവ് പോലീസിനോട് പറഞ്ഞത്. ഏപ്രില്‍ 11-നായിരുന്നു അസമിലെ വോട്ടെടുപ്പ്. ജിഷ കൊല്ലപ്പെടുന്നത് ഏപ്രില്‍ 28-നായിരുന്നു.

മെയ് അവസാനമാണ് അമീറുള്‍ നാട്ടില്‍ നിന്ന് മടങ്ങിയതെന്നും ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. അമീറുളിനെ കസ്റ്റഡിയില്‍ കിട്ടിയാല്‍ ഈ മൊഴികളിലെ സത്യം പുറത്തുകൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.