കൊച്ചി: സംസ്ഥാനത്തെ ഉത്സവങ്ങളിലും ആഘോഷങ്ങളിലും വെടിക്കെട്ടും ആന എഴുന്നള്ളിപ്പും നിരോധിക്കേണ്ട കാലം അതിക്രമിച്ചെന്ന് ഹൈക്കോടതി. കേരളത്തില്‍ മതപരമായ ചടങ്ങുകളെല്ലാം വെടിക്കെട്ടും ആന എഴുന്നള്ളിപ്പുംകൊണ്ട് മോടികൂട്ടുന്ന അനാരോഗ്യകരമായ സംസ്‌കാരം വളര്‍ന്നു വരികയാണെന്നും ജസ്റ്റിസ് പി. ഉബൈദ് ചൂണ്ടിക്കാട്ടി.
 
രാഷ്ട്രീയ ഭരണപ്രതിനിധികള്‍ റിമോട്ട് കണ്‍ട്രോള്‍ സ്വാധീനത്തില്‍ നിന്നും ബാഹ്യസമ്മര്‍ദ്ദങ്ങളില്‍ നിന്നും വിമുക്തരാകേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട ജാമ്യാപേക്ഷകള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ നിരീക്ഷണം. പരവൂരിലേത് യാദൃച്ഛികമായുണ്ടായ അപകടമാണെന്ന് കണക്കാക്കാനാകില്ലെന്നും കോടതി പറഞ്ഞു.
 
ഉത്സവങ്ങളോടനുബന്ധിച്ചും ചടങ്ങുകളോടനുബന്ധിച്ചും സ്‌ഫോടകവസ്തുക്കളും മറ്റും ഉപയോഗിക്കുന്നത് തടയാന്‍ മതിയായ നിയമങ്ങളുണ്ട്്. നിയമമില്ലാത്തതിന്റെയല്ല, അവ നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് തന്റേടമില്ലാത്തതാണ് പ്രശ്‌നം. അതുകൊണ്ടാണ് പുറ്റിങ്ങല്‍ പോലുള്ള ദുരന്തങ്ങളും കൂട്ടക്കുരുതിയും ആവര്‍ത്തിക്കുന്നത്.
 
പോലീസ്സേന ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ മലീമസമാണ്. രാഷ്ട്രീയവും മതപരവുമായ മറ്റ് താത്പര്യങ്ങള്‍ ഇവരെ ബാധിച്ചിരിക്കുന്നു. ഉദ്യോഗസ്ഥ വൃന്ദത്തില്‍ ശുദ്ധീകരണം ആവശ്യമാണ്. പോലീസ് ഓഫീസര്‍മാരും റവന്യൂ ഉദ്യോഗസ്ഥരുമെല്ലാം ഉറച്ചതും നേരായതുമായ നിലപാട് സ്വീകരിച്ചിരുന്നെങ്കില്‍ ഈ ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടാകില്ലായിരുന്നു.
 
സ്‌ഫോടക വസ്തു നിയമവും അനുബന്ധ ചട്ടങ്ങളും വഴി സ്‌ഫോടക വസ്തുക്കളുടെ നിര്‍മാണവും കൈവശം വയ്ക്കലും ഉപയോഗവും വില്പനയും ഇറക്കുമതിയും കയറ്റുമതിയുമെല്ലാം നിയന്ത്രിക്കാനാകും. സ്‌ഫോടക വസ്തു ഉപയോഗിച്ചുള്ള കുറ്റകൃത്യം തടയാനും നിയമമുണ്ട്. രാഷ്ട്രീയ സ്വാധീനത്തില്‍ നിന്നും ബാഹ്യസമര്‍ദത്തില്‍ നിന്നും സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ വിമുക്തമാകണം. ഇതിനുള്ള ആത്മാര്‍ത്ഥമായ ശ്രമം രാഷ്ട്രീയ ഭരണനേതൃത്വത്തില്‍ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.
 
പുറ്റിങ്ങലില്‍ രണ്ട് കരാറുകാര്‍ക്ക് കൂടി 30 കിലോ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിക്കാനാണ് അനുമതിയുണ്ടായിരുന്നത്. എന്നാല്‍ 5,000 കിലോയാണ് ഉപയോഗിച്ചത്. അത്രയും കൂടിയ അളവില്‍ ഉപയോഗിക്കുമ്പോള്‍ തന്നെ അപകടസാധ്യത മുന്‍കൂട്ടി കാണണമായിരുന്നു. അതുണ്ടായില്ല. വന്‍ സ്‌ഫോടകവസ്തു ഉപയോഗിച്ചുണ്ടായ കൂട്ടക്കുരുതിയെ യാദൃച്ഛികമായ അപകടമെന്ന് പറയാനാകില്ല. മനഃപ്പൂര്‍വമല്ലാത്ത നരഹത്യയാണുണ്ടായതെന്ന വാദം കോടതി തള്ളി. പ്രതികള്‍ക്കെതിരെ കൊലപാതക കുറ്റത്തിനുള്ള 302-ാം വകുപ്പ് ചുമത്തണോയെന്നതില്‍ ഇപ്പോള്‍ അഭിപ്രായത്തിന് മുതിരുന്നില്ലെന്നും കോടതി വ്യക്തമാക്കി.