ജനറല്‍ സീറ്റുകള്‍ 6,450 അണ്‍എയ്ഡഡ് സീറ്റുകള്‍ 19,667 ഹരിപ്പാട്: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ കഴിഞ്ഞ അധ്യയനവര്‍ഷം ഒഴിഞ്ഞുകിടന്നത് 28,418 പ്ലസ് വണ്‍ സീറ്റുകള്‍. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ മെരിറ്റ് സീറ്റുകളിലും മാനേജ്‌മെന്റ്, കമ്യൂണിറ്റി മെരിറ്റ്, അണ്‍എയ്ഡഡ് വിഭാഗങ്ങളിലുമെല്ലാം സീറ്റൊഴിവുണ്ടായിരുന്നു. എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ വിവരാവകാശ നിയമപ്രകാരം ശേഖരിച്ച രേഖകളിലാണ് ഇത് വ്യക്തമായത്.
 
ഏകജാലകംവഴിയുളള 6,450 ജനറല്‍ സീറ്റുകളാണ് ഒഴിഞ്ഞുകിടന്നത്. മാനേജ്‌മെന്റ് സീറ്റുകളില്‍ 1,120-നും കമ്യൂണിറ്റി വിഭാഗത്തില്‍ 1,181 സീറ്റിനും ആളെത്തിയില്ല. അണ്‍എയ്ഡഡ് സീറ്റുകളിലാണ് ഏറ്റവുമധികം ഒഴിവുണ്ടായിരുന്നത്- 19,667. തിരുവനന്തപുരം ജില്ലയില്‍മാത്രമാണ് എല്ലാ സീറ്റുകളിലും പ്രവേശനം നടന്നത്. 3,61,000 പ്ലസ് വണ്‍ സീറ്റുകളാണ് കഴിഞ്ഞ അധ്യയനവര്‍ഷം പ്രവേശനം തുടങ്ങിയപ്പോഴുണ്ടായിരുന്നത്. പിന്നീട്, 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളില്‍ ഭൂരിപക്ഷവും സര്‍ക്കാര്‍ ഉത്തരവനുസരിച്ച് സീറ്റ് വര്‍ധിപ്പിച്ചു. ഇതോടെ ആകെ സീറ്റുകള്‍ 4,10,619 ആയി ഉയര്‍ന്നു. ഇതില്‍ 28,418 സീറ്റുകളിലാണ് ആളില്ലാതിരുന്നത്.
 
കഴിഞ്ഞ അധ്യയനവര്‍ഷം 20 ശതമാനം വര്‍ധനയ്ക്കുശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലുണ്ടായിരുന്ന ആകെ സീറ്റുകള്‍ 1,69,140 ആയിരുന്നു. എയ്ഡഡ് സ്‌കൂളുകളില്‍ മെരിറ്റ് സീറ്റുകള്‍- 1,16,451. മാനേജ്‌മെന്റ് സീറ്റുകള്‍- 42696. കമ്യൂണിറ്റി ക്വാട്ട- 23,210. അണ്‍എയ്ഡഡ് സ്‌കൂളുകളിലെ ആകെ സീറ്റുകള്‍ 59,122 ആയിരുന്നു. ഇതെല്ലാം ചേര്‍ത്താണ് 4,10,619 സീറ്റായത്. ഇത്തവണ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സീറ്റുകള്‍ 3,56,730 ആണ്. 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കുമ്പോള്‍ കഴിഞ്ഞവര്‍ഷത്തേതിന് അടുത്തുവരും.
 
3,82,201 വിദ്യാര്‍ഥികളാണ് കഴിഞ്ഞവര്‍ഷം പ്ലസ് വണ്‍ പ്രവേശനം നേടിയത്. എന്നാല്‍, പ്ലസ് വണ്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തത് 3,74,565 പേര്‍മാത്രമാണ്. അഡ്മിഷന്‍ എടുത്തവരില്‍ 7,636 പേര്‍ കൊഴിഞ്ഞുപോയി. പ്ലസ് വണ്‍ പ്രവേശനം നേടിയശേഷം മറ്റ് കോഴ്‌സുകള്‍ക്ക് ചേര്‍ന്നവരും പഠനം ഉപേക്ഷിച്ചവരുമെല്ലാം ഈ കണക്കില്‍ വരുമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍, പ്രവേശനവുമായി ബന്ധപ്പെട്ട് കണക്കിലുണ്ടായ അപാകമാണിതെന്ന് അധ്യാപകസംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.